-->
തിരുവനന്തപരും: സര്‍ക്കാരും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് അയ്യപ്പന്റെ നാലുകിലോ സ്വര്‍ണ്ണമാണ് അടിച്ചുമാറ്റിയിരിക്കുന്നതെന്നും അതിന്റെ പാപം മറയ്ക്കാനാണ് അയ്യപ്പസംഗമം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ്. നാലുകിലോ സ്വര്‍ണ്ണം കൊള്ളയടിച്ചതായി ഹൈക്കോടതി തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഭരണത്തിലേറി പത്താം വര്‍ഷമാണോ ശബരിമല മാസ്റ്റര്‍പ്ലാനെക്കുറിച്ച് ആലോചിച്ചതെന്നും ചോദിച്ചു. വിഷയം ഉന്നയിച്ച് നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയതിന് പിന്നാലെ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് വി.ഡി. സതീശന്‍ നടത്തിയത്.
ശബരിമലയുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും അതിന് മറുപടി സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലം തിരുത്താന്‍ തയ്യാറാണോ എന്നതാണ് ആദ്യ ചോദ്യമെന്നും ഇതുമായി ബന്ധപ്പെട്ട നാമജപ ഘോഷയാത്രയ്ക്ക് എതിരേ ഉള്‍പ്പെടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ക്കും സ്ത്രീകള്‍ക്കും എതിരേ എടുത്ത കേസ് പിന്‍വലിക്കുമോ ഒമ്പത് വര്‍ഷം ഒരു പരിപാടിയും നടത്താത്ത സര്‍ക്കാര്‍ പത്താം വര്‍ഷം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിലെ യുക്തി എന്താണ് എന്നീ മൂന്ന് ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണമെന്നും പറഞ്ഞു.
അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട പ്രചരണത്തില്‍ മുഴുവന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമാണ്. അയ്യപ്പനുമില്ല ദേവസ്വംബോര്‍ഡ് പ്രസിഡന്റുമില്ലെന്നും അദ്ദേഹത്തെ ഫുഡ്കമ്മറ്റിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പറഞ്ഞു. അയ്യപ്പസംഗമം കൊണ്ടുണ്ടായ പ്രധാന ഗുണം ജനം മറന്നിരുന്ന പഴയ കാര്യങ്ങള്‍ ഓര്‍പ്പിക്കാന്‍ കഴിഞ്ഞു എന്നതാണെന്നും പറഞ്ഞു. നിയമസഭയില്‍ എല്ലാ ദിവസവും രണ്ടുമണിക്കൂര്‍ ചര്‍ച്ച നടത്തിയ സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പന്റെ സ്വര്‍ണ്ണം അടിച്ചുമാറ്റിയ വിഷയം വന്നപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസവും തലകുനിച്ച് ഇറങ്ങിപ്പോയ സര്‍ക്കാര്‍ അയ്യപ്പന്റെ സ്വര്‍ണ്ണം ഉദ്യോഗസ്ഥര്‍ മുക്കിയ കാര്യം പറയുമ്പോള്‍ ചര്‍ച്ചയില്ലെന്നും പറഞ്ഞു.
സര്‍ക്കാരിനെതിരേ എംഎല്‍എ മാര്‍ സഭയുടെ കവാടത്തില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ കെ.എസ്.യു. നടത്തിവരുന്ന സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും പറഞ്ഞു. അതേസമയം എസ്‌ഐആറിനെതിരേ നടക്കുന്ന സമരത്തില്‍ ഒരുമിച്ച് നില്‍ക്കും. ഇതിനെതിരായ കേരള പ്രമേയത്തിന് പിന്തുണ നല്‍കുമെന്നും പറഞ്ഞു. എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കാനും മറന്നില്ല. 2002 ന് ശേഷം പട്ടികയില്‍ നിന്നും പുറത്തുപോയത് അമ്പത്തിരണ്ടരലക്ഷം ജനങ്ങളാണ്. അവരെ പട്ടികയില്‍ തിരികെ കൊണ്ടുവരുന്നത് ശ്രമകരമായ ജോലിയാണെന്നും പറഞ്ഞു.