-->
കൊച്ചി: മുത്തങ്ങ സമരത്തിന്റെ പശ്ചാത്തലത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രം നരിവേട്ടയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു. അക്ഷരാര്‍ത്ഥത്തില്‍ അന്ന് മുത്തങ്ങയില്‍ നരനായാട്ടാണ് നടന്നതെന്നും മനുഷ്യരായ പോലീസുകാരെ ആരെയും അവിടെ കണ്ടിട്ടില്ലെന്നും സികെ ജാനു പറഞ്ഞു. സത്യം പറയാന്‍ സാധിക്കില്ലെങ്കില്‍ മിണ്ടാതിരിക്കുക എങ്കിലും ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
'മുത്തങ്ങ സമരത്തിന്റെ അവസാന ഭാഗമാണ് സിനിമയില്‍ കൃത്യമായിട്ട് ചെയ്തിരിക്കുന്നത്. അത് ശരിക്കും തെറ്റായ ഒരു മെസേജ് ആണ് ജനങ്ങളിലേക്ക് എത്തിച്ചു കൊടുത്തിരിക്കുന്നത്. ഇതാണ് മുത്തങ്ങയില്‍ അന്ന് നടന്നത് എന്നല്ലേ കാണുന്ന ജനങ്ങള്‍ വിചാരിക്കുക. ഭൂരിഭാഗം ആളുകളും മുത്തങ്ങയില്‍ എന്താണ് നടന്നിട്ടുള്ളത് എന്ന കാര്യം കണ്ടിട്ടില്ല. കുറേ മാധ്യമങ്ങളും വയനാട്ടിലുണ്ടായിരുന്ന കുറച്ച് ആളുകളും മാത്രമേ അത് കണ്ടിട്ടുള്ളൂ.
അല്ലാത്ത ആളുകളൊന്നും ഇത് കണ്ടിട്ടില്ല. ഒരു പോലീസുകാരന്‍ കുഞ്ഞിനെ പ്രൊട്ടക്ട് ചെയ്യുന്നു, എന്റെ കഥാപാത്രം അഭിനയിച്ച സ്ത്രീയെ സംരക്ഷിക്കുന്നു - ഇങ്ങനെ കുറേ സീനുകളൊക്കെ സിനിമയില്‍ കണ്ടു. അത് കൂടാതെ ഒരു ആറ് പേരെ കത്തിക്കുന്നു. ഇതൊന്നും ശരിക്കും മുത്തങ്ങയില്‍ നടന്നിട്ടുള്ള കാര്യങ്ങളല്ല. മുത്തങ്ങയില്‍ അന്ന് പോലീസുകാരുണ്ടായിരുന്നു. അവര്‍ക്ക് കാലും കൈയും ഉണ്ടായിരുന്നു, അവര്‍ ശരിക്കും അന്ന് വേട്ടപ്പട്ടികള്‍ക്ക് തുല്യരായിരുന്നു.
ആ കൂട്ടത്തില്‍ ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല ശരിക്കും, ആ സമയത്ത്. എല്ലാം മൃഗങ്ങളെപ്പോലെ, കടിച്ചു കീറുന്ന നിരന്തരം ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ആളുകളായിരുന്നു ശരിക്കും. ആരെയൊക്കെയോ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ട്, ആദിവാസിയായതു കൊണ്ട് സൗകര്യത്തിനനുസരിച്ച് അതിനെ മാറ്റി മറിച്ച് ജനങ്ങളിലേക്കെത്തിക്കുക എന്നു പറയുന്ന ആ ധാര്‍ഷ്ട്യ മനോഭാവമുണ്ടല്ലോ, അത് അത്ര നല്ലതല്ല ശരിക്കും.
ആദിവാസികള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ല, അത് നമ്മുടെ ഇഷ്ടം പോലെ, നമ്മുടെ സൗകര്യത്തിന് നമ്മുടെ ആളുകളെ സംരക്ഷിക്കാന്‍ വേണ്ടി ഉപയോഗിക്കാം എന്നൊരു ചിന്താഗതി തന്നെ ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ചോദിക്കട്ടെ വേറെ ഏതൊരു വിഭാഗമാണ് ഇത്തരമൊരു സമരം നടത്തിയിരുന്നതെങ്കില്‍ അവരോട് ചോദിക്കുകയും പറയുകയും ചെയ്യാതെ അവരുടെ അനുവാദമില്ലാതെ ഇങ്ങനെയൊരു സംഭവം ചെയ്യുമായിരുന്നോ.
ആദിവാസി ആയതുകൊണ്ടല്ലേ അവരിത് ചെയ്യുന്നത്. അതൊക്കെ ഒരു മാടമ്പി അടിമ മനോഭാവത്തില്‍ നിന്നുണ്ടാകുന്നതാണ്. അത് ശരിക്കും ആവര്‍ത്തിക്കാന്‍ പാടില്ല. സികെ ജാനു പറഞ്ഞു. സിനിമക്കാരാണെന്ന് പറഞ്ഞ് എന്റെയടുത്ത് വന്ന് കുറേ പേര്‍ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
പക്ഷേ നിങ്ങളുടെ കഥാപാത്രത്തെ ഈ സിനിമയിലെടുക്കുന്നുണ്ടെന്നോ, ഈ സമരത്തെക്കുറിച്ച് പറയുന്നുണ്ടെന്നോ ഒന്നും ആരും പറഞ്ഞിട്ടില്ല. അതൊക്കെ നടത്തേണ്ടത് ശരിക്കും ഒരു ജനാധിപത്യ മര്യാദയല്ലേ. ആദിവാസിയാണെന്നോര്‍ത്തിട്ട് ആര്‍ക്കും എപ്പോഴും എന്തും വിറ്റ് കാശാക്കുന്ന നാണ്യവിളയായിട്ട് മാത്രം കാണുന്ന ഈ മനോഭാവമുണ്ടല്ലോ, അത് ശരിക്കും മാറ്റേണ്ടതാണ്'. - സി കെ ജാനു പറഞ്ഞു.
'ഇതിപ്പോള്‍ സിനിമയെക്കുറിച്ചായിരുന്നില്ലല്ലോ ചര്‍ച്ചകള്‍ മുഴുവന്‍ വന്നത്. മുത്തങ്ങ സമരത്തെക്കുറിച്ച് അല്ലായിരുന്നോ എന്നും ജാനു ചോദിച്ചു. അങ്ങനെ വരുമ്പോള്‍ അതിന്റേതായ അന്തസ് പാലിക്കണ്ടേ. അത് പാലിച്ചിട്ടില്ല. അത് ആദിവാസി ആയതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നത്. നരവേട്ട തന്നെയായിരുന്നു അന്ന് നടന്നത്. ജീവനുള്ളിടത്തോളം കാലം അതൊന്നും മായ്ക്കാനോ മറക്കാനോ പറ്റില്ല.
അന്നത്തെ ആഘാതമേറ്റവരില്‍ പൂര്‍ണമായും തിരിച്ചു വരാത്ത ആളുകള്‍ ഇപ്പോഴുമുണ്ട്. ഇതിനെയൊക്കെ ശരിക്കും നിസാരമായി തെറ്റിദ്ധരിച്ച് ആളുകളിലേക്ക് കൊടുക്കുക എന്ന് പറയുന്നത്, ഒരു മാടമ്പി ധാര്‍ഷ്ട്യ മനോഭാവത്തില്‍ നിന്നു വരുന്നതല്ലേ. അങ്ങനെ വരാന്‍ പാടില്ല. ആദിവാസി ആണെന്നോര്‍ത്ത് എങ്ങനെയും വ്യാഖ്യാനിക്കാം എന്നാണോ.
അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല ശരിക്കും. അന്ന് അവിടെ മരിച്ചത് യോഗി അണ്ണനും പോലീസുകാരനും മാത്രമാണ്. വേറെയാരും മരിച്ചിട്ടൊന്നുമില്ല. ആറ് പേരെ തീയിട്ട് കൊല്ലുന്ന സീന്‍ സിനിമയില്‍ കണ്ടു. അതൊന്നും അവിടെ നടക്കാത്ത കാര്യമാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ ആദിവാസിയെ ഉപയോഗിക്കരുത്. അത്തരം കാര്യങ്ങളില്‍ ആളുകള്‍ക്ക് കൃത്യമായ നിലപാട് ഉണ്ടാകണം'. - ജാനു വ്യക്തമാക്കി.
'സിനിമ കാണാന്‍ ഞാന്‍ വൈകി. സിനിമ കണ്ടപ്പോള്‍ എനിക്ക് വളരെയധികം പ്രശ്‌നം തോന്നി. അന്ന് ആളുകള്‍ സഹിച്ച അവരുടെ വേദനയും ത്യാഗവുമൊക്കെ ലഘൂകരിച്ച് ഇല്ലാതാക്കി കൊണ്ട്, ഒരു പുതിയ ആശയം ജനങ്ങളിലേക്ക് കൊടുക്കുകയല്ലേ ചെയ്യുന്നത്. അത് ശരിക്കും തെറ്റല്ലേ അങ്ങനെ ചെയ്യുന്നത്.
യാഥാര്‍ഥ്യം എന്താണെന്നുള്ളത് കൊടുക്കാനുള്ള ചങ്കൂറ്റമില്ലെങ്കില്‍ അത് കൊടുക്കാതിരിക്കണം. അതാണ് ചെയ്യേണ്ടത്'.- സികെ ജാനു കൂട്ടിച്ചേര്‍ത്തു.