-->
തിരുവനന്തപുരം: പേരൂര്‍ക്കട വ്യാജ മാലമോഷണക്കേസില്‍ കേസില്‍ അറസ്റ്റിനെ ന്യായീകരിക്കാന്‍ പോലീസ് നുണക്കഥ മെനയുകയും ചെയ്തതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. മാല യഥാര്‍ത്ഥത്തില്‍ ഉടമയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടും അത് മാലിന്യക്കുപ്പയില്‍ നിന്നാണ് കണ്ടെത്തിയതെന്ന തരത്തില്‍ കേസിനെ മാറ്റിമറിക്കാന്‍ പേരൂര്‍ക്കട പോലീസ് ശ്രമിച്ചതായിട്ടാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ പേരൂര്‍ക്കട എസ്‌ഐ യ്ക്കും എഎസ്‌ഐ യ്ക്കും എതിരേ നടപടിയെടുക്കാനും മനുഷ്യാവകാശ കമ്മീഷനോട് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അറസ്റ്റിനെ ന്യായീകരിക്കാന്‍ പോലീസ് ഉണ്ടാക്കിയ നുണക്കഥയാണ് മാലിന്യത്തില്‍ നിന്നും മാല കണ്ടെത്തി എന്നുള്ളത്. നേരത്തേ മാലമോഷണം നടത്തിയെന്ന് ആരോപിച്ച് ദളിത് യുവതിയായ ബിന്ദുവിനെ 20 മണിക്കൂറുകളാണ് സ്‌റ്റേഷനില്‍ നിര്‍ത്തി പോലീസ് മാനസീകമായി പീഡിപ്പിച്ചത്. കസ്റ്റഡിയില്‍ എടുത്ത വിവരം വീട്ടുകാരെ പോലും അറിയിക്കാതെയൂം കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ബാത്ത് റൂമില്‍ പോയി കുടിക്കാനും ആവശ്യപ്പെട്ടു. മാല കിട്ടിയെന്ന് വീട്ടുകാര്‍ പറഞ്ഞിട്ടും പോലീസ് മാനസീക പീഡനം തുടരുകയും അറസ്റ്റിനെ ന്യായീകരിക്കാന്‍ കുപ്പയില്‍ നിന്നും മാല കിട്ടിയതായി കള്ളക്കഥ മെനയുകയുമായിരുന്നു. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യം പോലീസ് നടത്തുകയും ചെയ്തു.
മെയ് 20 നായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. ബിന്ദുവിന്റെ തൊഴിലുടമയായ ഓമനാ ഡാനിയേലാണ് ബിന്ദുവിനെതിരേ മോഷണ പരാതി ഉന്നയിച്ചത്. സാധാരണഗതിയില്‍ മാല വെയ്ക്കുന്ന സ്ഥലത്ത് അത് കാണാതെ വന്നപ്പോഴാണ് തെറ്റിദ്ധരിച്ച് മോഷണ ആരോപണം ഉയര്‍ത്തി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത് 20 മണിക്കൂറുകള്‍ സ്‌റ്റേഷനില്‍ നിര്‍ത്തി. എന്നാല്‍ സംഭവത്തില്‍ ബിന്ദു മാല മോഷ്ടിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സംഭവം പുറത്തുവന്നതോടെ പോലീസുകാര്‍ക്കെതിരേ കേസെടുക്കാന്‍ പട്ടികജാതി കമ്മീഷനും നിര്‍ദേശിച്ചിരുന്നു. മാല തിരിച്ചുകിട്ടിയെന്ന് വീട്ടുകാര്‍ അറിയിച്ചിട്ടും നടപടിയുമായി പോലീസ് മുമ്പോട്ട് പോയി.