Friday, March 13, 2026 Last Updated 13 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 30 Aug 2025 07.41 AM

‘‘തോളില്‍ കയ്യിട്ട് അഭിനയിക്കേണ്ടെന്ന് ഭാര്യയോട് പറഞ്ഞിട്ട് അയാള്‍ തോളില്‍ കയ്യിട്ട് അഭിനയിക്കും;സ്ത്രീയിത് തിരിച്ചറിയുമ്പോള്‍ 35 വയസ്സെങ്കിലും ആകും...’’ ഷീലു എബ്രഹാം

നിര്‍മ്മാതാവ്, അഭിനേത്രി എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഷീലു എബ്രഹാം. ഇപ്പോഴിതാ താന്‍ പണമുള്ളതു കൊണ്ട് മാത്രമല്ല താന്‍ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതെന്ന് പറയുകയാണ് ഷീലു. ​
Sheelu Abraham
Sheelu Abraham (Image Source: Youtube)

വ്യത്യസ്തമായ കഥാപാത്രങ്ങളാൽ പ്രേക്ഷകശ്രദ്ധ നേടിയ നിർമാതാവ്, അഭിനേത്രി എന്നീ നിലകളില്‍ എല്ലാം മലയാള സിനിമയില്‍ സജീവമാണ് ഷീലു എബ്രഹാം. നിർമാതാവ് കൂടിയായ ഷീലു എബ്രഹാം തന്റെ അഭിപ്രായങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഷീലു പങ്കിടുന്ന ചില അഭിപ്രായങ്ങളും നിലപാടുകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.
ഷീലുവിന്റെ നിർമ്മാണ കമ്പനിയായ അബാം മൂവീസ് നിർമ്മിക്കുന്ന സിനിമകളിലാണ് കൂടുതലും നായിക വേഷങ്ങള്‍ ചെയ്യുന്നതെന്ന പേരില്‍ ഒരുപാട് വിമർശനവും ട്രോളുകളും താരം ഏറ്റുവാങ്ങിയിട്ടുണ്ട്. അതിനൊക്കെ ചിലപ്പോഴെങ്കിലും താരം മറുപടിയും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്നെ പരിഹസിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ഷീലു എബ്രഹാം. ഒരു കഴിവുമില്ലാത്ത സ്ത്രീയാണെങ്കില്‍ എന്റെ കൂടെ അഭിനയിക്കാന്‍ നടന്മാര്‍ തയ്യാറാകുമോയെന്നും സൂപ്പർ സ്റ്റാറുകളുടെ പെണ്‍മക്കള്‍ സിനിമയില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടാണെന്നും ഷീലു പറയുന്നു.
‘‘ഷീലു എബ്രഹാം ഒരു കഴിവുമില്ലാത്ത സ്ത്രീയാണെങ്കില്‍ എന്റെ കൂടെ അഭിനയിക്കാൻ നടന്മാർ തയ്യാറാകുമെന്ന് തോന്നുന്നുണ്ടോ?
കാശിന് ആവശ്യമുള്ളതുകൊണ്ടാണ് അവർ ഞാൻ നായികയാകുന്ന സിനിമകളില്‍ അഭിനയിക്കുന്നതെന്ന് പറയുകയാണെങ്കില്‍ അവർ പിന്നെ എന്തിന് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ചൂസിയാകുന്നു. ചില സിനിമകള്‍ വേണ്ടെന്ന് വെക്കുന്നു? ഞാന്‍ സിനിമയില്‍ 15 വര്‍ഷമായി നില്‍ക്കുന്നുണ്ടെങ്കില്‍ വീണ്ടും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പൈസയുള്ളതു കൊണ്ടു മാത്രമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ? അങ്ങനെയെങ്കില്‍ പൈസയുള്ള എല്ലാവരും എന്തേ നില്‍ക്കാത്തത്. എന്നോട് ചോദ്യം ചോദിക്കുന്നവരോട് തിരിച്ചു ചോദിക്കാനുള്ള ചോദ്യമിതാണ്. ഞാന്‍ ഹീറോയിനായി അഭിനയിക്കുന്നു. എന്റെയൊപ്പം പ്രമുഖ നടന്മാര്‍ ഹീറോയായി അഭിനയിക്കുന്നു. ഞാന്‍ നിങ്ങളോട് ചോദിക്കുന്നത് ഒറ്റ കാര്യമാണ്. നിങ്ങളുടെ കൈയില്‍ പൈസയുണ്ടെങ്കില്‍ നിങ്ങളില്‍ എത്ര പേര്‍ക്ക് നിങ്ങളുടെ ഭാര്യയെ, അല്ലെങ്കില്‍ സഹോദരിയെ അതുമല്ലെങ്കില്‍ അമ്മയെ അഭിനയിപ്പിക്കും. അതിനുള്ള ഗഡ്സ് ആര്‍ക്കുണ്ട്. ചെയ്യിപ്പിച്ച് കാണിക്ക്, എന്നിട്ട് എനിക്ക് നേരെ കല്ലെറിയ്. എന്നിലൊരു ഔഷധഗുണവുമില്ലെങ്കില്‍ എങ്ങനെയിത് സാധിക്കും. നിങ്ങള്‍ ഔഷധഗുണമുള്ളവര്‍ വരൂ. എന്നെപ്പോലെയാകൂ. അങ്ങനെയെങ്കില്‍ നിങ്ങളുടെ സിനിമയുടെ താഴെ ഞാനും ഈ കമന്റുകളിടാം.
സൂപ്പർ സ്റ്റാറുകളുടെ പെണ്‍മക്കള്‍ സിനിമയില്‍ അഭിനയിക്കാത്തത് അവർക്ക് കഴിവില്ലാത്തതുകൊണ്ടാകാം. അല്ലെങ്കില്‍ ആ പെണ്‍കുട്ടികള്‍ക്ക് താല്‍പര്യമില്ലായിരിക്കും. അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് തോന്നിക്കാണും തന്റെ മകള്‍ക്ക് ആ കഴിവില്ലെന്ന് തോന്നിയതുകൊണ്ടുമാകാം. അതുപോലെ കല്യാണ കഴിഞ്ഞശേഷം ഭാര്യമാരെ നടന്മാർ അഭിനയിക്കാൻ വിടാത്തത് മലയളം സിനിമ ഇന്റസ്ട്രിയില്‍ സേഫ്റ്റി കുറവുള്ളതുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ആണുങ്ങളുടെ പൊസസീവ്നെസാണ്. നീ എന്റെ ഭാര്യയാണ്. നിന്റെ തോളില്‍ കയ്യിട്ടും കെട്ടിപിടിച്ചും ആരും അഭിനയിക്കേണ്ട. നീ വീട്ടിലിരുന്ന് എനിക്ക് ഭക്ഷണമുണ്ടാക്കി തന്നാല്‍ മതി എന്നൊക്കെ ചിന്തിക്കുന്ന ആണുങ്ങളോട് എന്ത് പറയാൻ പറ്റും. ഡിവോഴ്സ് ചെയ്തശേഷം സ്ത്രീകള്‍ സിനിമയിലേക്ക് തിരിച്ച്‌ വരുന്നത് പിന്നീട് കാര്യങ്ങള്‍ മനസിലാകുന്നതുകൊണ്ടാണ്.‍
എനിക്കിട്ട് അയാള്‍ പണിയുകയായിരുന്നുവെന്ന് സ്ത്രീക്ക് മനസിലാകും. തോളില്‍ കയ്യിട്ട് അഭിനയിക്കേണ്ടെന്ന് ഭാര്യയോട് പറഞ്ഞിട്ട് അയാള്‍ തോളില്‍ കയ്യിട്ട് അഭിനയിക്കും. ഇതൊക്കെ സ്ത്രീ തിരിച്ചറിയുമ്പോഴേക്കും മുപ്പത്തിയഞ്ച് വയസൊക്കെ ആയിട്ടുണ്ടാകും. സ്ത്രീകള്‍ക്കൊരു പ്രശ്നമുണ്ട്. കല്യാണം കഴിക്കുമ്പോള്‍ ഈ പെണ്‍കുട്ടി ചിന്തിക്കും കെട്ടാൻ പോകുന്നവൻ ദൈവമാണെന്ന്. അതുകൊണ്ട് ഭർത്താവിന്റെ കാലില്‍ തൊട്ട് നമസ്കരിക്കാനും രാവിലെ കുളിച്ച്‌ റെഡിയായി കാപ്പിയുമായി ചെല്ലാനും ഒക്കെ നില്‍ക്കും.
കുട്ടിയുണ്ടായി കഴിയുമ്പോള്‍ അയാളുടെ കുട്ടി എന്റെ വയറ്റിലുണ്ടായി. അതുകൊണ്ട് ദൈവത്തെപ്പോലെ അയാളെ കാണും. ഞാൻ ഇതുപോലെ ആയിരുന്നു. സ്ത്രീയായി ജനിച്ചിരിക്കുന്ന ഏതൊരു പെണ്‍കുട്ടിയുടേയും ആഗ്രഹമാണ് വിവാഹിതയാവുക, കുട്ടിയുണ്ടാവുക, ഭർത്താവിനെ ദൈവത്തെപ്പോലെ കണ്ട് താലോലിക്കുക അയാള്‍ക്ക് വെച്ച്‌ വിളമ്പി കൊടുക്കുക എന്നത്.
ഇതൊക്കെ ഒരു പ്രായം വരെ സ്ത്രീ ചെയ്യും. ഒരു പ്രായം എത്തുമ്പോള്‍ സ്ത്രീക്ക് മനസിലാകും താൻ ചെയ്തത് മണ്ടത്തരമാണെന്നും തന്റെ ഭർത്താവെന്നയാള്‍ ജീവിതം എഞ്ചോയ് ചെയ്യുകയാണെന്നതും. യാഥാർത്ഥ്യം മനസിലാകുമ്പോള്‍ സ്ത്രീ സിനിമയിലേക്ക് തിരിച്ച്‌ വരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ ഇന്റസ്ട്രിയില്‍ സേഫ്റ്റി കുറവുള്ളതുകൊണ്ടാണ് അഡ്ജസ്റ്റ്മെന്റിന് തയ്യാറാകേണ്ടിവരും എന്നതുകൊണ്ടാണ് സ്ത്രീകള്‍ വരാത്തതെന്ന് ഞാൻ കരുതുന്നില്ല...’’ഷീലു എബ്രഹാം പറയുന്നു. ഷീലുവിന്റെ ഈ നിലപാടുകളും വീണ്ടും വിവാദങ്ങളിലും ചര്‍ച്ചകളിലും നിറയുമെന്നത് ഉറപ്പാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW