-->
സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് ആദ്യമെത്തുക ഹോളിവുഡ് ചിത്രങ്ങളാണ്. എന്നാല്‍ അതിന് മാറ്റം വരുത്തുകയാണ് ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോക ചാപ്റ്റര്‍ ർ 1 - ചന്ദ്ര’. കല്യാണി പ്രിയദര്‍ശന്‍ ‘ചന്ദ്ര’യായി വെള്ളിത്തിരയില്‍ സൂപ്പര്‍ഹീറോ ഇമേജില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ ഒപ്പം മറ്റൊരു പ്രധാന കഥാപാത്രമായി നസ്ലെനുമുണ്ട്. ദുല്‍ഖർ സല്‍മാൻ നിർമ്മിച്ച ലോക, കഷ്ടിച്ച് 33 കോടി രൂപയുടെ ബഡ്ജറ്റിലാണ് നിർമിച്ചത്.
ഇപ്പോഴിതാ സംവിധായകൻ ഡൊമിനിക് അരുണും, ഛായാഗ്രാഹകൻ നിമിഷ രവിയും, ലോക സിനിമയുടെ പിറവിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ഒരുപാട് പ്രൊഡ്യൂസർമാരെ സമീപിച്ചതിന് ശേഷം ഒടുവില്‍ ദുല്‍ഖർ സല്‍മാനോട് കഥ പറഞ്ഞതും, ആ അവസരത്തില്‍ തന്നെ മമ്മൂട്ടിയുമായി നടന്ന രസകരമായ ഒരു ചെറിയ സംഭാഷണത്തെ കുറിച്ചും സംവിധായകൻ ഡൊമിനിക് അരുണ്‍ പറഞ്ഞു.
‘‘ദുല്‍ഖർ സല്‍മാനോട് ലോകയുടെ കഥ പറയുന്നതിന് മുൻപ്, പല നിർമ്മാതാക്കളെയും സമീപിച്ചിരുന്നു. എന്നാല്‍ ആരും ഈ പ്രൊജക്റ്റ് ചെയ്യാൻ തയ്യാറായിരുന്നില്ല, ആരും നോ പറഞ്ഞില്ല, സമയമെടുക്കും എന്നാണ് പറഞ്ഞത്. കഥ ഇഷ്ടപ്പെട്ടവർ പോലും കുറച്ചു വർഷങ്ങള്‍ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. കിംഗ് ഓഫ് കൊത്തയുടെ സെറ്റില്‍ വച്ച് ഈ വിവരം ദുല്‍ഖർ അറിഞ്ഞപ്പോള്‍, ‘നിങ്ങള്‍ ഈ നല്ല ഐഡിയയൊക്കെ മറ്റുള്ളവർക്ക് കൊണ്ട് കൊടുക്കുന്നത് എന്തിനാണ്? നമുക്ക് ഇത് ചെയ്തു കൂടെ?’ എന്നാണ് താരം നിമിഷിനോട് ചോദിച്ചത്. അങ്ങനെ ദുല്‍ഖറിനോട് കഥ പറയാൻ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കു ചെന്നു.
ലോകയുടെ കഥ പറയുന്നത് രണ്ട് തവണയായിട്ടാണ്. ദുല്‍ഖറിന്റെ വീട്ടില്‍ പോയിട്ടാണ് നറേറ്റ് ചെയ്തത്. ഫസ്റ്റ് ഹാഫില്‍ ഈ ലോകം ബില്‍ഡ് ചെയ്യുകണല്ലോ, അപ്പോള്‍ പയ്യെ പയ്യെയാണ് അത് കേറി വന്ന് ഇന്റർവെല്‍ ഭാഗം ആവുമ്പോഴാണ് ഇതിന്റെ ആ മൂഡ് വരുന്നത്. ഞാൻ ഇത് ഇന്റർവെല്‍ വരെ പറഞ്ഞപ്പോഴേക്ക് പുള്ളി (ദുല്‍ഖർ സല്‍മാൻ) ‘ആഹ് ഓക്കേ..’, എന്ന് പറഞ്ഞു. അപ്പോള്‍ മമ്മൂക്ക അപ്പുറത്ത് നില്‍പ്പുണ്ട്. മമ്മൂക്ക അവിടേയ്ക്ക് വന്നിട്ട് പറഞ്ഞു: ‘എനിക്ക് മകന്റെ കൂടെ ഭക്ഷണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്...’ എന്ന്. കാരണം ആ സമയത്ത് ദുല്‍ഖർ വല്ലപ്പോഴുമേ വീട്ടില്‍ ചെല്ലാറുള്ളു...
എന്തായാലും, പിറ്റേന്ന് ബാക്കി കഥ പറയാനായി ഞാന്‍ ദുല്‍ഖർ സല്‍മാന്റെ വീട്ടില്‍ തിരികെയെത്തി. അപ്പോഴും, തലേന്ന് നറേഷനില്‍ കേട്ടതൊക്കെ ദുല്‍ഖര്‍ കൃത്യമായി ഓർത്ത് വച്ചു. കഥ മുഴുവൻ കേട്ട ദുല്‍ഖർ പ്രൊഡ്യൂസ് ചെയ്യാമെന്ന് അപ്പോള്‍ തന്നെ ഏല്‍ക്കുകയും ചെയ്തു. ഒപ്പം കഥയെക്കുറിച്ചു കുറെ സംശയങ്ങള്‍ ചോദിക്കുകയും ചെയ്തു...’’ ഡൊമിനിക് അരുണ്‍ പറഞ്ഞു.
ഒരുപാട് കൂട്ടിച്ചേർത്തും, പൊളിച്ചെഴുതിയുമാണ് ഡൊമിനിക്കും ടീമും ഇന്ന് കാണുന്ന ‘ലോക: ചാപ്റ്റർ 1-ചന്ദ്ര’ എന്ന സിനിമയിലേക്ക് എത്തിയത്. സഹ രചയിതാവായ സുഹൃത്ത് കൂടിയായ നടി ശാന്തി ബാലചന്ദ്രനും ചിത്രത്തിന്റെ ഭാഗമായി പിന്നീട് മാറി.
സ്ത്രീകേന്ദ്രീകൃത സൂപ്പർഹീറോ ചിത്രമായ ലോക ഇന്ന് മലയാളത്തില്‍ മാത്രമല്ല രാജ്യമെങ്ങും തരംഗം സൃഷ്ടിക്കുകയാണ്. മിന്നല്‍ മുരളി എന്ന ലക്ഷണമൊത്ത സൂപ്പർഹീറോ ചിത്രത്തിന് കിട്ടാത്ത പോയ ബോക്സ് ഓഫീസ് വിജയമാണ് ലോക സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ അർത്ഥത്തിലും, ലോക എന്ന സിനിമയും, അതിലെ ചന്ദ്ര എന്ന സൂപ്പർ ഹീറോയും, മലയാള സിനിമയ്ക്ക് നാഴികക്കല്ലുകളായി മാറുകയാണ്.