-->
തെന്നിന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസങ്ങള്‍ ആണ് രജനികാന്തും കമല്‍ഹാസനും. ഇരുവരെയും ഒരു ഫ്രെയിമില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് അഭിനയിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. SIIMA അവാര്‍ഡ് ദാന ചടങ്ങിലാണ് നടന്റെ പ്രതികരണം.
ഇരുവരും ഒന്നിക്കുന്ന ചിത്രം ഉടന്‍ ഉണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി ആയാണ് കമല്‍ ഇക്കാര്യം പറയുന്നത്. 'വളരെ വര്‍ഷത്തിന് ശേഷം ഞങ്ങള്‍ വീണ്ടും ഒന്നിക്കാന്‍ പോകുകയാണ്. വാണിജ്യ പരമായി ഇതൊരു അത്ഭുതമായിരിക്കാം. വലിയ സംഭവം ആണോ എന്നൊന്നും പറയാന്‍ ആവില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. എനിക്ക് ഇത് മറ്റൊരു അവസരമാണ്. ഞങ്ങള്‍ പരസ്പരം മത്സരിക്കുമെന്ന് നിങ്ങള്‍ കരുതിയേക്കാം, പക്ഷേ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഒരു അവസരമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. അതല്ലാതെ, മറ്റൊന്നില്ല. ഇത്തവണ ഞങ്ങള്‍ ഒന്നിക്കും. പരസ്പരം സിനിമകള്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു,' കമല്‍ ഹാസന്‍ പറഞ്ഞു.
രജനികാന്തിനെയും കമല്‍ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ചിത്രം സംവിധാനം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. രജനിയ്ക്കും കമലിനുമൊപ്പം സിനിമ ചെയ്തിട്ടുളള സംവിധായകനാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കി കൂലിയും കമല്‍ ഹാസനെ നായകനാക്കി വിക്രം എന്ന സിനിമയുമാണ് ലോകേഷ് ഒരുക്കിയിരിക്കുന്നത്. അതേസമയം, 46 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനിയും കമലും ഒന്നിച്ച് സ്‌ക്രീനിലെത്തുന്നത്. 1979 ല്‍ പുറത്തിറങ്ങിയ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചെത്തിയത്.