-->
മോഡലിംഗിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് ബോളിവുഡിന്റെ താരറാണിയായി മാറിയ അഭിനേത്രിയാണ് ദീപിക പുദകോണ്‍. അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ദീപികയ്ക്ക് കഴിഞ്ഞു. ദക്ഷിണേന്ത്യന്‍ സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച താരം കരിയര്‍ ബ്രേക്ക് പെര്‍ഫോമന്‍സായി മാറിയത് ഷാരൂഖ് ഖാനൊപ്പമുള്ള ഹിന്ദിയിലെ ആദ്യ ചിത്രം ‘ഓം ശാന്തി ഓം’ ആണ്. ബോളിവുഡും കടന്ന് ഹോളിവുഡിലും എത്തി നില്‍ക്കുന്ന ദീപികയുടെ പ്രശസ്തി താരത്തെ ഇന്ത്യന്‍ സിനിമയിലെ വിലപിടിപ്പുള്ള താരമാണ്.
കരിയറിലും സ്വകാര്യ ജീവിതത്തിലും തിളങ്ങി നില്‍ക്കുന്ന ദീപികയുടെ പേര് അടുത്തിടെ വിവാദങ്ങളില്‍ നിറയുന്നുണ്ട്. പ്രഭാസ് നായകനായ സ്പിരിറ്റില്‍ നിന്നും ദീപികയെ ഒഴിവാക്കിയതിനു പിന്നാലെ കല്‍ക്കിയുടെ രണ്ടാം ഭാഗത്തില്‍ നിന്നും താരത്തെ ഒഴിവാക്കിയെന്നതാണ് പുതിയ വിവാദം.
ഇപ്പോഴിതാ വിവാദങ്ങള്‍ നിറയുന്നതിനിടെ ഷാരൂഖ് ഖാന്റെ ഒപ്പം കൈപിടിച്ചിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ദീപിക പദുകോണ്‍. ആദ്യ സിനിമയില്‍ തന്നെ ഷാരൂഖ് തനിക്ക് പകർന്ന് നല്‍കിയ പാഠത്തെക്കുറിച്ചും തന്റെ തീരുമാനങ്ങളില്‍ ആ പാഠം എപ്പോഴും ഉണ്ടായിട്ടുണ്ടെന്നും ഒരു സിനിമയുടെ വിജയത്തേക്കാള്‍ വളരെ പ്രധാനമാണ് ആരുടെ കൂടെ ജോലി ചെയ്യുന്നതെന്നും താരം പോസ്റ്റില്‍ കുറിച്ചു.
‘‘18 വർഷങ്ങള്‍ക്ക് മുൻപ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം എന്നെ പഠിപ്പിച്ച ആദ്യ പാഠം, ഒരു സിനിമ ചെയ്യുന്നതില്‍ മാത്രമല്ല അതില്‍ നിങ്ങള്‍ ആരുമായി സഹകരിക്കുന്നു എന്നതും അതിന്റെ വിജയത്തേക്കാള്‍ വളരെ പ്രധാനമാണ് എന്നതാണ്. അതിനുശേഷം ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ആ പാഠം ഉണ്ട്, അതുകൊണ്ടായിരിക്കാം നമ്മള്‍ വീണ്ടും ഒരുമിച്ച് ആറാമത്തെ സിനിമ ചെയ്യുന്നത്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ദീപികയുടെ പോസ്റ്റ്. ദീപികയുടെ പോസ്റ്റിന് താഴെ ആരാധകരും സഹതാരങ്ങളുമൊക്കെ കമന്റുകള്‍ കുറിക്കുന്നുണ്ട്. ദീപികയുടെ ഭര്‍ത്താവും ബോളിവുഡിന്റെ സൂപ്പര്‍താരവുമായ രണ്‍വീര്‍ സിംഗ്, ‘ബെസ്റ്റസ്റ്റ് ബെസ്റ്റീസ്...’ എന്നാണ് കമന്റ് നല്‍കിയിരിക്കുന്നത്.
ദീപിക പദുകോണിനെ നാഗ് അശ്വിന്‍ ചിത്രമായ കല്‍ക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തില്‍ നിന്നും ഒഴിവാക്കിയെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു. പ്രഭാസും അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തിയ ആദ്യ ഭാഗം വന്‍ വിജയം നേടിയതാണ്, ദീപികയുടെ കഥാപാത്രത്തിന് ഏറെ പ്രശംസയും കിട്ടിയിരുന്നു. രണ്ടാം ഭാഗത്തില്‍ ദീപികയുടെ കഥാപാത്രത്തിന് ഏറെ പ്രാധാന്യം ഉള്ളപ്പോഴാണ് സിനിമയുടെ അണിറയപ്രവര്‍ത്തകര്‍ ഈ തീരുമാനമെടുത്തത്.
ദീപികയുടെ ഡിമാന്റുകളാണ് താരത്തെ മാറ്റുന്നതിലേക്ക് നിര്‍മാതാക്കളെ നയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയ്ക്ക് ആവശ്യമായ കമ്മിറ്റ്‌മെന്റ് ദീപികയുടെ ഭാഗത്തു നിന്നും ലഭിച്ചില്ലെന്നും താരവുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതുകൊണ്ടാണ് രണ്ടാം ഭാഗത്തില്‍ നിന്ന് ഒഴിവാക്കുന്നതെന്നും പരോക്ഷമായി നിര്‍മാതാക്കള്‍ കുറിച്ചിരുന്നു.
ആദ്യ ഭാഗത്തിലെ പ്രതിഫലത്തില്‍ നിന്നും 25 % വർദ്ധനവാണ് ദീപിക കല്‍ക്കി രണ്ടാം ഭാഗത്തിന് വേണ്ടി ചോദിച്ചുവെന്നും ജോലി സമയം ഏഴ് മണിക്കൂറായി കുറയ്ക്കണമെന്ന ആവശ്യവും ദീപിക വച്ചിരുന്നുവെന്നും, ദീപികയുടെ സഹായികളായി ഇരുപത്തിയഞ്ചോളം പേർ സെറ്റിലെത്തുമെന്നും ഇവർക്കെല്ലാം ആഡംബരമായ ഭക്ഷണവും താമസവും ആവശ്യപ്പെട്ടുവെന്നും, ആളുകളുടെ എണ്ണം കുറയ്ക്കാൻ പറഞ്ഞിട്ട് പോലും താരം അതിന് തയ്യാറില്ലെന്നുമാണ് റിപ്പോര്‍ട്ട്.
മുന്‍പ്, പ്രഭാസിനെ നായകനാക്കി അനിമല്‍ സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തില്‍ നിന്നും ദീപികയെ ആദ്യം പുറത്താക്കിയിരുന്നു. ദീപിക മുന്നോട്ടു വച്ച വിവിധ ഡിമാൻഡുകളാണ് സംവിധായകനെ ഉള്‍പ്പെടെ ചൊടിപ്പിച്ചതെന്നും അതിനാല്‍ അവർ താരത്തെ പ്രോജക്റ്റില്‍ നിന്ന് പുറത്താക്കിയെന്നുമാണ് അന്ന് വന്ന റിപ്പോര്‍ട്ടുകള്‍.