-->
മലയാളികള്‍ക്കെന്നും സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. വെള്ളിത്തിരയില്‍ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങളാണ് താരത്തെ സിനിമാപ്രേമികളുടെ സ്വന്തം മെഗാസ്റ്റാറാക്കിയത്. എഴുപത്തിനാലാം പിറന്നാളിന്റെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടിക്ക് സിനിമാ മേഖലയിലുള്ളവരും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകള്‍ കുറിച്ചത്.
കുറച്ചു നാളായി ചികിത്സയുമായി ബന്ധപ്പെട്ട് ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് വിട്ടു നിന്നിരുന്ന താരം പിറന്നാള്‍ ദിനത്തില്‍ തന്റെ ചിത്രം പങ്കുവച്ച് ദൈവത്തിനും സ്നേഹിക്കുന്നവര്‍ക്കുമെല്ലാം നന്ദി കുറിച്ചിരുന്നു. താരത്തെ സ്നേഹിക്കുന്നവരെല്ലാം ആ ചിത്രവും പോസ്റ്റും ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എഴുപത്തിനാലാം പിറന്നാളിന്റെ നിറവിലാണ് ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേമികളുടെ പ്രിയ താരം മെഗാസ്റ്റാർ മമ്മൂട്ടി. ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന താരത്തിന്റെ എല്ലാ വിശേഷങ്ങളും നിമിഷവേഗത്തിലാണ് ട്രെന്‍ഡിംഗാകുന്നത്.
മമ്മൂട്ടിയുമായി അടുത്ത സൗഹൃദമുള്ളവരില്‍ ഒരാളാണ് കുഞ്ചൻ. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും നല്ല അടുപ്പമാണ്, എല്ലാ വിശേഷങ്ങളിലും താരകുടുംബം പരസ്പരം പങ്കെടുക്കാറുണ്ട്.
ഇപ്പോഴിതാ നാല്‍പ്പത് വർഷത്തിന് അടുത്ത് പഴക്കവും ദൃഢതയും ഇരുവരുടേയും ബന്ധത്തിനുണ്ടെന്നും മലയാള സിനിമയിലെ രണ്ട് താരങ്ങള്‍ എന്ന രീതിയില്‍ ശക്തിപ്രാപിച്ചതുമല്ല ആ ബന്ധമെന്നും പറയുകയാണ് കുഞ്ചന്‍.
‘‘മമ്മൂട്ടിയുടെ വീട്ടിലെ എല്ലാ ഫംഗ്ഷനും ഞങ്ങളെ ക്ഷണിക്കാറുണ്ട്. ഞങ്ങള്‍ പങ്കെടുക്കാറുമുണ്ട്. മമ്മൂട്ടിയുടെ ഭാര്യ സുലു എന്റെ ജേഷ്ഠന്റെ കൂട്ടുകാരന്റെ മകളാണ്. ചെറുപ്പം മുതല്‍ അറിയാം. ആ ഒരു ബന്ധമാണ് വളർന്ന് ഇവിടെ വരെ എത്തിയത്. ഞങ്ങളുടെ വീടിന് സമീപത്താണ് അവരും വീട് വെച്ചിരിക്കുന്നത്. ആരെങ്കിലും ചോദിച്ചാല്‍ തനിക്ക് ഇനി മുതല്‍ കുഞ്ചന്റെ വീടിന് അടുത്താണെന്ന് പറയാമല്ലോയെന്ന് ഞാൻ തമാശയായി പറയുമായിരുന്നു. ഇപ്പോള്‍ അവർ ഇവിടെയല്ല താമസം. ഉള്ളകാര്യം പരസ്പരം പറയുന്നവരാണ് ഞങ്ങള്‍.
വലിപ്പ ചെറുപ്പങ്ങളുമില്ല. എന്റെ വീട്ടില്‍ ഷോട്ട്സിട്ട് വരുന്ന ഒരാള്‍ എന്നാണ് എന്നെ അദ്ദേഹം പറയാറ്. ചേട്ടനേയും അനിയനേയും പോലെയാണ്. അനിയൻ ബാവ ചേട്ടൻ ബാവ എന്ന് പരസ്പരം വിളിക്കാറുമുണ്ട്. അതുപോലെ അമ്മായിയപ്പൻ എന്നും മമ്മൂട്ടി വിളിക്കും. ഞാൻ സെൻസിറ്റീവാണ്. അതുകൊണ്ട് തന്നെ സുലുവിനെ എന്തെങ്കിലും പറയുന്നത് കണ്ടാല്‍ ഞാൻ ചോദിക്കും.
അത് കേട്ട് കഴിയുമ്പോള്‍ വന്നല്ലോ അമ്മായിയപ്പൻ എന്നാണ് മമ്മൂട്ടിയുടെ പ്രതികരണം. അങ്ങനൊരു ബന്ധമാണ്. പിള്ളേരെല്ലാം ഒരുമിച്ചാണ് വളർന്നത്. അദ്ദേഹത്തോടുള്ള ബഹുമാനവും സ്നേഹവും കൊണ്ടാണ് മമ്മൂട്ടി തന്ന മദ്യകുപ്പി മുപ്പത്തിയെട്ട് വർഷമായിട്ടും പൊട്ടിക്കാതെ സൂക്ഷിച്ചിരിക്കുന്നത്. ഈ കുപ്പി കാണാൻ ഇപ്പോഴും ആളുകള്‍ എന്റെ വീട്ടില്‍ വരാറുണ്ട്. അദ്ദേഹത്തിനും അറിയാം ഞാൻ ഇത് സൂക്ഷിച്ചിരിക്കുന്നത്. പൊട്ടിച്ചാല്‍ ആ ബന്ധം പോകുമോയെന്ന് ഒരു ചിന്തയുണ്ട് എനിക്ക്. കാരണം പിന്നെ അത് കാലിക്കുപ്പിയാണല്ലോ. അദ്ദേഹത്തിനും ഇത് കാണുന്നത് വലിയ സന്തോഷമാണ്....’’ കുഞ്ചന്‍ പറഞ്ഞു.
ഇന്നസെന്റിനെ കുറിച്ചുള്ള ഓർമകളും കുഞ്ചൻ പങ്കുവെച്ചു. ‘‘ഞാനും ഇന്നസെന്റും ഒരുമിച്ച് ഒരുപാട് അഭിനയിച്ചിട്ടുണ്ട്. നല്ലൊരു സൗഹൃദമുണ്ടായിരുന്നു. എന്നും വിളിക്കും. മമ്മൂട്ടിയുടെ വീട്ടില്‍ വരുമ്പോഴും ഓടി ഇവിടെ വരും. മറക്കാനാവാത്ത ബന്ധമാണ്. അതുപോലെ തന്നെയാണ് കൊച്ചിൻ ഹനീഫയുമായി ഉണ്ടായിരുന്ന ബന്ധം. രണ്ട് ഇരട്ടക്കുട്ടികളേയും ഇരു കൈകളിലും എടുത്ത് വീടിന്റെ പടി കയറി വരുന്നത് ഇപ്പോഴും ഓർക്കുന്നു...’’ കുഞ്ചന്‍ ഓര്‍ത്തെടുത്തു.
ബ്യൂട്ടിപാർലറുകളും മേക്കപ്പ് ആർട്ടിസ്റ്റുകളും തരംഗമായി മാറും മുമ്പ് മഞ്ജു വാര്യർ മുതല്‍ റിമ കല്ലിങ്കല്‍ വരെയുള്ള താരസുന്ദരിമാരെ ഒരുക്കിയിരുന്നത് കുഞ്ചന്റെ ഭാര്യയും ബ്യൂട്ടീഷനുമായ ശോഭയാണ്. ആ വിശേഷങ്ങളും ശോഭ കുഞ്ചന്‍ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. ‘‘ഉണ്ണിമേരിയെ കല്യാണത്തിന് ഒരുക്കിയത് ഞാനായിരുന്നു. അന്ന് തുടങ്ങി ഇങ്ങോട്ട് ഒരുപാട് പേർക്ക് മേക്കപ്പ് ചെയ്തിട്ടുണ്ട്. ഗീതു മോഹൻദാസ്, ദിവ്യ ഉണ്ണി തുടങ്ങിയവരെ എല്ലാം ഒരുക്കിയിട്ടുണ്ട്. അക്കാലത്ത് കല്യാണം കഴിച്ച ഒട്ടുമിക്ക താരങ്ങളേയും ഞാനാണ് ഒരുക്കിയിട്ടുള്ളത്. ദുല്‍ഖറിന്റെ ഭാര്യ അമാല്‍, കാവ്യ മാധവൻ, സുറുമി മമ്മൂട്ടി തുടങ്ങിയവരെയും ഒരുക്കാറുണ്ട്. കുഞ്ചൻ ചേട്ടൻ കാരണം സിനിമാ മേഖലയിലുള്ളവർ എന്നെ മേക്കപ്പ് ചെയ്യാൻ ക്ഷണിച്ചത്. അംബിക, ഗീത, പൂർണ്ണിമ ജയറാം, മഞ്ജു വാര്യർ തുടങ്ങിയവരേയും ഒരുക്കിയിട്ടുണ്ട്.
ഞാൻ സോഷ്യല്‍മീഡിയയില്‍ ആക്ടീവല്ല. മാത്രമല്ല ഇവർ വന്നതിന്റെ ഫോട്ടോകളൊന്നും ഞാൻ എടുത്ത് സൂക്ഷിച്ചിട്ടില്ല. അവരുടെ പ്രൈവസി മാനിക്കുന്നതിന്റെ ഭാഗമാണ് അത്. എനിക്ക് മൗത്ത് പബ്ലിസിറ്റിയാണ് എന്നും മേക്കപ്പിന്റെ കാര്യത്തില്‍ കിട്ടിയിട്ടുള്ളത്. നാച്വറല്‍ സൗന്ദര്യം നിലനിർത്തി ഒരുക്കാനാണ് ശ്രമിച്ചിട്ടുള്ളത്...’’ ശോഭ കുഞ്ചന്‍ പറഞ്ഞു.