-->
ഈ ലോകവും അതിലുള്ള സസ്യലതാദികളും മനുഷ്യന് ഇന്നും അജ്ഞമാണ്. നമ്മുക്കിന്നും അറിയാത്ത ഒട്ടനവധി അത്ഭുത സസ്യങ്ങള്‍ പോലും പ്രകൃതിയിലുണ്ട്. ഇത്തരത്തിലുള്ള ഒരു അദ്ഭുതസസ്യമാണു യാറെറ്റ. ആസൊരെല്ല കോംപാക്ടയെന്ന ശാസ്ത്രനാമമുള്ള ഈ സസ്യത്തെ കണ്ടാല്‍ പച്ചനിറത്തിലുള്ള ഒരു കുഷ്യന്‍ ആണെന്നു തോന്നും. തെക്കന്‍ അമേരിക്കയിലെ പെറു, ബൊളീവിയ, വടക്കന്‍ ചിലെ, പടിഞ്ഞാറന്‍ അര്‍ജന്റീന എന്നിവിടങ്ങളിലാണ് ഈ സസ്യം വളരുന്നത്. 3200 മുതല്‍ 5250 മീറ്റര്‍ വരെ പൊക്കമുള്ള മേഖലകളിലാണ് ഇതിന്റെ വളര്‍ച്ച.
6 മീറ്റര്‍ വരെ വ്യാസത്തിലാണു യാറെറ്റ ചെടികള്‍ വളരുക. പിങ്ക് അല്ലെങ്കില്‍ ലാവന്‍ഡര്‍ നിറത്തിലുളള ചെറിയ പുഷ്പങ്ങളും ഈ സസ്യത്തില്‍ കാണാം. ചെറിയ ഈച്ചകള്‍, കടന്നലുകള്‍, ശലഭങ്ങള്‍ തുടങ്ങിയവയാണ് ഈ പൂക്കളില്‍ പരാഗണം നടത്തുന്നത്. മറ്റേതെങ്കിലും മരത്തിന്റെ തണലില്‍ ഈ ചെടികള്‍ക്കു വളരാനാകില്ല. ഉയര്‍ന്ന അളവില്‍ സൂര്യപ്രകാശം ഇവയ്ക്കു വേണ്ടതിനാലാണ് ഇത്. ഊഷരമായ ഭൂമിയിലാണ് യാറെറ്റ വളരുന്നത്. ജലനഷ്ടം പരമാവധി കുറയ്ക്കാനായി ഇലകള്‍ വളരെ ചെറിയ ആകൃതിയിലാണ് ഈ ചെടികളിലുള്ളത്, ഇവ കൂട്ടമായി ചേര്‍ന്ന് ഒരു കുഷ്യന്‍ പോലെയാകും.
പല യാറെറ്റകളും 3000 വര്‍ഷം വരെ പഴക്കമുള്ള പ്രാചീന സസ്യങ്ങളാണ്. ഓരോ വര്‍ഷവും 1.5 സെന്റിമീറ്റര്‍ വേഗത്തിലാണു യാറെറ്റകളുടെ വളര്‍ച്ച. വളരെ കുറഞ്ഞ തോതിലുള്ള വളര്‍ച്ചയാണ് ഇത്. ഈ സസ്യങ്ങളില്‍ സവിശേഷമായ ചില രാസസംയുക്തങ്ങള്‍ ഉത്പാദിപ്പിക്കപ്പെടും. ഈ രാസവസ്തുക്കളുടെ സാന്നിധ്യം മൂലം സസ്യാഹാരികളായ മൃഗങ്ങളോ കീടങ്ങളോ ഇവയെ ആക്രമിക്കുകയില്ല. ഈ സവിശേഷതയാണ് യാറെറ്റകളെ ഇത്രയും കാലം ജീവിക്കാന്‍ പ്രാപ്തമാക്കുന്നത്. ഈ രാസവസ്തുക്കള്‍ ജ്വലനശേഷിയുള്ളതാണ്.