-->
ചെന്നൈ: നടന്‍ വിജയ്‌ക്കെതിരെ കേസ്. തമിഴക വെട്രി കഴകം ( ടിവികെ) യോഗത്തില്‍ പങ്കെടുത്ത ശരത് കുമാര്‍ എന്ന യുവാവാണ് പരാതിക്കാരന്‍. വിജയ് നടക്കുന്നതിനിടെ റാംപിലെത്തിയ യുവാവിനെ വിജയ്‌യുടെ കൂടെയുളളവര്‍ തൂക്കിയെറിഞ്ഞുവെന്നാണ് പരാതി.
വിജയ്‌യെ കൂടാതെ ബൗണ്‍സര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ മാസം 21ന് മധുരയിലെ പരപതിയില്‍ വെച്ച് നടന്ന രണ്ടാമത് ടിവികെയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു സംഭവം. ലക്ഷക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. സമ്മേളനം നടക്കുന്ന വേദിക്ക് മുമ്പിലായി വലിയ റാംപ് സെറ്റ് സജ്ജമാക്കിയിരുന്നു.
ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ വിജയ് ഈ റാംപിലൂടെ നടക്കവേ ചില അണികള്‍ റാംപിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ബൗണ്‍സര്‍മാര്‍ ഇവരെ തളളിയിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിന്നാലെ ശരത് കുമാറും അമ്മയും വിജയ്ക്കും ബൗണ്‍സര്‍മാര്‍ക്കുമെതിരെ ജില്ലാ അഡിഷണല്‍ പോലീസ് സൂപ്രണ്ട് ബാലമുരുകന് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജയ്ക്കും ബൗണ്‍സര്‍മാര്‍ക്കുമെതിരെ മൂന്ന് വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.