-->
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍ മോഹന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ജിഷിനും ഉണ്ടായിരുന്നു. ഇപ്പോഴിതാ ജിഷിന്റെ ബിഗ്‌ബോസ് എന്‍ട്രിക്കു ശേഷം താരത്തിന്റെ പ്രിയതമയും നടിയുമായ അമേയ നായര്‍ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.
''നീ ഒരുപാട് ആഗ്രഹിച്ച സ്ഥലത്താണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. അതില്‍ എനിക്ക് അഭിമാനം തോന്നുന്നു. എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും ഞാന്‍ നിന്നോടൊപ്പം ഉണ്ടാകും. സ്വപ്നങ്ങള്‍ക്ക് ചിറകു വിരിച്ച് നീ പറന്നു കഴിഞ്ഞു. ലക്ഷ്യസ്ഥാനത്ത് നീ എത്തുന്നതും കാത്ത് ഞാനിരിക്കുകയാണ്. നിന്നെ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു'', എന്നാണ് ജിഷിനൊപ്പമുള്ള ചിത്രത്തോടൊപ്പം അമേയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് അമേയ നായര്‍. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ കുടുംബവിളക്ക് മുതല്‍ കുടുംബശ്രീ ശാരദ വരെയുള്ള സൂപ്പര്‍ ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്നു അമേയ. നടിയായ വരദയാണ് ജിഷിന്‍ മോഹന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകനുണ്ട്. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹമോചിതരായത്. ഇതിന് പിന്നാലെയാണ് അമേയ ജിഷിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.