-->
മലയാള സിനിമാപ്രേക്ഷകര്‍ക്കായി കലാമൂല്യമുള്ള ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി സിനിമാമേഖലയിലെത്തി പിന്നീട് ഏറെ നാള്‍ സിനിമയിൽ സഹസംവിധായകനായ ശേഷമാണ് ‘ഒരു മറവത്തൂർ കനവ്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ചില സിനിമകളില്‍ അതിഥി വേഷത്തിലെത്തി അഭിനേതാവായും ലാല്‍ ജോസ് കൈയടി നേടിയിട്ടുണ്ട്.
മീശ മാധവൻ, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മിൽ, ഇമ്മാനുവൽ, വിക്രമാദിത്യൻ തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായതാണ് ലാല്‍ ജോസ്. ദിലീപ് - ലാല്‍ ജോസ് കോമ്പോയിലെത്തിയ മിക്ക സിനിമകളും ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയിട്ടുമുണ്ട്. അക്കൂട്ടത്തില്‍ മലയാള സിനിമയില്‍ ഏറെ ചർച്ചയായ ചിത്രമായിരുന്നു ദിലീപിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ ‘ചാന്ത്പൊട്ട്’. ബോക്സ് ഓഫീസില്‍ വൻ വിജയം നേടിയ ദിലീപ് നായകനായ ഈ സിനിമ മൂലം തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ട്രോമകളെക്കുറിച്ച് എല്‍ജിബിടിക്യു കമ്യൂണിറ്റിയില്‍ നിന്നും നിരവധി പേര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എല്‍ജിബിടിക്യു സമൂഹത്തിന് മാനസിക ആഘാതമുണ്ടാക്കിയെന്ന തരത്തില്‍ പിന്നീട് വലിയ വിമർശനങ്ങള്‍ നേരിട്ടിരുന്നു.
ഇപ്പോഴിതാ ‘ചാന്ത്പൊട്ടി’നെക്കുറിച്ചും രാധ എന്ന കഥാപാത്രത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ദിലീപിന്റെ കഥാപാത്രം ട്രാൻസ്ജെൻഡർ ആയിരുന്നില്ലെന്നും രാധ എന്ന രാധാകൃഷ്ണന് ചില സ്വഭാവപരമായ പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് ദിലീപിനെയായിരുന്നു ജൂറിയിലെ ഭൂരിപക്ഷം പേരും തിരഞ്ഞെടുത്തതെന്നും എന്നാല്‍ സിനിമാരംഗത്തെ 'വേണ്ടപ്പെട്ടവർ' തന്നെ എതിർത്തതുകൊണ്ടാണ് പുരസ്കാരം നഷ്ടമായതെന്നും ലാല്‍ ജോസ് പറഞ്ഞു.
‘‘ചാന്ത്പൊട്ട്’ ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തിന്റെ കഥയാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആളുകള്‍ കഥ അറിയാതെയാണ് സിനിമയെ വിലയിരുത്തിയത്. അയാള്‍ക്ക് ബിഹേവിയറല്‍ പ്രശ്‌നമുണ്ടെന്നേയുള്ളൂ. അയാളുടെ പെരുമാറ്റ രീതിയില്‍ ചെറിയൊരു സ്വാധീനമുണ്ടായിട്ടുണ്ടെന്ന് മാത്രം. സിനിമയില്‍ ആ കഥാപാത്രം ഒരു പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെടുകയും കുഞ്ഞുണ്ടാവുകയും ചെയ്യുന്നുണ്ട്. ലൈംഗികമായി അയാള്‍ക്ക് പ്രശ്നങ്ങളില്ലായിരുന്നു,
ചാന്ത്പൊട്ടിലെ കഥാപാത്രത്തിന്റെ ഔട്ട്‌ലുക്കിന്റെ ക്രെഡിറ്റ് മുഴുവന്‍ ദിലീപിനാണ്. ആ കഥാപാത്രം നേരത്തെ തന്നെ ദിലീപിന്റെ ഉള്ളിലുണ്ടായിരുന്നു. ബെന്നിയുടെ അറബിക്കടലും അത്ഭുതവിളക്കും എന്ന നാടകമായിരുന്നു സിനിമയായത്. നാടകത്തില്‍ ബെന്നിയാണ് രാധാകൃഷ്ണനായത്. പക്ഷെ അതിലെ കഥ വ്യത്യസ്തമായിരുന്നു. ആ കഥാപാത്രത്തെയെടുത്ത് സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
കഥാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ അതേക്കുറിച്ച് ദിലീപിന്റെ ഉള്ളിലൊരു ധാരണയുണ്ടായിരുന്നു. സാധാരണ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സ്കിറ്റുകളില്‍ പലരും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഒരു സിനിമയുടെ തുടക്കം മുതല്‍ 60 ദിവസം വരെ ആ കഥാപാത്രമായി ജീവിക്കുന്നത് ഒരു നടന്റെ മിടുക്കാണ്.
കഥാപാത്രത്തിനായി ആദ്യം തിരഞ്ഞെടുത്ത അയഞ്ഞ വസ്ത്രങ്ങള്‍ ദിലീപ് മാറ്റി. ശരീരത്തോട് ചേർന്നുകിടക്കുന്ന വസ്ത്രങ്ങള്‍ വേണമെന്ന് ദിലീപ് നിർബന്ധം പിടിച്ചു. ആദ്യം കൊണ്ടുവന്ന വസ്ത്രങ്ങളെല്ലാം ലൂസ് ഫിറ്റായിരുന്നു. അപ്പോള്‍ ദിലീപാണ് പറയുന്നത് ടൈറ്റ് ആക്കണം, ‘എന്റെ ശരീരം എനിക്ക് ഫീല്‍ ചെയ്യണം’ എന്ന്. കോസ്റ്റ്യുമർക്ക് എന്തിനാണെന്ന് മനസിലായില്ല.
മുടി നീളത്തില്‍ വളര്‍ത്താനുള്ള സമയമൊന്നും ഇല്ല. അതിനാല്‍ വിഗ്ഗ് വേണം, അതും തലയാട്ടുമ്പോള്‍ ഇളകുന്ന തരത്തിലുള്ളത് എന്ന് ദിലീപിന്റെ നിർദ്ദേശമായിരുന്നു. അതൊക്കെ പെര്‍ഫോം ചെയ്യാനുള്ള സൗകര്യത്തിന് വേണ്ടിയാണ്. ഇതെല്ലാം കഥാപാത്രത്തെ മികച്ചതാക്കാൻ സഹായിച്ചു. 60 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ഒരു ദിവസം ഞാന്‍ അവന്റെ റൂമില്‍ ചെല്ലുമ്പോള്‍ കാണുന്നത് അവന്‍ കിടന്നുറങ്ങുന്നതാണ്. രാധ കിടക്കുന്നത് പോലെയാണ് അവന്‍ കിടന്നിരുന്നത്. പിന്നെ ഉഴച്ചിലിനൊക്കെ പോയിട്ടാണ് കയ്യും കാലുമൊക്കെ ശരിയാക്കുന്നത്. അത്രയും ഇന്‍വോള്‍ഡ് ആയിരുന്നു.
സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയം വന്നപ്പോള്‍ ഭൂരിപക്ഷം ആളുകളും ദിലീപിന് കൊടുക്കണം എന്ന് പറഞ്ഞപ്പോള്‍ നമ്മുടെ വേണ്ടപ്പെട്ട ചില ആളുകള്‍ തന്നെയാണ് അത് മിമിക്രിയാണ്. മിമിക്രിയില്‍ ഒരുപാട് ആളുകള്‍ ഇത് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അത്ര വലിയും കാര്യം ഒന്നും അല്ല എന്ന് പറഞ്ഞു. പക്ഷെ ആ വേഷമൊന്ന് ചെയ്ത് നോക്കണം. ഫൈറ്റ് ചെയ്യുമ്പോഴാകട്ടെ, ഡാന്‍സ് ചെയ്യുമ്പോഴാകട്ടെ അദ്ദേഹം ഒരു മില്ലി മീറ്റര്‍ ആ കഥാപാത്രത്തില്‍ നിന്നും മാറിപ്പോയിട്ടില്ല...’’ ലാല്‍ ജോസ് പറഞ്ഞു.