-->
പ്രേമം സിനിമയില്‍ മേരി ആയി എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. ഇപ്പോഴിതാ തന്റെ സുഹൃത്തിനെ കുറിച്ച് അനുപമ പങ്കുവെച്ച വൈകാരികമായ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. ചില പ്രശ്‌നങ്ങള്‍ കാരണം ഒരുപാട് നാളായി മിണ്ടാതിരുന്ന ഒരു സുഹൃത്ത് തനിക്ക് മെസേജ് അയച്ചുവെന്നും, എന്നാല്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാവേണ്ട എന്ന് കരുതി താന്‍ അത് അവഗണിച്ചുവെന്നും അനുപമ പറയുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് ആ സുഹൃത്തിന്റെ മരണ വാര്‍ത്തയാണ് തന്നെ തേടിയെത്തിയതെന്നും അനുപമ പറയുന്നു.
'വളരെ കാലങ്ങളായുള്ള സുഹൃത്താണ്. ചില പ്രശ്നങ്ങള്‍ ഉണ്ടായത് കാരണം കുറേനാളുകളായി ടച്ചിലായിരുന്നില്ല. ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം അവന്‍ മെസേജ് അയച്ചു. അതിന് രണ്ട് ദിവസം മുമ്പ് എവിടെയോ വച്ച് ഞാന്‍ അവനെ കണ്ടിരുന്നു. മെസേജ് അയച്ചപ്പോള്‍ എന്തിനാണ് വീണ്ടും പ്രശ്നങ്ങള്‍ എന്നു കരുതി ഞാന്‍ മറുപടി നല്‍കിയില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ മരിച്ചു.
അവന് ക്യാന്‍സറായിരുന്നു. എനിക്കത് അറിയില്ലായിരുന്നു. അവന്‍ അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു. അതിന് മറുപടി നല്‍കാനായില്ല. ആ സംഭവം വല്ലാതെ ഭയപ്പെടുത്തി. നമ്മളുമായി വളരെ അടുപ്പമുള്ളവരുമായി പിണങ്ങി മിണ്ടാതായ ശേഷം ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയാല്‍ അതൊരു മോശം ഓര്‍മയാകും.' സൗത്ത് വാലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുപമയുടെ പ്രതികരണം.