-->
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായി രൂക്ഷമായ പ്രതിഷേധ സാഹചര്യം നിലനില്‍ക്കുമ്പോഴും രാഹുല്‍ നിയമസഭയില്‍ എത്തുന്നതിനെ ന്യായീകരിച്ച് കെ. മുരളീധരന്‍. രാഹുല്‍ സഭയില്‍ എത്തുമ്പോഴുള്ള അവസ്ഥയെക്കുറിച്ചുളള ചര്‍ച്ചകള്‍ അനാവശ്യമാണെന്നും നിയമസഭയിലെത്തുന്ന രാഹുലിനെ കയ്യേറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ ഭരണപക്ഷം പൂവന്‍കോഴിയുടെ ശബ്ദമുണ്ടാക്കിയാല്‍ യുഡിഎഫ് പൂച്ചയുടെ ശബ്ദമുണ്ടാക്കി തിരിച്ചടിക്കും. ഭരണപക്ഷത്തെ എംഎല്‍എമാരില്‍ പീഡനപരാതികളില്‍ കേസെടുത്ത് ജാമ്യത്തില്‍ തുടരുന്നവരുണ്ടെന്നും വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനാല്‍ കോണ്‍ഗ്രസിന്റെ ലിസ്റ്റില്‍ രാഹുലിന്റെ പേര് ഉണ്ടാകില്ലെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടേയെന്നും അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് വിധി കല്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സഭാനടപടികളുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്.
രാഹുലിനെതിരായ ആരോപണങ്ങളിലെ സര്‍ക്കാര്‍ അന്വേഷണത്തെ ഞങ്ങള്‍ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഇതുവരെ നേരിട്ടുള്ള പരാതി ലഭിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ മറ്റ് നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നതാണ് പാര്‍ട്ടിയുടെ തീരുമാനം. നിലവില്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാഹുലിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
വിഷയത്തില്‍ പാര്‍ട്ടി വ്യക്തമായ തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. ഇതില്‍ കൂടുതല്‍ നടപടി സ്വീകരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. ബാക്കി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നീട് തീരുമാനിക്കാമെന്നും കോണ്‍ഗ്രസ് നയം സ്വീകരിക്കുന്നത് മറ്റ് പാര്‍ട്ടികളെ നോക്കിയിട്ടല്ല എന്നാണ് മുരളീധരന്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെപ്പിച്ചു. സസ്‌പെന്‍ഷന്‍ രണ്ടാംഘട്ട നടപടിയാണ്. കൂടുതല്‍ പരാതികളും തെളിവുകളും പുറത്തുവന്നാല്‍ മൂന്നാംഘട്ടത്തിലേയ്ക്ക് കടക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.