-->
നര്‍ത്തകി, മോഡല്‍, അഭിനേത്രി എന്നീ നിലകളിലൊക്കെ ദക്ഷിണേന്ത്യ മുഴുവന്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഷംന കാസിം. തുടക്കം മലയാളത്തിലാണെങ്കിലും തെലുങ്കിലും തമിഴിലും കന്നഡത്തിലുമാണ് ഷംന കൂടുതല്‍ തിളങ്ങിയത്. പൂര്‍ണ്ണ എന്ന സ്റ്റേജ്നാമത്തില്‍ അറിയപ്പെടുന്ന ഷംന ഒരു ഡാന്‍സ് അക്കാദമിയും നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷംനയുടെ ഭർത്താവായ ഷാനിദ് ആസിഫ് അലി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് കാരണം ഏറ്റവും കൂടുതല്‍ വൈറലാകുന്ന സെലിബ്രിറ്റികളില്‍ ഒരാളായി ഷംന മാറി. ഏറെനാളുകള്‍ ഷംന കാസിമിനെ പിരിഞ്ഞ് കഴിഞ്ഞതിനെ കുറിച്ചായിരുന്നു ഷാനിദിന്റെ കുറിപ്പ്. പോസ്റ്റ് വൈറലായതോടെ ഇരുവരും വേർപിരിഞ്ഞുവോയെന്ന് പോലും പലരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഷാനിദ് തന്നെ പോസ്റ്റ് ഇട്ടിരുന്നു.
ഇപ്പോഴിതാ അതിനു പിന്നാലെ വലിയൊരു സന്തോഷ വാർത്ത പങ്കിട്ട് എത്തിയിരിക്കുകയാണ് ഷംന കാസിം. താൻ വീണ്ടും അമ്മയാകാൻ പോകുന്നുവെന്ന സന്തോഷമാണ് പുതിയ പോസ്റ്റിലൂടെ ഷംന അറിയിച്ചത്. വീട്ടിലേക്ക് ഒരു കുഞ്ഞിതിഥി എത്തുമെന്നും തങ്ങളുടെ മകന്‍ ഹംദാന്‍ ഒരു ബിഗ് ബദറാകാന്‍ ഒരുങ്ങുവെന്നുമാണ് ഷംന പങ്കിട്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിലുള്ളത്. ‘‘ഞങ്ങളുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ കുടുംബം വളരുകയാണ്...നിങ്ങൾ സ്നേഹിക്കുന്ന ഒരാളോടൊപ്പം വിവാഹം കഴിച്ച് ജീവിക്കുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്... എന്നാൽ മാതാപിതാക്കളാകുക എന്നത് എല്ലാറ്റിലും വച്ച് ഏറ്റവും മനോഹരമായ അധ്യായമാണ്...ഇന്ന്, ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന കാര്യം പങ്കിടുന്നതിൽ എനിക്ക് അതിയായ സന്തോഷവും അതിയായ സന്തോഷവുമുണ്ട്.
കുട്ടികൾ ഒരു കുടുംബത്തെ പൂർത്തിയാക്കുന്നുവെന്ന് പറയപ്പെടുന്നു - ഇപ്പോൾ, ഞങ്ങളുടെ രണ്ടാമത്തെ ചെറിയ അത്ഭുതം വഴിയിൽ ആയിരിക്കുമ്പോൾ, ഞങ്ങളുടെ ഹൃദയങ്ങൾ കൂടുതൽ പൂർണ്ണതയുള്ളതായി തോന്നുന്നു....സ്നേഹത്തോടെയും പ്രാർത്ഥനയോടെയും പിന്തുണയോടെയും ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും - നന്ദി. ഞങ്ങളുടെ യാത്രയിൽ നിങ്ങളുടെ സാന്നിധ്യം വാക്കുകൾക്ക് പറയാൻ കഴിയുന്നതിലുമധികം അർത്ഥമാക്കുന്നു.
പുതിയ ചിരിയും, ചെറിയ കാൽപ്പാടുകളും, അനന്തമായ സ്നേഹവും നിറഞ്ഞ വരാനിരിക്കുന്ന ദിവസങ്ങൾക്കായി ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല....’’ എന്നാണ് ലവ് ഇമോജിക്കൊപ്പം ഷംന കുറിച്ചിരിക്കുന്നത്. ഹംദാന് കൂട്ടായി 2026ല്‍ മറ്റൊരു കുഞ്ഞ് കൂടി ഷാനിദിനും ഷംനയ്ക്കും ഇടയിലേക്ക് എത്തും.
ബിഗ് ബ്രദർ എന്നെഴുതിയ ബോർഡുമായി നിറചിരിയോടെ ഇരിക്കുന്ന ഹംദാന്റെ ചിത്രങ്ങളും കുറിപ്പിനൊപ്പം ഷംന പങ്കിട്ടു. വണ്‍ എന്നെഴുതിയ പ്ലക്ക് കാര്‍ഡ് പിടിച്ച് മകന്‍ ഹംദാന്‍ ഇരിക്കുന്നതിന്റെ അരികെ ടു എന്നെഴുതിയ പ്ലക്ക് കാര്‍ഡും 2026 എന്ന വര്‍ഷവും കുറിച്ചിട്ടുണ്ട്.
നിരവധി പേരാണ് ഷംനയ്ക്കും കുടുംബത്തിനും ആശംസകള്‍ നേർന്ന് എത്തിയത്. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
ഷംനയുടേയും ഷാനിദിന്റേയും ഹണിമൂണ്‍ പിരീഡിലെ ബേബിയാണ് ഹംദാൻ. നിക്കാഹ് കഴിഞ്ഞപ്പോള്‍ മുതല്‍ ഷാനിദും ഷംനയും ഒരുമിച്ച് താമസിച്ച് തുടങ്ങിയിരുന്നു. വിവാഹ ചടങ്ങ് നടക്കുന്ന സമയത്ത് ഷംന ഗർഭിണിയായിരുന്നു. വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കിട്ടപ്പോള്‍ വിവാഹം കഴിഞ്ഞ് ഏഴാം മാസത്തില്‍ താരം എങ്ങനെ വളകാപ്പ് ചടങ്ങ് നടത്തിയെന്നത് ചർച്ചയായിരുന്നു.
നിക്കാഹ് കഴിഞ്ഞപ്പോള്‍ താനും ഷാനിദും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നതെന്ന് ഷംന വെളിപ്പെടുത്തിയത്. മകനെ ഗർഭിണിയായിരുന്ന സമയത്തും നിറവയറില്‍ നൃത്തം ചെയ്തും അഭിനയിച്ചും ഷംന അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഷാനിദുമായുള്ള വിവാഹശേഷം ഷംന ദുബായില്‍ സെറ്റില്‍ഡാണ്. ഹംദാൻ ആസിഫ് അലി എന്നാണ് ഇവരുടെ മകന്റെ പേര്. താനും ഷംനയും തമ്മില്‍ പ്രശ്നങ്ങളില്ലെന്നും ഷംന നാട്ടില്‍ പോയപ്പോഴുണ്ടായ ഒറ്റപ്പെടലിനെ കുറിച്ചാണ് താൻ കുറിപ്പ് എഴുതിയത് എന്നുമാണ് പിന്നീട് വൈറല്‍ പോസ്റ്റിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഷാനിദ് പറഞ്ഞത്.
‘‘പ്രിയ സുഹൃത്തുക്കളേ... എന്റെ ഭാര്യ ജയിലർ 2 സിനിമയുടെ ഷൂട്ടിങിനായി ഇരുപത് ദിവസം ചെന്നൈയിലും പിന്നെ പതിനഞ്ച് ദിവസം മലപ്പുറത്തും വീട്ടിലുമൊക്കെയായതിനാല്‍ ആകെ 45 ദിവസത്തെ അവധിയായിരുന്നു. ഞങ്ങള്‍ വിവാഹിതരായി മൂന്ന് വർഷം കഴിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും നീണ്ട ദിവസങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചില്ലാതെ കഴിഞ്ഞിട്ടില്ല.
ആ ദിവസങ്ങളെയൊക്കെയാണ് ഞാൻ എന്റെ പോസ്റ്റില്‍ പങ്കുവച്ചത്. ദയവായി തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കരുത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സന്തോഷം നിറഞ്ഞ ജീവിതത്തോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്...’’ ഷാനിദ് കുറിച്ചു. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ് ഷംനയുടെ ഭര്‍ത്താവ്.