-->
തിരുവനന്തപുരം: മലയാള സിനിമാ ഇന്‍ഡസ്ട്രിയെ പ്രശംസിച്ച് നടന്‍ രവി േമാഹന്‍. മലയാള സിനിമയിലെ സ്‌കൂള്‍ ഓഫ് ആക്ടിങ് തനിക്ക് വളരെയധികം ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക സിനിമ മുഴുവന്‍ മലയാളത്തെ തിരിഞ്ഞു നോക്കാന്‍ കാരണം ഇവിടുത്തെ പുതിയ ചലച്ചിത്ര പ്രവര്‍ത്തകരാണെന്നും രവി മോഹന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്നെ ഇത്തരമൊരു ചടങ്ങിന് ക്ഷണിച്ചതിന് ഒരുപാട് നന്ദി. അതുപോലെ എന്റെ സഹോദരന്‍ ബേസില്‍ ജോസഫിനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഞാന്‍ അദ്ദേഹത്തിന്റെ സിനിമകളുടെ വലിയൊരു ആരാധകനാണ്. പുതിയ ചിന്തകള്‍, പുതിയ ഐഡിയകള്‍, പുതിയ മുഖങ്ങള്‍ സിനിമയ്ക്ക് എപ്പോഴും ആവശ്യമാണ്.
അദ്ദേഹത്തെപ്പോലെ ഒരുപാട് കഴിവുള്ള ആളുകള്‍ വരുന്നതാണ് സിനിമയുടെ ആരോഗ്യത്തിന് നല്ലത്. അതുപോലെ കേരളത്തില്‍ നിന്ന് നിറയെ കഴിവുള്ളവര്‍ വരുന്നുണ്ട്. ലോക സിനിമ മുഴുവന്‍ മലയാളത്തെ തിരിഞ്ഞു നോക്കാന്‍ കാരണം ഇവിടുത്തെ പുതിയ ചലച്ചിത്ര പ്രവര്‍ത്തകരാണ്. പുതിയ ടീം വരുന്നതു കൊണ്ടാണ്. എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞാന്‍ ഇവിടെ വന്നതു കൊണ്ട് പറയുന്നതല്ല ഇതൊന്നും.
ഞാന്‍ എപ്പോഴും പറയാറുള്ള കാര്യമാണ്, എന്റെ പഴയ ഇന്റര്‍വ്യൂ ഒക്കെ വേണമെങ്കില്‍ നിങ്ങള്‍ക്ക് എടുത്ത് കാണാം. മലയാള സിനിമയുടെ സ്‌കൂള്‍ ഓഫ് ആക്ടിങ് എനിക്ക് വളരെ ഇഷ്ടമാണ്. അത്രയും നാച്ചുറല്‍ ആണ് അത്. ഇതുപോലെയൊക്കെ ചെയ്യണമെന്ന് എനിക്ക് മലയാള സിനിമ കാണുമ്പോഴൊക്കെ തോന്നും. എന്റെ അച്ഛന്‍ ഡബ്ബിങ് പ്രൊഡ്യൂസര്‍ ആയിരുന്ന സമയത്ത് തമിഴിലും മറ്റു ഭാഷകളിലുമൊക്കെ ഒരുപാട് സിനിമകള്‍ ചെയ്യുമായിരുന്നു.
അന്ന് ഞാന്‍ കുട്ടിയായിരുന്നു. ആ സമയത്ത് ഞാനൊരുപാട് മലയാള സിനിമകള്‍ കണ്ടിട്ടുണ്ട്. നിറയെ മലയാള സിനിമകള്‍ കണ്ട് വളര്‍ന്ന ഒരാളു കൂടിയാണ് ഞാന്‍. നെടുമുടി വേണു സാര്‍, ഇന്നസെന്റ് സാര്‍ അങ്ങനെ, അവരൊന്നും ഇപ്പോഴില്ല, പക്ഷേ ഇവരൊക്കെ എനിക്ക് ഒരുപാട് പ്രചോ?ദനമായിട്ടുണ്ട്. അവരൊക്കെ നല്‍കിയ പ്രചോദനം തമിഴ്‌നാട്ടിലെ ഓരോ അഭിനേതാക്കള്‍ക്കും ഉണ്ടാകും.
ഒരാള്‍ ഒരു തവണ മുഖ്യമന്ത്രി ആകാം. പക്ഷേ ഒരാള്‍ രണ്ട് തവണ മുഖ്യമന്ത്രി ആവണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല നല്ല വ്യക്തി കൂടി ആകണം. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ സ്‌നേഹം അദ്ദേഹത്തിന് ഉള്ളതുവരെ ഞങ്ങളുടെ സ്‌നേഹവും അദ്ദേഹത്തിന് എന്നും ഉണ്ടാകും.
ഞാന്‍ എല്ലാ വര്‍ഷവും ശബരിമലയ്ക്ക് പോകാറുണ്ട്. അപ്പോ എല്ലാ തവണയും തിരുവനന്തപുരമോ കൊച്ചിയോ വഴിയാണ് പോകുന്നത്. ഞാന്‍ എപ്പോള്‍ വന്നാലും അതേ സ്‌നേഹം എനിക്ക് നല്‍കുന്ന എല്ലാവര്‍ക്കും നന്ദി'.- രവി മോഹന്‍ പറഞ്ഞു.
മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എമാര്‍, മേയര്‍ തുടങ്ങിയ ജനപ്രതിനിധികളും ഉദ്ഘാടന പരിപാടിയുടെ ഭാഗമായി. യുകെ, ഫ്രാന്‍സ്, വിയറ്റ്നാം, ഇന്തോനേഷ്യ, തായ്വാന്‍, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, റൊമാനിയ, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ വിനോദസഞ്ചാരികള്‍ ഓണാഘോഷത്തിന് അതിഥികളായി എത്തുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സെപ്റ്റംബര്‍ ഒമ്പതിന് വൈകീട്ട് നടക്കുന്ന ഘോഷയാത്രയോടെ ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനമാകും.