-->
ദാദാ സാഹേബ് അവാര്‍ഡ് ലഭിച്ച മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ച് നടി മഞ്ജു വാര്യര്‍. ' അഭിനന്ദനങ്ങള്‍ ലാലേട്ടാ. തലമുറകളെ പ്രചോദിപ്പിച്ചതിന് നന്ദി. ഞങ്ങളുടെ സ്വന്തം ആയതിനും നന്ദി' , എന്നാണ് മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കലാ- സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നിരവധി പേര്‍ താരത്തിന്റെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ചു.
2023ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം.