-->
തിരുവനന്തപുരം: ശ്രീനാരായണഗുരു ഒബിസി മോര്‍ച്ചക്കാരുടെ മാത്രം ഗുരുവാണോയെന്ന് ബിജെപിയോട് ചോദ്യമെറിഞ്ഞ് സംഘപരിവാര്‍ സഹയാത്രികനായ ടി.പി. സെന്‍കുമാര്‍. ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സംഘടിപ്പിക്കാന്‍ ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെന്‍കുമാര്‍ വിമര്‍ശിച്ചിരിക്കുന്നത്. ഗുരുദേവന്‍ പറഞ്ഞത് മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും പറയുന്നു.
നാം ഒരു വര്‍ഗത്തിന്റെ മാത്രം ആളല്ലന്നും നാം ജാതി ഭേദം വിട്ടിട്ടു സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്ന് ഗുരുദേവന്‍ അരുളി ചെയ്തതാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് അത് നിങ്ങള്‍ക്കിപ്പോഴും അറിയില്ലേ എന്നാണ് സെന്‍കുമാര്‍ ചോദിച്ചിരിക്കുന്നത്. ഒബിസി മോര്‍ച്ചയെ പരിപാടി നടത്താന്‍ എന്തിന് ഏല്‍പ്പിച്ചുവെന്നും ബിജെപിയല്ലേ പരിപാടി നടത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്. ബിജെപി ഗുരുദേവന്‍ 1916ല്‍ തന്നെ പറഞ്ഞ കാര്യങ്ങള്‍ മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന രൂക്ഷ വിമര്‍ശനമാണ് സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഒബിസി മോര്‍ച്ചയുടെ എറണാകുളം നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ആറിന് വൈകുന്നേരം നടക്കാനിരിക്കുന്ന പരിപാടിയാണ് വിമര്‍ശനം ഏറ്റുവാങ്ങുന്നത്. ആലുവ ഫെഡറല്‍ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ശ്രീനാരായണഗുരു ജയന്തി ആഘോഷവും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സാമൂഹ്യ സാംസ്‌കാരിക-സാമുദായിക നേതാക്കള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ടി പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സംഘടിപ്പിക്കാന്‍ ഒബിസി മോര്‍ച്ചയെ ഏല്‍പ്പിക്കുന്ന ബിജെപി , ഗുരുദേവന്‍ 1916ല്‍ തന്നെ പറഞ്ഞ കാര്യങ്ങള്‍ മറന്നാണ് പ്രവര്‍ത്തിക്കുന്നത്. നാം ഒരു വര്‍ഗത്തിന്റെ മാത്രം ആളല്ലന്നും നാം ജാതി ഭേദം വിട്ടിട്ടു സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നും ഗുരുദേവന്‍ അരുളിച്ചെയ്തതാണ്. അത് നിങ്ങള്‍ക്കിപ്പോഴും അറിയില്ലേ?