-->
അനുവാദമില്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നും തന്റെ സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടി ഐശ്വര്യ റായി ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ്. ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അനുവാദമില്ലാതെ ഒരാളുടെ ചിത്രം ഉപയോഗിക്കുന്നത് അന്തസോടെ ജീവിക്കാനുളള അവകാശത്തെ ചോദ്യം ചെയ്യുമെന്നും അങ്ങനെ ഉളള സന്ദര്‍ഭങ്ങളില്‍ കോടതിക്ക് കണ്ണടയ്ക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അനധികൃതമായി ഉപയോഗിച്ചിരിക്കുന്ന ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നിരവധി വെബ്‌സൈറ്റുകളിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് തന്റെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐശ്വര്യ റായ് കോടതിയെ സമീപിച്ചത്. തന്റെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ഐശ്വര്യ റായ് ഹര്‍ജിയില്‍ ആരോപിച്ചു.
തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ചതായും നടി ഹര്‍ജിയില്‍ പറഞ്ഞു. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് അശ്ലീല വീഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നത്. ഇത്തരം വീഡിയോകള്‍ നടിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.