-->
ഭാര്യയുടേയും തന്റെയും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം പങ്കുവെച്ച് കന്നഡ നടനും സംവിധായകനുമായ ഉപേന്ദ്ര. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം പങ്കുവെച്ചത്. ആരും പണം അയക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഓണ്‍ലൈനായി വാങ്ങിയ ഉത്പന്നം ഡെലിവര്‍ ചെയ്യാന്‍ എന്ന വ്യാജേന വിളിച്ച ഫോണ്‍ കോള്‍ വഴിയാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ കന്നഡയിലുളള വീഡിയോ ഉപേന്ദ്ര പങ്കുവെച്ചു.' ഇന്ന് രാവിലെ ഭാര്യ പ്രിയങ്കയുടെ ഫോണില്‍ ഒരു കോള്‍ വന്നു. അവള്‍ വാങ്ങിയ ഉത്പന്നം ലഭിക്കാനായി ചില ഹാഷ്ടാഗുകളും നമ്പറുകളും ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. ഹാക്കര്‍ അവളുടെ ഫോണ്‍ ഹാക്ക് ചെയ്യുകയായിരുന്നു. ഇതറിയാതെ പ്രിയ തന്നോടും ഇത് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ രണ്ട് പേരുടേയും ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കരുതുന്നു. പണം ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ക്ക് മറുപടി ആരും അയക്കരുത്. പരാതി നല്‍കാന്‍ പോവുകയാണ്' എന്ന് ഉപേന്ദ്ര വീഡിയോയില്‍ വ്യക്തമാക്കി. അഭിനേതാവായ പ്രിയങ്കയും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഹാക്ക് ചെയ്യപ്പെട്ട വിവരം പങ്കുവെച്ചിട്ടുണ്ട്.