-->
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നേരിട്ട പോലീസ് മര്‍ദ്ദനത്തിനെതിരേ സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷന് മുന്നിലും ഇന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസങ്ങളിലായി യൂത്ത് കോണ്‍ഗ്രസ് പോലീസിന്റെ മര്‍ദ്ദനത്തിനെതിരേ വലിയ പ്രതിഷേധം നടത്തിവരുന്നതിന് പിന്നാലെയാണ് ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷന് മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.
പ്രതിപക്ഷ നേതാവും കെപിസിസി അദ്ധ്യക്ഷനും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും അടക്കമുള്ളവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കാളികളാകും. ഓരോ സ്ഥലത്തുമായി നേതാക്കള്‍ പങ്കെടുക്കും. യൂത്ത്‌കോണ്‍ഗ്രസ് നേതാവ് സുജിത് മര്‍ദ്ദനത്തിന് ഇരയായ കുന്നംകുളം സ്‌റ്റേഷനിലാണ് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് പങ്കെടുക്കുക. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വെഞ്ഞാറമൂട് സ്‌റ്റേഷന് മുന്നിലെ പ്രതിഷേധത്തിലാണ് പങ്കെടുക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.എം.ഹസന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എന്നിവരെല്ലാം പ്രതിഷേധത്തില്‍ പങ്കെടുക്കും. സുജിത്തിനെ മര്‍ദ്ദിച്ച മര്‍ദ്ദകരായ പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നാണ് ആവശ്യം.
അതേസമയം ആഭ്യന്തരവകുപ്പിനെ പിടിച്ചുകുലുക്കുന്ന റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പുറത്തുവന്നിട്ടും സംഭവത്തില്‍ ഇതുവരെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. പതിനഞ്ചാം തീയതി നിയമസഭാ സമ്മേളനത്തിലും ഈ വിഷയം വലിയ ചര്‍ച്ചയായി മാറുമെന്നാണ് കരുതുന്നത്.