-->
മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമൊക്കെയാണ് ബേസില്‍ ജോസഫ്. ഇപ്പോള്‍ ഒരു കൊച്ചു പെണ്‍കുട്ടി ബേസിലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.
ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന അച്ഛന്റെ ചോദ്യത്തിനു മറുപടി നല്‍കുകയാണ് കൊച്ചുമിടുക്കി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ബേസില്‍ ജോസഫ് ഇവരില്‍ ആരെയാണ് ഏറ്റവും കൂടുതല്‍ ഇഷ്ടമെന്നാണ് അച്ഛന്‍ ചോദിക്കുന്നത്.
ബേസിലോ അതേതാ നടന്‍ എന്നായിരുന്നു കുട്ടിയുടെ മറുചോദ്യം. ടാബില്‍ ബേസിലിന്റെ പടം കാണിച്ചുകൊടുക്കുമ്പോള്‍ ഇത് വീട്ടില്‍ മീന്‍ വില്‍ക്കാന്‍ വരുന്ന യൂസഫിക്കാ അല്ലേയെന്നാണ് കുട്ടി ചോദിക്കുന്നത്. അച്ഛന്‍ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ അല്ല താന്‍ കണ്ടിട്ടുണ്ടെന്നും സ്‌കൂട്ടറിന്റെ പുറകില്‍ വലിയ പെട്ടി മീന്‍ വച്ചോണ്ടാണ് വരുന്നതെന്നും ഇതാണ് യൂസഫിക്കായെന്നുമാണ് കുട്ടി പറയുന്നത്.
വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. സാക്ഷാല്‍ ബേസില്‍ ജോസഫും വീഡിയോയ്ക്ക് താഴെ മറുപടി നല്‍കിയിട്ടുണ്ട്. 'മോളേ നീ കേരളത്തിലോട്ട് വാ...കാണിച്ചു തരാം...രണ്ട് കിലോ മത്തിയും കൊണ്ടുവരാം,' എന്നാണ് ബേസിലിന്റെ രസകരമായ മറുപടി. ' ടെവിനോയുടെ ആള്‍ക്കാരാണെന്ന് തോന്നുന്നു' , ' എന്നാലും എന്റെ ബേസിലേ.. നിനക്ക് ഈ ഗതി വന്നല്ലോ' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.