Monday, March 16, 2026 Last Updated 10 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 18 Sep 2025 04.20 PM

'സ്‌നേഹത്തെ ഉപേക്ഷിച്ച് ഉത്തരവാദിത്തത്തിന് അടിമപ്പെട്ട മനുഷ്യന്‍, സുലോചന സേതുമാധവന്റെ ജീവിതത്തിലേക്ക് തിരിച്ചു പോകാന്‍ പാടില്ലായിരുന്നു' ; കുറിപ്പ്

anu chandra

മോഹന്‍ലാല്‍, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് ' മിഥുനം'. 1933ല്‍ റിലീസ് ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ശ്രീനിവാസനാണ്. സേതുമാധവന്‍ എന്ന കഥാപാത്രമായി മോഹന്‍ലാലെത്തിയപ്പോള്‍ സുലോചന എന്ന കഥാപാത്രത്തെയാണ് ഉര്‍വശി അവതരിപ്പിച്ചത്.

ഇപ്പോള്‍ ചിത്രത്തില്‍ സേതുമാധവന്റെ കഥാപാത്രം സുലോചനയോട് ചെയ്യുന്നതെല്ലാം സ്ത്രീ വിരുദ്ധമാണെന്ന് പറയുകയാണ് എഴുത്തുകാരിയും നിരൂപകയുമായ അനു ചന്ദ്ര. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനു ഇക്കാര്യങ്ങള്‍ കുറിച്ചിരിക്കുന്നത്.

ഉര്‍വശി - പണ്ടേതോ ഒരു സിനിമ മാഗസിനില്‍ വായിച്ചതോര്‍ക്കുന്നു. 'മിഥുനം' സിനിമയുടെ ക്ലൈമാക്‌സിനോട് ഉര്‍വശിക്ക് വിയോജിപ്പുണ്ടെന്ന്. ഉര്‍വശിയുമായി തയ്യാറാക്കിയ അഭിമുഖത്തിനിടയിലാണ് അവരത് പറഞ്ഞത്. സിനിമയുടെ ക്ലൈമാക്‌സില്‍ സുലോചന സേതുമാധവന്റെ ജീവിതത്തിലേക്ക് തിരിച്ചു പോകാന്‍ പാടില്ലായിരുന്നു എന്നായിരുന്നു ഉര്‍വശി അന്നതേപറ്റി അഭിപ്രായപ്പെട്ടത്. അവരെന്തുകൊണ്ടങ്ങനെ പറഞ്ഞു എന്നൊന്നും അന്നെനിക്കങ്ങനെ മനസിലായില്ല. പക്ഷേ സിനിമ ഇന്നൊന്നൂടെ കാണുമ്പോള്‍ എനിക്കത് വ്യക്തമാകുന്നുണ്ട്. അവരെന്തു കൊണ്ടങ്ങനെ പറഞ്ഞെന്ന്.

സത്യം പറഞ്ഞാല്‍ ഉര്‍വശി പറഞ്ഞതില്‍ തെറ്റൊന്നുമില്ല. സുലോചന സേതുമാധവന്റെ ജീവിതത്തിലേക്ക് തിരിച്ചു പോയാലും വലിയ കാര്യമൊന്നുമില്ല. കാരണം ഒരു സ്ത്രീയുടെ മാനസികാവശ്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവൊട്ടുമേ ഇല്ലാത്ത സേതുമാധവന്റെ കൂടെ സുലോചന ഇനിയും ജീവിക്കാന്‍ ഇറങ്ങിയാല്‍ അവള്‍ക്ക് ഭ്രാന്ത് പിടിക്കത്തെ ഒള്ളൂ. അല്ലെങ്കിലും സ്ത്രീകളുടെ മാനസികാവശ്യങ്ങളെ തിരിച്ചറിയാന്‍ കഴിവില്ലാത്ത ആണുങ്ങളെ എനിക്ക് റിയല്‍ ലൈഫില്‍ പോലും കണ്ണെടുത്താല്‍ കണ്ടൂടാ. പങ്കാളിയോട് ഒന്നും ഷെയര്‍ ചെയ്യാതെ, നേരെചൊവ്വേ ഒന്ന് സംസാരിക്ക പോലും ചെയ്യാതെ, എല്ലാ പ്രശ്‌നങ്ങളും ഉള്ളില്‍ അടക്കി വയ്ക്കുന്ന, സ്‌നേഹിക്കാന്‍ പോലും സമയം കണ്ടെത്താത്ത പുരുഷന്മാരൊക്കെ എന്തൊരു ദുരന്തമാണെന്ന് ഞാനാലോചിക്കാറുണ്ട്.

ഇവിടെ സേതുമാധവനാണെങ്കില്‍ പ്രശ്‌നങ്ങളൊക്കെ ഉള്ളില്‍ അടക്കി വച്ച്, സ്‌നേഹത്തെ ഉപേക്ഷിച്ച്, ഉത്തരവാദിത്തത്തിന് അടിമപ്പെട്ട്, പങ്കാളിയോട് ഒന്നും തുറന്നുപറയാന്‍ പോലും പറ്റാത്ത പുരുഷനാണ്. ഒടുക്കം ദാമ്പത്യത്തില്‍ പൊട്ടിത്തെറിയുണ്ടാകുമ്പോള്‍ അയാള്‍ ഗ്യാസ് ലൈറ്റ് ചെയ്യുന്നുണ്ട് അയാള്‍ പറയുന്നതൊന്നും മനസിലാക്കാനുള്ള ശേഷി സുലോചനക്കില്ലെന്ന്. അയാളെ അംഗീകരിക്കാനുള്ള മനസ്സവള്‍ക്കില്ലെന്ന്. പ്രേമിക്കുന്ന കാലത്തവള്‍ക്കയാള്‍ എഴുതിയ പ്രേമലേഖനത്തെ കുറിച്ച് പോലുമയാള്‍ സ്വയം പറയുന്നത് ജീവിതമെന്തെന്നറിയാത്ത കുട്ടികാലത്തു താനെഴുതിയ ചവറുകള്‍ എന്നാണ്. അതൊക്കെ ഇത്രയും കാലം സൂക്ഷിച്ച സുലോചന ഒരു മനോരോഗിയാണെന്ന് വരേയ്ക്കും അയാള്‍ പറയുന്നുണ്ട്. ബാലിശമായി അയാള്‍ എഴുതിയ കത്തുകളില്‍ കടിച്ചു തൂങ്ങി നില്‍ക്കുകയാണ് സുലോചനയെന്നാള്‍ കുറ്റപ്പെടുത്തുന്നുണ്ട് .പക്ഷേ ആ ചവറുകളില്‍ വിശ്വസിച്ചാണ് അവളയാളുടെ കൂടെ ജീവിക്കാന്‍ ഇറങ്ങി തിരിച്ചതെന്നത് വേറെ സത്യം.

ഒരു പെണ്ണിന്റെ സ്‌നേഹബോധത്തെ ചെറുതാക്കുക, അവളുടെ മനസ്സിനെ സെന്റിമെന്റല്‍ എന്ന് അവഗണിച്ച് പുച്ഛിക്കുക, തന്റെ തെറ്റുകള്‍ തുറന്ന് സമ്മതിക്കാന്‍ കഴിയാതെ, 'അവള്‍ ഒരു മനോരോഗിയാണെന്ന്' ആരോപിക്കുക - എന്തൊരു മോശം നായകനാണ് നായകനാണ് സേതുമാധവന്‍. വെറും ഈഗോസെന്‍ട്രിക് കഥാപാത്രം. തന്റെ വിഷമവും , തന്റെ ഉത്തരവാദിത്തവുമെല്ലാം തന്റെ കണ്ണിലൂടെ മാത്രം കാണുന്ന, ഭാര്യയുടെ മനോവ്യഥയും അവളുടെ ഒറ്റപ്പെടലും, അവളുടെ ആശ്രയാന്വേഷണവുമൊക്കെ മനസ്സിലാക്കാത്ത, തന്റെ വികാരങ്ങള്‍ തുറന്ന് പറയാനോ, അതുപോലെ ഭാര്യയുടെ വികാരങ്ങള്‍ കേള്‍ക്കാനോ കഴിവില്ലാത്ത വെറും ഈഗോസെന്‍ട്രിക് കഥാപാത്രമാണ് സേതുമാധവന്‍.ക്ലൈമാക്‌സില്‍ പോലും സ്വന്തം തെറ്റ് തിരുത്താത്ത, സുലോചനയുടെ യാഥാര്‍ത്ഥ്യത്തെ തന്നെ ചോദ്യം ചെയ്തവളെ കൊണ്ട് തന്നെ അവളാണ് തെറ്റ് ചെയ്തതെന്ന് പറയിപ്പിക്കുന്ന ഊള വ്യക്തിത്വമാണ് സേതു മാധവന്‍. ക്ലൈമാക്‌സില്‍ ' എനിക്കെന്റെ തെറ്റ് മനസിലാകുന്നു എന്ന് സുലോചന പറയുന്നയിടത്താണ് ' സേതുമാധവന്‍ സാറ്റിസ്ഫൈഡാകുന്നത്. അപ്പോള്‍ മാത്രമാണ് 'എങ്കില്‍ പിന്നെ പിരിയുന്നതെന്തിനാണ്' എന്ന ചോദ്യം സേതുമാധവനില്‍ നിന്ന് വീണ്ടും വരുന്നതും അയാള്‍ സുലോചനക്കൊപ്പം ഊട്ടിയിലേക്ക് തിരിക്കുന്നതും.

സത്യം പറഞ്ഞാല്‍ അത് കണ്ടപ്പോള്‍ എനിക്ക് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെയാണ് ഓര്‍മ്മ വന്നത്. ഭാര്യ ടേബിള്‍ മാനേഴ്സിനെ പറ്റി തമാശ പാഞ്ഞപ്പോള്‍ അതില്‍ ഈഗോ തകര്‍ന്നടിഞ്ഞ അയാള്‍ അന്ന് രാത്രി തന്നെ ഭാര്യയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നുണ്ട്. അവള് മാപ്പ് പറയുമ്പോഴാണ് അയാള്‍ അവളോട് വീണ്ടും കൂള്‍ ആകുന്നത്. അല്ലാതെ സ്വന്തം തെറ്റ് തിരിച്ചറിയുമ്പോഴല്ല. ആ നിലക്ക് അയാളും മിഥുനത്തിലെ ഭര്‍ത്താവും തമ്മിലെന്താ വ്യത്യാസം ? വ്യത്യാസം ഒന്നുമില്ല. രണ്ടും . ഈഗോയിസ്റ്റിക്കായ ഭര്‍ത്താക്കന്മാരാണ്! അപ്പോള്‍ പിന്നെ ഉര്‍വശി പറഞ്ഞതാണ് ശരി. സിനിമയുടെ ക്ലൈമാക്‌സില്‍ സുലോചന സേതുമാധവന്റെ ജീവിതത്തിലേക്ക് തിരിച്ചു പോകാന്‍ പാടില്ലായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW