-->
മൂന്ന് പതിറ്റാണ്ടിലേറെയായി ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുുന്ന അഭിനേതാവാണ് സുനില്‍ ഷെട്ടി. വൈവിധ്യമാർന്ന കഥാപാത്രങ്ങള്‍ കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഒരു കാലത്ത് ഹിന്ദി ചലച്ചിത്ര മേഖലയില്‍ സുനില്‍ ഷെട്ടി നിറഞ്ഞു നിന്നിട്ടുണ്ട്. അക്കാലത്ത് താരത്തിന്റെ ആക്ഷന്‍ പാക്ക്ഡ് പെര്‍ഫോമന്‍സുകള്‍ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു. ഇന്നും വില്ലന്‍ വേഷങ്ങളും അച്ഛന്‍ കഥാപാത്രങ്ങളുമൊക്കെ ചെയ്ത് ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് താരം.
ഇപ്പോഴിതാ ഒരു മിമിക്രി കലാകാരനോട് വേദിയില്‍ വെച്ച് ദേഷ്യപ്പെടുന്ന സുനില്‍ ഷെട്ടിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭോപ്പാലിലെ കരോണ്ടില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം. പൊതുവേദികളില്‍ ശാന്ത സ്വഭാവത്തിന് പേരു കേട്ട സുനില്‍ ഷെട്ടിയുടെ ഈ പ്രതികരണം ആരാധകരെയും അമ്പരപ്പിച്ചിട്ടുണ്ട്.
ഏതോ പരിപാടിക്കിടെയാണ് മിമിക്രി താരം സുനില്‍ ഷെട്ടിയുടെ ശബ്ദം അനുകരിക്കുന്നത്. തന്റെ ശബ്ദം അനുകരിച്ചെത്തിയ മിമിക്രി കലാകാരന്റെ പ്രകടനം കണ്ടാണ് സുനില്‍ ഷെട്ടിക്ക് അതൃപ്തി തോന്നി. ഇതിന് പിന്നാലെ സ്റ്റേജിലെത്തിയ സുനില്‍ ഷെട്ടി മൈക്ക് വാങ്ങി മിമിക്രി കലാകാരനോട് സംസാരിക്കുകയായിരുന്നു. സിനിമകളിലെ സംഭാഷണങ്ങള്‍ പറഞ്ഞ് തന്നെ അനുകരിച്ച കലാകാരനെ സുനില്‍ ഷെട്ടി രൂക്ഷമായി വിമർശിച്ചു. മിമിക്രി നടന്റെ അനുകരണം തീരെ നിലവാരമില്ലാത്തതാണെന്നും, തന്റെ ശബ്ദത്തെക്കാള്‍ അത് ഒരു കുട്ടിയുടെ ശബ്ദം പോലെയാണ് തോന്നുന്നതെന്നും താരം തുറന്നടിച്ചു.
‘‘ഇത്ര വിലകുറഞ്ഞ മിമിക്രി ഞാന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല. എന്റെ ശബ്ദവുമായി ഒരു സാമ്യവുമുണ്ടായിരുന്നില്ല. ഇയാള്‍ ഏതൊക്കെയോ ഡയലോഗുകള്‍ പറയുന്നു, അത് എന്റെ ശബ്ദത്തില്‍ പോലുമല്ല. സുനില്‍ ഷെട്ടി സംസാരിക്കുമ്പോള്‍ പുരുഷനെ പോലെയാണ് സംസാരിക്കുക. പക്ഷേ ഇയാള്‍ ഒരു കുട്ടി സംസാരിക്കുന്നത് പോലെയാണ് ഡയലോഗ് പറഞ്ഞത്. മോനേ, മിമിക്രി ചെയ്യുമ്പോള്‍ അത് നന്നായി ചെയ്യണം. അല്ലാതെ ‘ബാഡ് ഇംപ്രഷൻ’ ഉണ്ടാക്കരുത്...’’ സുനില്‍ ഷെട്ടി പറഞ്ഞു.
സുനില്‍ ഷെട്ടി ഇത്രയും പറഞ്ഞതിന് പിന്നാലെ മിമിക്രി കലാകാരനായ യുവാവ് മാപ്പ് പറയുന്നതും വീഡിയോയില്‍ കാണാം. ‘‘സോറി സാർ, ഞാൻ താങ്കളെ അനുകരിക്കാൻ ശ്രമിക്കുകയായിരുന്നില്ല...’’ എന്നാണ് യുവാവ് പറഞ്ഞത്.
കലാകാരൻ ക്ഷമാപണം നടത്തിയെങ്കിലും സുനില്‍ ഷെട്ടി അതൊന്നും വകവെക്കാതെ വിമർശനം തുടർന്നു. രൂക്ഷമായ മറുപടിയിലൂടെയാണ് സുനില്‍ ഷെട്ടി സംസാരിച്ചത്. ‘‘ശ്രമിക്കരുത് മോനേ. നന്നായി പരിശീലിക്കാതെ ഇത്തരം പ്രകടനങ്ങള്‍ക്ക് മുതിരരുത്. എന്നെ അനുകരിക്കാൻ ശ്രമിക്കുകപോലും ചെയ്യരുത്. സുനില്‍ ഷെട്ടിയാകാൻ നീ ഒരുപാട് ദൂരം പോകേണ്ടതുണ്ട്. മുടി പിന്നില്‍ കെട്ടിവെച്ചാലൊന്നും നീ അതാകില്ല. എനിക്ക് തോന്നുന്നത് നീ സുനില്‍ ഷെട്ടിയുടെ ആക്ഷൻ സിനിമകളൊന്നും കണ്ടിട്ടില്ല എന്നാണ്...’’ രോഷത്തോടെ സുനില്‍ ഷെട്ടി പറഞ്ഞു. സ്റ്റേജില്‍ വെച്ച് മൈക്കിലൂടെ പരസ്യമായാണ് സുനില്‍ ഷെട്ടി ദേഷ്യപ്പെട്ടത്.
ഒട്ടേറെ പേരാണ് സുനില്‍ ഷെട്ടിയുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കമന്റുകളിട്ടത്. ‘നല്ല രീതിയില്‍ പ്രശസ്തനാകാൻ ഒരുപാട് വർഷങ്ങളെടുക്കും, എന്നാല്‍ അത് നശിപ്പിക്കാൻ ഏതാനും നിമിഷങ്ങള്‍ മതി, സുനില്‍ ഷെട്ടി എത്രത്തോളം അരക്ഷിതനാണെന്നാണ് ഇത് കാണിക്കുന്നത്. അയാള്‍ സ്വയം ലജ്ജിക്കണം...’ എന്നതടക്കമാണ് കമന്റുകള്‍.