-->
കല്യാണി പ്രിയദര്‍ശന്‍ നായികയായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ലോക: ചാപ്റ്റര്‍ 1- ചന്ദ്ര. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സൗബിന്‍ ഷാഹിറും, നടി സാമന്തയും.
മലയാള സിനിമയില്‍ ഒരു പുതുയുഗം പിറന്നു എന്നാണ് സൗബിന്‍ ഷാഹിര്‍ കുറിച്ചത്. ലോകയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു. കല്യാണി പ്രിയദര്‍ശന്റെ ചിത്രത്തിനൊപ്പം കയ്യടികളുടെ ഇയോജിയാണ് സാമന്ത പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ സംഘട്ടന സംവിധായകനായ യാനിക് ബെന്നും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. സമാനതകളില്ലാത്ത പ്രകടനമാണ് കല്യാണി പ്രിയദര്‍ശന്‍ കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. തമിഴ് താരം സാന്‍ഡി, ചന്ദു , അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമാണ് ' ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര'.