-->
ന്യൂഡല്‍ഹി: ജി.എസ്.ടി. സ്ലാബുകള്‍ രണ്ടാക്കി ചുരുക്കാനുള്ള ശിപാര്‍ശയ്ക്ക് അംഗീകാരം നല്‍കി ജി.എസ്.ടി. കൗണ്‍സില്‍ യോഗം. ജി.എസ്.ടിയില്‍ ഇനിമുതല്‍ അഞ്ചു ശതമാനം, 18% എന്നിങ്ങനെ രണ്ടു സ്ലാബുകള്‍മാത്രം. നേരത്തെ 5, 12,18,28 ശതമാനത്തിന്റെ സ്ലാബുകളാണ് ഉണ്ടായിരുന്നത്.
സാധാരണക്കാര്‍ക്ക് ആശ്വാസമേകി ഒട്ടുമിക്ക നിത്യോപയോഗ സാധനങ്ങളെയും അഞ്ചുശതമാനം സ്ലാബില്‍ ഉള്‍പ്പെടുത്തി. ഇതോടെ ഇവയുടെ വില വന്‍തോതില്‍ കുറയും. ഘടനാപരമായ മാറ്റങ്ങളടക്കം ഈമാസം 22 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും യോഗതീരുമാനങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
നികുതിഘടന ലളിതവത്കരിക്കാനുള്ള നീക്കവുമായാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ദ്വിദിന ജി.എസ്.ടി. കൗണ്‍സില്‍ യോഗം ന്യൂഡല്‍ഹിയില്‍ തുടങ്ങിയത്. പത്തര മണിക്കൂര്‍ നീണ്ട കൗണ്‍സിലിന്റെ 56-ാമത് യോഗത്തിനുശേഷമാണു നിര്‍ണായക പ്രഖ്യാപനങ്ങള്‍ പുറത്തുവന്നത്. ചപ്പാത്തി, റൊട്ടി, ഇന്ത്യന്‍ ബ്രെഡുകള്‍, പനീര്‍, വെണ്ണ, കടല എന്നിവ നികുതിരഹിതമാക്കി. മുമ്പ് ഇവ അഞ്ചു ശതമാനം സ്ലാബിലായിരുന്നു.
നേരത്തെ 12, 18 ശതമാനം നികുതി വിഭാഗത്തിലുണ്ടായിരുന്ന സോസുകള്‍, പാസ്ത, ചോക്ലേറ്റ്, മിക്സ്ചര്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളെ അഞ്ചുശതമാനം സ്ലാബിലേക്കു മാറ്റി. ടെലിവിഷനുകള്‍ 18 ശതമാനം നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തി. ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ്, ഹെയര്‍ ഓയില്‍, ഷാംപു എന്നിവയ്ക്കും വില കുറയും. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ഇനിമുതല്‍ ജി.എസ്.ടിയുണ്ടാകില്ല. മെഡിക്കല്‍ ഓക്സിജന്‍, രോഗനിര്‍ണയക്കിറ്റുകള്‍, ഗ്ലൂക്കോമീറ്റര്‍ എന്നിവയുടെ നികുതി 12-ല്‍നിന്ന് അഞ്ചുശതമാനമായി കുറയും. മുച്ചക്ര വാഹനങ്ങള്‍ അടക്കമുള്ളവയുടെ ഘടകങ്ങള്‍ക്ക് ഇനിമുതല്‍ 18 ശതമാനമായിരിക്കും നികുതി. 1200 സി.സി. വരെയുള്ള പെട്രോള്‍, ഹൈബ്രിഡ്, എല്‍.പി.ജി, സി.എന്‍.ജി. വാഹനങ്ങളുടെയും 1,500 സി.സി. വരെയുള്ള ഡീസല്‍-ഹൈബ്രിഡ് കാറുകളുടെയും 350 സി.സിയില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങളുടെയും ചരക്കുവാഹനങ്ങളുടെയും നികുതി 28-ല്‍നിന്ന് 18 ശതമാനത്തിലേക്കു മാറ്റി. നാപ്കിന്‍, ക്ലിനിക്കല്‍ ഡയപ്പര്‍, ഫീഡിങ് ബോട്ടില്‍ എന്നിവയുടെ നികുതി അഞ്ചാക്കി. മുമ്പ് ഇത് 12 ശതമാനമായിരുന്നു.
ക്യാന്‍സറിനുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ നികുതി ഒഴിവാക്കി. പാന്‍ മസാല, പുകയില ഉത്പന്നങ്ങള്‍ എന്നിവയെ സവിശേഷമായ 40% നികുതിവിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ട്രാക്ടര്‍, ഡ്രിപ് ഇറിഗേഷന്‍ സംവിധാനം, കാര്‍ഷികോപകരണങ്ങള്‍ എന്നിവയുടെ ജി.എസ്.ടിയും 12-ല്‍നിന്ന് അഞ്ചാക്കി കുറച്ചു. രാസവളങ്ങളുടെയും കീടനാശിനികളുടെയും വിലകുറയും.
ജി.എസ്.ടി. നിരക്ക് പുനഃക്രമീകരണം മൂലമുള്ള മൊത്തം നഷ്ടം 47,700 കോടി രൂപയാണെന്ന് പശ്ചിമ ബംഗാള്‍ ധനമന്ത്രി ചന്ദ്രീമ ഭട്ടാചാര്യ പറഞ്ഞു. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ മൂലമുണ്ടായ തിരിച്ചടി മറികടക്കാനുള്ള സാമ്പത്തിക നടപടികളാണു ജി.എസ്.ടി. പരിഷ്കരണങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.