-->
എമ്പുരാന്‍ എന്ന സിനിമയ്ക്ക് താന്‍ എതിരാണെന്നും അതൊരു ദേശവിരുദ്ധ സിനിമയാണെന്നും നടന്‍ ദേവന്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ മനസുതുറന്നത്.
' എമ്പുരാന്‍ എന്ന സിനിമയ്ക്ക് ഞാന്‍ എതിരാണ്. ആ ചിത്രം ഒരു നോണ്‍സെന്‍സ് ആണ്. ആ സിനിമ ഇന്ത്യയ്ക്ക് എതിരാണ് മാത്രമല്ല ഒരു ദേശവിരുദ്ധ സിനിമയാണ് എമ്പുരാന്‍. സിനിമയുടെ ആദ്യം അവര്‍ ചിലത് കാണിച്ചിട്ട് പിന്നെ അതെല്ലാം അവര്‍ മറച്ചല്ലോ. ശരിക്കും എന്ത് സംഭവിച്ചു എന്നുളള കാര്യങ്ങള്‍ അല്ല സിനിമയില്‍ കാണിച്ചത്' , ദേവന്‍ പറഞ്ഞു.
തുടക്കം മുതല്‍ വിവാദങ്ങള്‍ പിടികൂടിയ സിനിമയാണ് എമ്പുരാന്‍. ചിത്രത്തിലെ ഗുജറാത്ത് കലാപത്തെയും ബാബു ബജ്രംഗിയെയും കുറിച്ചുളള റഫറന്‍സുകള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവാദ ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 20ല്‍ കൂടുതല്‍ ഭാഗങ്ങളാണ് സിനിമയില്‍ നിന്ന് കട്ട് ചെയ്ത് മാറ്റിയത്. വിവിധ അന്വേഷന ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ഭാഗങ്ങളും വെട്ടിമാറ്റിയിരുന്നു.