-->
മലയാള സിനിമയില്‍ പുതുചരിത്രം സൃഷടിച്ച് മുന്നേറുകയാണ് ലേഡി സൂപ്പര്‍വുമണായി കല്യാണി പ്രിയദര്‍ശന്‍ മുഖ്യ വേഷത്തിലെത്തിയ ' ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'. ചിത്രം ഇതിനോടകം 200 കോടി ക്ലബ്ബില്‍ കയറിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. താന്‍ അഭിനയിച്ച സിനിമകള്‍ പോലും ഇത്രയും വലിയ ഹിറ്റായിട്ടില്ലെന്നും സിനിമയുടെ ഇത്ര വലിയ വിജയത്തെ ആര്‍ക്കും ആദ്യം വിശ്വസിക്കാനായില്ലെന്നും ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.
'ഒരു അഭിനേതാവ് എന്ന നിലയില്‍ പോലും എന്റെ ഒരു സിനിമയും ഇങ്ങനെ ഹിറ്റായിട്ടില്ല. ആദ്യ ഭാഗത്തില്‍ കുറിച്ച് നഷ്ടവും വരുമെന്നാണ് ഞങ്ങള്‍ കരുതിയത്. നല്ല സിനിമയാകും എന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു പക്ഷെ സിനിമയുടെ ബജറ്റും വലുതായിരുന്നു മാത്രമല്ല ആരും ആദ്യം സിനിമയെ ഏറ്റെടുക്കാന്‍ വന്നില്ല. ഇനി വരുന്ന ഭാഗങ്ങള്‍ കൂടുതല്‍ പൈസയുണ്ടാക്കും എന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള റിവ്യൂസും ആദ്യ ദിവസം മുതല്‍ ഞാന്‍ കണ്ടുതുടങ്ങി. അതുതന്നെ നല്ലൊരു സൂചനയായിരുന്നു. ഈ സിനിമയുടെ ഇത്ര വലിയ വിജയത്തെ ഞങ്ങള്‍ക്ക് ആര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല', ദുല്‍ഖറിന്റെ വാക്കുകള്‍.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്ലിന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഞ്ച് ഭാഗങ്ങളുളള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.