-->
മലയാളത്തിന് എക്കാലവും പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങളില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങള്‍ മുന്‍പന്തിയിലുണ്ടാകും. പ്രേക്ഷകരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സിനിമകളാണ് സത്യൻ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്. ഗ്രാമാന്തരീക്ഷത്തിലുള്ള കഥകള്‍ പറയാറുള്ള സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ ക്ലൈമാക്സ് എന്നും ഒരു നറുപുഞ്ചിരി പ്രേക്ഷകര്‍ക്ക് സമ്മാനിക്കാറുണ്ട്.
മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ-സത്യൻ അന്തിക്കാടിന്റേത്. ടി.പി. ബാലഗോപാലൻ എം,എ മുതല്‍ റിലീസിനൊരുങ്ങുന്ന ഹൃദയപൂർവം വരെ എത്രയെത്ര സിനിമകള്‍ ഇവര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. നിരവധി സൂപ്പർഹിറ്റുകള്‍ ഒരുക്കിയ ഈ കൂട്ടുകെട്ടില്‍ ഇന്നും എവര്‍ഗ്രീനായി നിലനില്‍ക്കുന്ന സിനിമയാണ് സത്യൻ അന്തിക്കാടും മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രമായ നാടോടിക്കാറ്റ്.
മോഹൻലാലിന്റെ ദാസനും ശ്രീനിവാസന്റെ വിജയനും തിയേറ്ററുകളില്‍ ഒരുക്കിയ പൊട്ടിച്ചിരിയുടെ അലയൊലികള്‍ ഇന്നും അടങ്ങിയിട്ടില്ല. പിന്നീട് നാടോടിക്കാറ്റിന്റെ രണ്ടാംഭാഗമായ പട്ടണപ്രവേശം സംവിധാനം ചെയ്തതും സത്യൻ അന്തിക്കാടായിരുന്നു. എന്നാല്‍ മൂന്നാംഭാഗമായ അക്കരെ അക്കരെ അക്കരെ പ്രിയദർശന്റെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്.
ഇപ്പോഴിതാ ആരാധകര്‍ വർഷങ്ങളായി ചോദിക്കുന്ന നാടോടിക്കാറ്റിന് നാലാംഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സത്യൻ അന്തിക്കാട്. ദാസന്റെയും വിജയന്റെയും നാലാവരവിന്റെ കാര്യത്തില്‍ വ്യക്തത നല്‍കിയ സത്യന്‍ അന്തിക്കാട് ദാസനും വിജയനും മാറിപ്പോയെന്നും അവരെ വച്ച് നാലാം ഭാഗം പറ്റില്ലെന്നുമാണ് പറയുന്നത്.
‘‘നാടോടിക്കാറ്റിന് നാലാംഭാഗം ഉണ്ടാകില്ല. ദാസനും വിജയനും മാറിപ്പോയി. നമ്മുടെ മനസിലുള്ള, എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് പറയുന്ന ആ ദാസന്റെയും വിജയന്റെയും പ്രായം മാറിപ്പോയി. ഈ ദാസനെയും വിജയനെയും വച്ച് നാലാംഭാഗം എടുക്കാൻ പറ്റില്ല. ‘അക്കരെ അക്കരെ അക്കരെ’ ഇറങ്ങിയ സമയത്ത് നാലാംഭാഗത്തെ കുറിച്ച് ആലോചിച്ചിരുന്നു.
സത്യമംഗലം കാടുകളില്‍ വീരപ്പൻ വിരാജിച്ചിരുന്ന കാലത്ത് ദാസനും വിജയനും കൂടി വീരപ്പനെ പിടികൂടാൻ പോയാല്‍ എങ്ങനെയിരിക്കും എന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു, എന്നാല്‍ അത് വർക്കൗട്ടായില്ല. പിന്നീട് ലാലും ശ്രീനിവാസനും കൂടി നാലാംഭാഗത്തെ കുറിച്ച് ഒരു ത്രെഡ് പറഞ്ഞിരുന്നു. അതെനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അന്ന് ഞാന്‍ പറഞ്ഞത്, ‘നാടോടിക്കാറ്റും പട്ടണപ്രവേശവും മലയാളികളുടെ മനസില്‍ നില്‍ക്കുന്നുണ്ടല്ലോ. അത് അങ്ങനെ തന്നെ നില്‍ക്കട്ടെ‘ എന്നാണ് അവരോട് പറഞ്ഞത്. നാലാം ഭാഗം ചെയ്തു കഴിയുമ്പോള്‍ അയ്യോ ഇതിനെക്കാള്‍ ഭേദം മറ്റേത് ആയിരുന്നല്ലോ എന്ന് തോന്നരുതല്ലോ. എപ്പോഴും ഒരു കൊതി ബാക്കിനില്‍ക്കണമല്ലോ...’’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
ഓണത്തിനാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ഹൃദയപൂര്‍വ്വം’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമെന്നതിലുപരി പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന മോഹൻലാല്‍ ചിത്രമായിരിക്കും ഹൃദയപൂര്‍വമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവിതഗന്ധിയായ കഥ പറയുന്ന ചിത്രത്തില്‍ സന്ദീപ് ബാലകൃഷ്‍ണൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ എത്തുന്നത്. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. ബോക്സ് ഓഫീസില്‍ സത്യൻ അന്തിക്കാട് മോഹൻലാല്‍ ചിത്രം വൻ നേട്ടം കൊയ്യുമെന്നുമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ എന്റർടെയ്നർ ചിത്രം കൂടിയായിരിക്കും ഹൃദയപൂർവ്വം എന്ന രീതിയാണ് ടീസര്‍ നല്‍കിയത്. മോഹൻലാൽ - സംഗീത് പ്രതാപ് കോമ്പോയാണ് പ്രേക്ഷകര്‍ ഈ സിനിമയില്‍ പ്രതീക്ഷിക്കുന്ന മറ്റൊരു എലമന്റ്.
എന്നും എപ്പോഴും എന്ന സിനിമയാണ് ഒടുവില്‍ മോഹൻലാലിനെ നായക വേഷത്തില്‍ എത്തിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മോഹൻലാല്‍ ചിത്രത്തില്‍ മഞ്‍ജു വാര്യരായിരുന്നു നായികയായി എത്തിയത്. ഇന്നസെന്റും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു.