Friday, March 13, 2026 Last Updated 47 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 12 Sep 2025 10.39 AM

ബാഗില്‍ ഒളിപ്പിച്ചല്ല മുല്ലപ്പൂ കൊണ്ടുപോയത്, പണമടയ്ക്കാന്‍ 28 ദിവസത്തെ സമയമുണ്ട്, പിഴ ഒഴിവാക്കാന്‍ മെയില്‍ അയച്ചിട്ടുണ്ട്; നവ്യ നായര്‍

navya-nair
photo-instagram.com/navyanair143/

ഓസ്‌ട്രേലിയയിലേക്കുളള വിമാനയാത്രയ്ക്കിടെ മുല്ലപ്പൂ കൈവശം വെച്ചതിന് പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരിച്ച് നവ്യ നായര്‍. ബാഗില്‍ ഒളിപ്പിച്ചല്ല മുല്ലപ്പൂ തലയില്‍ വെച്ചാണ് താന്‍ യാത്ര ചെയ്തതെന്നും വലിയ പിഴവാണ് ഉണ്ടായതെന്നും എച്ച്ടി സിറ്റി സിംഗപ്പൂരിനോട് സംസാരിക്കവെ താരം വ്യക്തമാക്കി. സംഭവത്തില്‍ പിഴ ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവ്യ ഓസ്‌ട്രേലിയന്‍ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് മെയില്‍ അയച്ചു.

ശരിക്കും ഞെട്ടിപ്പോയി. ഇതൊരു കാര്യമായ പിഴയാണ്. ബാഗില്‍ ഒളിപ്പിച്ചു വെച്ചല്ല മുല്ലപ്പൂ കൊണ്ടുപോയത്. അവ എന്റെ തലയിലായിരുന്നു. എന്നാല്‍ യാത്രയ്ക്കു മുമ്പ് അത് ഡിക്ലയര്‍ ചെയ്യാന്‍ വിട്ടുപോയി. ചെടികളുടെ ഭാഗങ്ങളും പൂക്കളുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു എന്ന് അവര്‍ പറഞ്ഞു. യാത്രയുടെ തുടക്കത്തില്‍ പൂക്കള്‍ എന്റെ ബാഗില്‍ വെച്ചിരുന്നതുകൊണ്ട് സ്‌നിഫര്‍ ഡോഗ്‌സ് അത് മണത്തു.

പണമടയ്ക്കാന്‍ 28 ദിവസത്തെ സമയമുണ്ട്. ഈ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ഒരു മെയില്‍ അയക്കാമെന്ന് അവര്‍ എന്നോട് പറഞ്ഞു. അതുകൊണ്ട് അന്ന് രാത്രി തന്നെ ഞാന്‍ അവര്‍ക്കൊരു മെയില്‍ അയച്ചു. ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുളള മറുപടിക്കായി കാത്തിരിക്കുകയാണ്. സാധാരണ 300 ഡോളറാണ് പിഴ ഈടാക്കുന്നതെന്ന് പല ലേഖനങ്ങളിലും വായിച്ചിട്ടുണ്ട്. എന്നാല്‍ എന്നില്‍ നിന്ന് 1980 ഓസ്‌ട്രേലിയന്‍ ഡോളറാണ് (1.14ലക്ഷം രൂപയാണ്) ഈടാക്കിയത്. അതില്‍ 6 യൂണിറ്റെന്ന് എഴുതിയത് എന്താണെന്ന് അറിയില്ല.

ഇതൊരു രാജ്യത്തിന്റെ നിയമമാണ്. എനിക്ക് അത് അനുസരിക്കണം, അല്ലാതെ മറ്റു വഴിയില്ല. ഞാന്‍ അവരോട് അഭ്യര്‍ഥിക്കുകയും അത് മന:പൂര്‍വമായിരുന്നില്ലെന്ന് പറയാന്‍ ശ്രമിക്കുകയും ചെയ്തു. മാനുഷിക പരിഗണനയില്‍ അവര്‍ക്ക് ആ പൂക്കള്‍ അവിടെ വയ്ക്കാമായിരുന്നു. എനിക്ക് മറ്റ് ലക്ഷ്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ടു തന്നെ അവര്‍ക്കെന്നെ വിട്ടയക്കാമായിരുന്നു. പക്ഷേ അത് ഉദ്യോഗസ്ഥരെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് എനിക്കതില്‍ അഭിപ്രായം പറയാന്‍ കഴിയില്ല. നവ്യ പറഞ്ഞു.

ഇതിന്റെ നടപടിക്രമങ്ങളിലൂടെ കടന്നുപോകാനും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനും തനിക്ക് കുറെയധികം സമയമെടുത്തുവെന്നും നവ്യ വെളിപ്പെടുത്തി. യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ മറന്നു പോകുന്ന ഇത്തരം കാര്യങ്ങള്‍ തന്റെ അനുഭവത്തില്‍ നിന്ന് പഠിക്കണമെന്നും താരം പറഞ്ഞു. എനിക്കുണ്ടായ ഈ പ്രശ്‌നം നാട്ടിലും വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. അതിനാല്‍ യാത്രയ്ക്കുളള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. ഈ നിമയങ്ങള്‍ തികച്ചും കര്‍ശനവും വളരെ കടുപ്പമുളളതുമാണ്. അതുകൊണ്ട് ഇത് അത്ര എളുപ്പമല്ല, ഡിക്ലറേഷന്‍ ഫോം എന്നത് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ വിട്ടുപോയേക്കാവുന്ന ചെറിയൊരു ഫോം ആണ്. നവ്യ പറയുന്നു.

Ads by Google
Friday 12 Sep 2025 10.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW