-->
തിരുവനന്തപുരം: കഴിഞ്ഞദിവസം ഷാഫി പറമ്പിലിനെ ഡിവൈഎഫ്‌ഐ തടഞ്ഞതില്‍ പ്രതിഷേധിച്ച് ക്ലിഫ്ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷത്തിലും എട്ടു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കേസിലെ ഒന്നാംപ്രതി ശ്യാംലാല്‍ അടക്കമുള്ളവരെയാണ് പിടികൂടിയത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരിക്കുന്ന കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള 28 പേരില്‍ എട്ടുപേരെയാണ് മ്യുസിയം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വധശ്രമം ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
നേരത്തേ ക്ലിഫ്ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസിന്റെ ബാരിക്കേഡിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീപ്പന്തം എറിഞ്ഞിരുന്നു. ഇതിനെതിരേ അനേകം ഇടതുനേതാക്കള്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുെട വീട് കത്തിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗികവസതിയായ കന്റോണ്‍മെന്റ് ഹൗസിനു നേരെയും വടകരയില്‍ ഷാഫി പറമ്പില്‍ എം.പിക്കു നേരെയും ഡി.വൈ.എഫ്.ഐ. ആക്രമണം നടത്തിയെന്നാരോപിച്ചായിരുന്നു ക്ലിഫ് ഹൗസിലേക്കു യൂത്ത് കോണ്‍ഗ്രസിന്റെ പന്തംകൊളുത്തി പ്രകടനം. ക്ലിഫ് ഹൗസിനു സമീപത്ത് പ്രകടനം പോലീസ് തടഞ്ഞിരുന്നു.
ബാരിക്കേഡ് തകര്‍ത്ത് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനുനേരേ കല്ലും തീപ്പന്തങ്ങളും എറിഞ്ഞെന്നാണ് കേസ്. പോലീസ് ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ പരുക്കേറ്റിരുന്നു. പ്രവര്‍ത്തകരെ പിന്നീട് അറസ്റ്റ് ചെയ്തുനീക്കി. അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രതിഷേധക്കാര്‍ തീപ്പന്തമെറിഞ്ഞെന്നും എസ്.ഐ. കൈകൊണ്ട് തടഞ്ഞില്ലായിരുന്നെങ്കില്‍ മരണംവരെ സംഭവിക്കാമായിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണ എസ്. നായര്‍, ഡി.സി.സി. സെക്രട്ടറി ശ്രീകല, കോര്‍പറേഷന്‍ കൗണ്‍സിലര്‍ മേരി പുഷ്പം എന്നിവരടക്കം 28 പേര്‍ക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തത്. അറസ്റ്റിലായ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. പോലീസിനുനേരേ തീപ്പന്തമെറിഞ്ഞു, പോലീസിന്റെ ഉപകരണങ്ങള്‍ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.