Thursday, March 12, 2026 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Sep 2025 01.02 PM

‘‘നടുവ് വേദനയുള്ളയാളിന്റെ മാനറിസങ്ങൾ ലാലേട്ടൻ പെര്‍ഫക്ടായി ചെയ്തു; ചില സീനില്‍ ശരിക്കും പ്രോബ്ലമുണ്ടോ എന്ന് തോന്നിപ്പോകും...’’ മോഹന്‍ലാലിന്റെ അഭിനയത്തെപ്പറ്റി ​ഡോക്ടര്‍

uploads/news/2025/09/799100/Untitled-6.jpg
Mohanlal acting in Hridayapoorvam movie (Image Source: Instagram)

പണ്ടൊക്കെ മലയാളികള്‍ക്ക് ഓണമെന്നു പറഞ്ഞാല്‍ ഓണച്ചിത്രങ്ങളാണ്. ഓണക്കാലത്ത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തുന്നു എന്നതു തന്നെയാണ് പ്രേക്ഷകരുടെ ഏറ്റവും വലിയ ഓണസമ്മാനം. ഇത്തവണ അങ്ങനെയൊരു മോഹന്‍ലാല്‍ ചിത്രം പ്രേക്ഷകര്‍ക്കായി തിയേറ്ററുകളിലെത്തി. വർഷങ്ങള്‍ക്ക് ശേഷം മോഹൻലാല്‍- സത്യൻ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ഹൃദയപൂർവ്വം’മാണ് ആ സിനിമ.
ടി.പി. ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, വരവേല്‍പ്പ്, പട്ടണപ്രവേശം, രസതന്ത്രം തുടങ്ങി ആ സ്നേഹവീട്ടില്‍നിന്ന് പിറന്ന ഓരോ സിനിമയും മലയാളിക്ക് എന്നും എപ്പോഴും പ്രിയപ്പെട്ടതാണ്.ഒരു പിരിമുറുക്കമോ, ചോരക്കളികളോ, ദ്വയാർത്ഥ പ്രയോഗങ്ങളോ ഒന്നുമില്ലാതെ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവർക്ക് വരെ ഒരുപോലെ ചിരിച്ചാസ്വദിച്ച്‌ മനസ്സ് നിറഞ്ഞ് തിയേറ്റർ വിട്ടിറങ്ങാനുള്ളതെല്ലാം ‘ഹൃദയപൂര്‍വ്വ’ത്തിലുണ്ട്. അഭിനയിക്കുന്നത് മോഹന്‍ലാല്‍ ആയതുകൊണ്ട് അവതരിപ്പിക്കാന്‍ പ്രയാസമുള്ള പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ലളിതമെന്ന് തോന്നാറുണ്ടെന്ന് സംവിധായകരടക്കം പറഞ്ഞിട്ടുണ്ട്. ഈ ചിത്രത്തില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ, നട്ടെല്ലിന് പരിക്കേല്‍ക്കുന്ന സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ഹൃദയപൂര്‍വ്വത്തെക്കുറിച്ച്‌ ഹോമിയോ ഡോക്ടറായ ബിജു ജി നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. നടുവേദനയുള്ള ആളായി മോഹന്‍ലാല്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഡോ. ബിജു ജി നായര്‍ കുറിച്ചത്. തന്റെ 32 വര്‍ഷത്തെ ചികിത്സാനുഭവത്തിനിടെ ഇത്തരത്തിലുള്ള നിരവധി പേരെ കണ്ടിട്ടുണ്ടെന്നാണ് ഡോക്ടര്‍ കുറിച്ചത്.
‘‘ഇതൊരു ഫിലിം റിവ്യൂ അല്ല. ഫിലിം റിവ്യൂ ചെയ്യാനുള്ള റേഞ്ച് ഒന്നും ഇല്ലാത്ത ഒരു പ്രേക്ഷകനാണ് ഞാൻ. ഇതിൽ നടുവ് വേദനയുള്ള ഒരാളുടെ മാനറിസങ്ങൾ എത്ര പെർഫക്റ്റായാണ് ലാലേട്ടൻ ചെയ്തിരിക്കുന്നത് എന്നത് ഏറെ അത്ഭുതപ്പെടുത്തി. കഴിഞ്ഞ 32 വർഷത്തെ ചികിത്സാനുഭവത്തിനിടയിൽ, ഇതുപോലെയുള്ള എത്രയോ പേരെ കണ്ടത് ഓർമ്മ വന്നു. ഇനി ശരിക്കും പ്രോബ്ലം ഉണ്ടോ എന്ന് വരെ തോന്നിപ്പോയി. ഒരു പടിക്കെട്ട് ഇറങ്ങി വരുന്ന സീൻ ഉണ്ട്.. ഒരിക്കലും മറക്കില്ല. നല്ല സിനിമ എന്ന് പ്രത്യേകം എടുത്തു പറയുന്നില്ല. ഓരോ പ്രാവശ്യവും കാണുമ്പോൾ അഭിനയത്തിന്റെ വിസ്മയമായി ലാലേട്ടൻ ഞെട്ടിക്കുന്നുവെന്നത് പറയാതെ വയ്യ....’’ എന്നാണ് ബിജു ജി നായര്‍ കുറിച്ചത്.
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ യുഎസ്‍പി. മോഹൻലാലും സംഗീത് പ്രതാപും തമ്മിലുള്ള കെമിസ്ട്രിയാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന മറ്റൊരു ഘടകം. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പൂനെയാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ്, സംഗീത, ലാലു അലക്സ്, ജനാർദ്ദനൻ, നിഷാൻ, സൗമ്യ പിള്ള എന്നിവരും ഈ ചിത്രത്തില്‍ രസകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട്. അഖില്‍ സത്യന്റേതാണു സിനിമയുടെ കഥ. ടി പി സോനു എന്ന നവാഗതന്റെയാണ് തിരക്കഥ. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW