-->
മലയാളസംഗീതലോകത്തെ വാനമ്പാടിയായ കെ.എസ്.ചിത്ര ശ്രോതാക്കളെ തന്റെ പാട്ടുകളിലൂടെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും പ്രണയിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. തന്റെ സ്വരമാധുര്യം കൊണ്ടു മാത്രമല്ല നല്ല പെരുമാറ്റത്തിലൂടെയും നിറഞ്ഞ ചിരിയിലൂടെയും സൗഹൃദസംഭാഷണങ്ങളിലൂടെയും ചിത്ര കണ്ടുമുട്ടുന്ന ഏതൊരാളിന്റെയും മനസ്സ് കവരാറുണ്ട്. സംഗീതത്തില്‍ മായാജാലം സൃഷ്ടിക്കാറുള്ള കെ.എസ്.ചിത്രയെ കണ്ടുമുട്ടിയവര്‍ പലരും ആ മനസ്സിന്റെ നന്മ പങ്കുവയ്ക്കുയും ചെയ്തിട്ടുണ്ട്.
മലയാളം, തമിഴ് ചലച്ചിത്രഗാനങ്ങളുടെ അധികമാർക്കും അറിയാത്ത പിന്നാമ്പുറക്കഥകള്‍ പങ്കിട്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ഗായകനും സംവിധായകനുമായ ദിവാകൃഷ്ണയാണ് താന്‍ കെ.എസ്.ചിത്രയെ കണ്ടുമുട്ടിയ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്.
ഇപ്പോഴിതാ ദിവാകൃഷ്ണ ചിത്രയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. ഇത്രയും ജനുവിൻ ക്യാരക്ടറുള്ള ചിത്രയെപ്പോലെയുള്ളവർ ഇവിടെയുള്ളപ്പോള്‍ താനെങ്ങനെ അത്ര നല്ല മനുഷ്യരൊന്നും ലോകത്തില്ലെന്ന് എങ്ങനെ ചിന്തിച്ചുവെന്നാണ് ദിവാകൃഷ്ണ കുറിച്ചിരിക്കുന്നത്.
‘‘ ഞാനൊക്കെ എപ്പോഴും ചിന്തിക്കാറുണ്ട് ലോകത്ത് ഇപ്പൊ അങ്ങനെ നല്ല മനുഷ്യർ ഒന്നുമില്ല. ജനുവിനായി ഇടപെട്ടിരുന്ന ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് അമ്മാതിരി പണി കിട്ടിയതിന്റെ ട്രോമ ഉള്ളത് കൊണ്ടും കൂടിയാണ് കുറച്ചു വർഷമായി ആ ഒരു ചിന്ത എന്നിലേക്ക് കടന്ന് വരുന്നത്.
ലോകത്തുള്ള നല്ല മനുഷ്യരൊക്കെ എവിടെയോ പോയി, എല്ലാവരും സ്വാർത്ഥരായി, അവരവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി ജീവിതത്തില്‍ അഭിനയിക്കുന്നവരായി...
പക്ഷേ എന്റെ ഈ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചൊരു യാത്രയായിരുന്നു എന്റെ ആദ്യ ദുബായ് യാത്ര.
പ്രസ്സ് മീറ്റ് കാണാൻ പോയി എല്ലാ മീഡിയാസിന്റെയും ഏറ്റവും പിന്നില്‍ തൂണിന്റെ മറവില്‍ ഒളിച്ചു നിന്ന എന്നെ കണ്ട നിമിഷം തന്നെ വേദിയിലേക്ക് വിളിച്ചു ഒപ്പം ഇരിക്കാൻ ഇരിപ്പിടം ഒരുക്കി, എന്നെപ്പറ്റി അത്രയുംപേരുടെ മുന്നില്‍ വാചാലയായ എന്റെ ചിത്ര ചേച്ചി.
തിരുവോണ ദിവസം ചിത്ര ചേച്ചിക്ക് മാത്രമായി സദ്യ ആദ്യം എത്തിച്ചപ്പോള്‍ ഞാൻ ഒറ്റയ്ക്ക് കഴിക്കില്ല, എല്ലാവർക്കും കൊണ്ടു വരാൻ പറഞ്ഞു ഞങ്ങളെല്ലാവരും ഒപ്പം ഇരുന്ന ശേഷം എല്ലാവരും കഴിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഭക്ഷണത്തില്‍ കൈവച്ച ചിത്ര ചേച്ചി.
പരിപാടിയുടെ അന്ന് ഡ്രസ്സ് കോഡ് ഉണ്ടെന്ന വിവരം അറിയാതെ കളർ ഷർട്ട് ഇട്ട് ഗ്രീൻ റൂമില്‍ പരുങ്ങി ഇരുന്ന എന്നോട് കാര്യം അന്വേഷിച്ചു, പെട്ടെന്ന് ഷർട്ട് ഒപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ച ചിത്ര ചേച്ചി.
ആദ്യമായി ദുബായില്‍ വരുന്ന, ആദ്യമായി ചേച്ചിയോടൊപ്പം സ്റ്റേജില്‍ കയറാൻ പോകുന്ന എന്റെ അങ്കലാപ്പും, ഒറ്റപ്പെടലും കണ്ട് ആ സ്പോട്ടില്‍ തന്നെ ഷർട്ടിന്റെ സൈസ് ചോദിച്ചു വേഗം ഷർട്ട് വാങ്ങി വരാൻ ആളെ ഏർപ്പാടാക്കിയ ചിത്ര ചേച്ചി.
ഓണത്തിന് ചേച്ചിയുടെ വകയായി കിട്ടിയ ആ ഓണക്കോടി അണിഞ്ഞാണ് അന്ന് ഞാൻ സ്റ്റേജില്‍ കയറിയതും, അവരില്‍ ഒരാളായി മാറിയതും.
ഒന്ന് ആലോചിച്ചു നോക്കണേ, കെ എസ് ചിത്ര എന്ന ലെജണ്ടറി ഗായികയാണ്, ലോകമെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ഒരു ലിവിങ് ലെജൻഡ് ആണ് സ്റ്റേജില്‍ കയറുന്നതിനു മുൻപ് അവസാന നിമിഷം എന്റെ ഷർട്ട് ശരിയാക്കാൻ നില്‍ക്കുന്നത്, ഒറ്റക്ക് സമാധാനമായിട്ട് കഴിക്കേണ്ടയാളാണ് നമുക്കൊപ്പമിരുന്ന് നമ്മള്‍ കഴിച്ചു എന്ന് ഉറപ്പു വരുത്തിയിട്ട് കഴിക്കുന്നത്.
ഇങ്ങനൊരു ജനുവിൻ ക്യാരക്ടറുള്ള ചേച്ചിയെപ്പോലെയുള്ളവർ ഇവിടെയുള്ളപ്പോള്‍ ഞാനെങ്ങനെ ചിന്തിച്ചു ലോകത്തിപ്പോ അത്ര നല്ല മനുഷ്യരൊന്നും ഇല്ലാന്ന്.
ചിത്ര ചേച്ചി.. ഉമ്മ...’’ എന്നാണ് ദിവാകൃഷ്ണ കുറിച്ചത്. ചിത്രയ്ക്കൊപ്പമുള്ള ചിത്രങ്ങളും സ്റ്റേജ് ഷോയുടെ ചിത്രങ്ങളും ദിവാകൃഷ്ണ പങ്കുവച്ചിട്ടുണ്ട്. ‘നീയെൻ സർഗസൗന്ദര്യമേ, മീശമീനാക്ഷി’ എന്നിങ്ങനെ രണ്ടു ഷോർട്ട് ഫിലിമുകളും ദിവാകൃഷ്ണ സംവിധാനം ചെയ്തിട്ടുണ്ട്. ‘ഫിലിമി ടോക്ക്’ എന്നപേരില്‍ ഒരു യൂട്യൂബ് ചാനലും ദിവാകൃഷ്ണയുടേതായുണ്ട്. നാടക-സീരിയല്‍ നടനായ പാറശ്ശാല വിജയന്റെയും ജ്യോതിലക്ഷ്മിയുടെയും മകനാണ് ദിവാകൃഷ്ണ. ഐഡിയ സ്റ്റാർ സിംഗറിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതനാണ് ദിവാകൃഷ്ണ.
പല നാടുകളിലും സംഗീതപരിപാടികള്‍ അവതരിപ്പിക്കാറുള്ള ചിത്ര ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇക്കഴിഞ്ഞ ദിവസം ദുബായിലെത്തിയത്. ഷാര്‍ജയിലെ സംഗീതപരിപാടിക്കായാണ് ഗായിക എത്തിയത്. ദുബായ്‌യോട് വല്ലാത്തൊരു അകല്‍ച്ചയിലായിരുന്നു ചിത്ര. ഗായികയുടെ ജീവിതത്തിലെ ഏറ്റവും വലിയ മോശപ്പെട്ട കാര്യം നടന്നത് അവിടെയായതു കൊണ്ട്തന്നെ ഇനി വരേണ്ട എന്നായിരുന്നു തീരുമാനമെന്നും ചിത്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.