-->
മലയാളസിനിമാലോകത്തിന്റെ നെടും തൂണുകളില്‍ ഒന്നായ മമ്മൂട്ടി മലയാളികള്‍ക്കെന്നും തങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്. മുഹമ്മദ് കുട്ടി എന്ന വക്കീൽ പിൽക്കാലത്ത് എല്ലാവരുടെ മമ്മൂട്ടിയായി മാറിയപ്പോള്‍ മലയാളം സിനിമയ്ക്കത് സ്വര്‍ണ്ണലിപികളിലെഴുതിയ ഒരു ചരിത്രമായി മാറി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, മമ്മൂട്ടി 400-ലധികം ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കരയിപ്പിച്ചു, ചിരിപ്പിച്ചു, പ്രണയിക്കാന്‍ പഠിപ്പിച്ചു, ചിന്തിപ്പിച്ചു, ജീവിക്കാനും പ്രേരിപ്പിച്ചു.
ഇന്നും വിസ്മയമായി നിറഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയുടെ എഴുപത്തിനാലാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സിനിമാമേഖലയിലുള്ള മിക്ക താരങ്ങളും
സഹതാരങ്ങളും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ കുറിച്ച് സോഷ്യല്‍ മീഡിയയിലെത്തിയത്. താരത്തിന്റെ പിറന്നാള്‍ ദിവസം ‘ലോക’ സിനിമയുടെ അണിയറപ്രവര്‍ത്തകരും ഒരു സര്‍പ്രൈസ് പൊട്ടിച്ചിരുന്നു. ചരിത്രവിജയം നേടി റിലീസിങ് കേന്ദ്രങ്ങളിൽ മുന്നേറുകയാണ് കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര’. ഇതിലെ ‘മൂത്തോന്’ എന്ന കഥാപാത്രമാകുന്നത് മമ്മൂട്ടിയാണെന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്.
ഇപ്പോഴിതാ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ കുറിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. ‘ലോക’യുടെ സെറ്റിലെ ചിത്രങ്ങള്‍ക്കൊപ്പം മൂത്തോന് ജന്മദിനാശംസകളുമാണ് കല്യാണി കുറിച്ചിരിക്കുന്നത്. ‘‘ഞങ്ങളുടെ സെറ്റിലേക്ക് അദ്ദേഹം കടന്നുവന്ന ദിവസം ഒരു അത്ഭുതമായി ഞാൻ ഓർക്കുന്നു. അദ്ദേഹത്തെ കണ്ട നിമിഷം തന്നെ ഞങ്ങൾ എല്ലാവരുടെയും കൈയിലുള്ളതെല്ലാം തൽക്ഷണം കൈവിട്ടുപോയി. ഞാൻ കോസ്റ്റ്യൂം സെലക്ഷനില്‍ കുടുങ്ങിപ്പോയതു കൊണ്ട് ആ സമയത്ത് അദ്ദേഹത്തോടൊപ്പം ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞ ആൺകുട്ടികളോട് എനിക്ക് അസൂയ തോന്നി.
ഞങ്ങൾ എല്ലാവരും വളരെ ടെൻഷനിൽ ആയിരുന്നപ്പോൾ, അദ്ദേഹത്തിന്റെ പ്രഭാവലയം എപ്പോഴും പ്രകാശം, തമാശ, അനായാസം എന്നിവ നല്‍കുന്നതായിരുന്നു. ശ്രമിക്കാതെ തന്നെ പ്രചോദനം നൽകുന്ന, മനുഷ്യനായിരിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് ആരെയും ഓർമ്മിപ്പിക്കുന്ന ഒരാൾ.
ഈ സിനിമയിലൂടെ ഞങ്ങൾ അദ്ദേഹത്തെ അഭിമാനിപ്പിച്ചിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...നമ്മുടെ മൂത്തോന് ജന്മദിനാശംസകൾ...’’ എന്നാണ് കല്യാണി കുറിച്ചിരിക്കുന്നത്.