-->
കല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ്‍ ചിത്രം 'ലോക' തിയേറ്ററില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. സിനിമയിലെ നസ്ലെന്റെയും ചന്തുവിന്റെയും അഭിനയത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ലോകയുടെ വിജയത്തില്‍ ടൊവിനോയ്ക്കും ദുല്‍ഖറിനും ഒപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചന്തു. അബുദബിയില്‍ നടന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് സമയത്താണ് ചന്തു താരങ്ങള്‍ക്കൊപ്പം ചിത്രമെടുത്തത്.
‘എന്റെ പുതിയ സൂപ്പര്‍ സ്റ്റാര്‍ ബെസ്റ്റി ദുല്‍ഖറും, എന്റെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാര്‍ ബെസ്റ്റി ടൊവിനോ തോമസും. കഴിവ് ഇരട്ടിയാക്കുക, സാഹോദര്യം ഇരട്ടിയാക്കുക. ഡിക്യു, വേണു എന്ന നിലയില്‍ എന്നെ വിശ്വസിച്ചതിനും രഹസ്യമായി പോലും എനിക്കെപ്പോഴും പിന്തുണ നല്‍കിയതിനും നന്ദി.
ടൊവി, എന്റെ സുഹൃത്തായതിന് നന്ദി, നിങ്ങളുടെ പിന്തുണയും സാനിധ്യവും വളരെ വിലപ്പെട്ടതാണ്, ഞാന്‍ എപ്പോഴും നന്ദിയുളളവനാണ് .
പിക്ചര്‍ ക്രെഡിറ്റ്, എക്കാലത്തെയും പ്രിയപ്പെട്ട ബെസ്റ്റി അരുണ്‍ കുര്യന്‍. എഡിറ്റ് ചെയ്തത് 20 മണിക്കൂര്‍’ എന്നാണ് ചിത്രത്തിനൊപ്പം ചന്തു കുറിച്ചത്.
പോസ്റ്റിനു താഴെ ടൊവിനോയും ദുല്‍ഖറും കമന്റുകളുമായെത്തിയിട്ടുണ്ട്. ‘ഹഹഹ നീ എന്നെ ചിരിപ്പിക്കുന്നു, ലവ് യു ന്യൂവെസ്റ്റ് ലേറ്റസ്റ്റ് ബെസ്റ്റീ ’എന്നായിരുന്നു ദുല്‍ഖര്‍ കുറിച്ചത്. ‘ഹഹഹ ’എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. നസ്ലിനും സ്‌നേഹത്തിന്റെ ഇമോജി കമന്റായി കുറിച്ചിട്ടുണ്ട്.
അതേസമയം, ആദ്യ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നത്. ഇത് ഒരു മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയർന്ന നേട്ടമാണ്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.
നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.