Friday, March 13, 2026 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 04 Sep 2025 08.10 AM

പോലീസിനെതിരേ ചുമത്തിയത് ദുര്‍ബ്ബല വകുപ്പ് ; കേസ് പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും സുജിത്

uploads/news/2025/09/799167/sujith.jpg

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിനെതിരേ ചുമത്തിയിരിക്കുന്നത് ദുര്‍ബ്ബല വകുപ്പ്. ഒരുകൊല്ലം മാത്രം തടവ് ലഭിക്കാവുന്ന കുറ്റം. രണ്ടു വര്‍ഷത്തേക്ക് ഇന്‍ക്രിമന്റ് തടഞ്ഞു. മൂന്ന് കൊല്ലത്തേക്ക് കുറ്റവാളികളായ പോലീസുകാരുടെ പ്രമോഷനും തടഞ്ഞു. ഇനി വകുപ്പുതല നടപടി സാധ്യമല്ലെന്നാണ് കിട്ടിയിരിക്കുന്ന നിയമോപദേശം.

എഫ്ഐആറിലുള്ളത് കൈകൊണ്ടടിച്ചു എന്ന് മാത്രം. അതേസമയം എസ്ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ബാക്കി നടപടി കോടതി തീരുമാനപ്രകാരം മതിയെന്നാണ് തീരുമാനം. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കാര്യമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. കേസുമായി മുമ്പോട്ട് പോയതോടെ സുജിത്തിനെ പണം നല്‍കി സ്വാധീനിക്കാനും കേസ് പിന്‍വലിപ്പിക്കാനും ശ്രമം നടന്നതായി സുജിത് വെളിപ്പെടുത്തി. എത്ര പണം വേണമെങ്കിലും നല്‍കാന്‍ തയ്യാറാണെന്നാണ് പോലീസിനുവേണ്ടി ഇടപെട്ടവര്‍ വാഗ്ദാനം ചെയ്തതെന്നും ലക്ഷങ്ങളാണ് വാഗ്ദാനം ചെയ്തതെന്നുമാണ് സുജിത് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

സംഭവം വന്‍ വിവാദമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ദൃശ്യങ്ങള്‍ ഇന്നലെയായിരുന്നു പുറത്തുവന്നതിന് പിന്നാലെ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ശക്തമായ പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. കെപിസിസി അദ്ധ്യക്ഷന്‍ തൃശൂരിലെ നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ട ശേഷമായിരിക്കും ഭാവി പരിപാടികള്‍ തീരുമാനിക്കുക. ഇന്ന് സുജിത്തിനെ കാണാന്‍ കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് ഇന്ന് തൃശൂരെത്തും. 2023 ഏപ്രില്‍ അഞ്ചാം തീയതി ചൊവ്വന്നൂരില്‍ വെച്ചായിരുന്നു സംഭവം നടന്നത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരം സുജിത്തിന് തന്നെയായിരുന്നു ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ നുഹ്മാന്‍, സുജിത്തിനെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരും സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു. ജീപ്പില്‍ നിന്ന് സുജിത്തിനെ ഇറക്കി ഉള്ളിലേക്ക് കയറ്റുമ്പോള്‍ തന്നെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് സുജിത്ത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു സുജിത്തിന് ക്രൂരമര്‍ദ്ദനമേറ്റത്.

മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW