-->
തന്റെ പുതിയ ചിത്രം മദ്രാസിയുടെ പ്രൊമോഷന്‍ തിരക്കുകളിലാണിപ്പോള്‍ നടന്‍ ശിവകാര്‍ത്തികേയന്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ അഞ്ചിനാണ് തിയറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ച് ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ ഭാര്യ ആരതിയെക്കുറിച്ച് ശിവകാര്‍ത്തികേയന്‍ പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
സിനിമയില്‍ വിജയിക്കുന്നതിനു മുന്‍പ് ജീവിതത്തില്‍ പിന്തുണച്ച ആളുകള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തോടായിരുന്നു ശിവകാര്‍ത്തികേയന്റെ മറുപടി. തന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് കോളജ് സുഹൃത്തുക്കളാണെന്നും അവരാണ് തന്നെ സ്റ്റേജില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ചതെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.
സ്റ്റേജില്‍ കയറാനും മിമിക്രി ചെയ്യാനും പ്രോത്സാഹിപ്പിച്ചത് സുഹൃത്തുക്കളാണെന്നും അദ്ദേഹം ഓര്‍മിച്ചു. താന്‍ നടനാകുന്നതിന് മുന്‍പ് തന്നെ ആരതി വിവാഹത്തിന് സമ്മതിച്ചുവെന്നും, അതിന് താന്‍ അവരോട് എപ്പോഴും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ ഭാര്യ ആരതി, ഞാന്‍ സിനിമയില്‍ വരുന്നതിന് മുന്‍പാണ് അവള്‍ എന്നെ വിവാഹം കഴിച്ചത്. സിനിമയില്‍ കഴിവുള്ളവരെ എപ്പോഴും ആളുകള്‍ കണ്ടെത്തും, കാരണം അതൊരു ബിസിനസാണ്. എന്നാല്‍ യാതൊന്നും പ്രതീക്ഷിക്കാതെ, എനിക്ക് നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത്, അവളെ സംരക്ഷിക്കാന്‍ എനിക്ക് കഴിയുമെന്ന് വിശ്വസിച്ച് അവള്‍ എന്നോട് സമ്മതം പറഞ്ഞു. ഞാന്‍ എപ്പോഴും ആരതിയോട് കടപ്പെട്ടിരിക്കണം,' ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കി.
2010 ലായിരുന്നു ശിവകാര്‍ത്തികേയനും ആരതിയും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. 2006 ല്‍ കലക്ക പോവത് യാര് എന്ന കോമഡി റിയാലിറ്റി ഷോയില്‍ ശിവകാര്‍ത്തികേയന്‍ പങ്കെടുത്തു. ഇതിന്റെ രണ്ടാം സീസണിലെ വിജയിയും ശിവകാര്‍ത്തികേയന്‍ ആയിരുന്നു.
അതേസമയം ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് മദ്രാസി ഒരുങ്ങുന്നത്. ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ബിജുമേനോനും കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്.
വിദ്യുത് ജംവാല്‍, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയാണ് ശിവകാര്‍ത്തികേയന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.