-->
നേതാവും നേതൃത്വവും ഇല്ലാത്ത പോരാട്ടമായി ലോകത്തെ ഞെട്ടിക്കുകയാണ് നേപ്പാളിലെ ജെന്‍ സി കലാപം. ചുറ്റുമുള്ളതൊന്നും കാണാത്ത, ലോകത്ത് നടക്കുന്നതൊന്നും അറിയാത്ത, സദാസമയവും ഫോണില്‍ നോക്കിയിരിക്കുന്ന തലമുറയെന്ന് പഴി കേട്ടിരുന്ന ജെന്‍ സി വളരെപ്പെട്ടെന്നാണ് വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങിയത്. ഒരു രാജ്യത്തെ മുഴുവന്‍ നിയമസംവിധാനങ്ങളെയും സമരച്ചൂടിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് ജെന്‍ സി പിള്ളേര്‍ കാഠ്മണ്ഡു മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു കലാപത്തിനാണ് സാക്ഷ്യം വഹിച്ചത്.
ദിവസങ്ങളായി ലോകം ചർച്ചചെയ്യപ്പെടുന്ന ജെൻ സി പ്രക്ഷോഭത്തില്‍ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. സർക്കാരിന്റെ അഴിമതികള്‍ക്കെതിരെ വളരെ ധീരമായി നേരിട്ട യുവതലമുറ സ്വന്തം അവകാശങ്ങള്‍ക്കായി, ഒരു പ്രത്യയശാസ്ത്രത്തേയും രാഷ്ട്രീയ പാര്‍ട്ടിയേയും നേതാവിനേയും കൂട്ടുപിടിച്ചില്ല. കലാപത്തിനിടെ നേപ്പാള്‍ ഫിനാൻസ് മിനിസ്റ്ററെ ആള്‍കൂട്ടം മർദിച്ചതും നവമാധ്യമങ്ങളില്‍ ചർച്ചയായി മാറിയിരുന്നു.
ഇപ്പോഴിതാ, നേപ്പാള്‍ സംഭവത്തെ പരിഹാസ രൂപേണ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുകയാണ് നടൻ ജോയ് മാത്യൂ. ‘നേപ്പാള്‍ കണ്ടിട്ട് കൊതിയാവുന്നു ആ ഫിനാൻസ് മിനിസ്റ്ററുടെ അവസ്ഥ...’ എന്നാണ് താരം കുറിച്ചത്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും ചെയ്തു. പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ കമന്റുകള്‍ കുറിക്കുന്നുണ്ട്. ഇങ്ങനെ കൊതിക്കല്ലേയെന്ന് ചിലര്‍ കുറിക്കുമ്പോള്‍ ഈ പോക്ക് പോയാല്‍ അടുത്ത് തന്നെ ഓടും എന്നും തനിക്ക് തെറ്റിയെന്നും കമന്റുകളുണ്ട്.
നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച കലാപം തുടരുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയസര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നത് വരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതലയുള്ള സൈന്യത്തിന്റേതാണ് പ്രഖ്യാപനം. ജനങ്ങളോടു വീടുകളില്‍ത്തന്നെ തുടരാനാണ് സൈന്യത്തിന്റെ നിര്‍ദേശം. ഇപ്പോഴുള്ള നിരോധനാജ്ഞ ബുധൻ വൈകിട്ട് അഞ്ചോടെ അവസാനിച്ച ശേഷം കര്‍ഫ്യൂ നിലവില്‍വരും. വ്യാഴം രാവിലെ ആറുവരെയാണ് കര്‍ഫ്യൂ.
സർക്കാർ വിരുദ്ധ കലാപം രൂക്ഷമായി തുടരുന്ന നേപ്പാളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാർ നിരവധിയുണ്ട്. ടൂറിസത്തിന് പേരുകേട്ട നേപ്പാളില്‍ പ്രക്ഷോഭം ശക്തമായതോടെ വിനോദസഞ്ചാരത്തിനായി എത്തിയവരുടെ തിരികെ തിരികെയുള്ള യാത്ര പ്രതിസന്ധിയിലായി. റോഡുകള്‍ കലാപകാരികളുടെ നിയന്ത്രണത്തിലായതും വിമാനത്താവളങ്ങളില്‍ ചിലത് അടച്ചിട്ടതുമാണ് അതിന് കാരണം. കാഠ്മണ്ഡു വിമാനത്താവളത്തിലെ വിമാന സർവീസുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്നതിനെക്കുറിച്ച് ഒരു അറിവുമില്ലാത്തതിനാല്‍ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങിയിട്ടുണ്ട്. ഇവരില്‍ കൂടുതലും വിനോദസഞ്ചാരികളാണ്.