-->
മോഹല്‍ലാലിന്റെ സിനിമകള്‍ മാത്രമല്ല എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അടുത്തിടെയായി വ്യത്യസ്ത ജോണറിലുള്ള ഒരുപാട് മോഹന്‍ലാല്‍ സിനിമകള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ പുത്തന്‍ സിനിമകള്‍ക്കായും അതിന്റെ അപ്ഡേഷനുകള്‍ക്കായും വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
തന്റെ ഏറ്റവും പുതിയ സിനിമയായ ‘ഹൃദയപൂര്‍വ്വം’ റിലീസിന് കാത്തിരിക്കുമ്പോള്‍ താരം പ്രൊമോഷന്‍ അഭിമുഖങ്ങളും നല്‍കുന്നുണ്ട്. അതിന്റെ സംസാരത്തിനിടയില്‍ താരം പറയുന്ന ചില മറ്റു വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നുണ്ട്.
ഇപ്പോഴിതാ താന്‍ പഴയ സിനിമകള്‍ കാണാറില്ലെന്ന് പറയുകയാണ് മോഹന്‍ലാല്‍. ആ സിനിമകള്‍ കാണുമ്പോള്‍ തന്റെ കൂടെ പണ്ട് അഭിനയിച്ചവരില്‍ പലരും ഇന്ന് കൂടെയില്ലെന്ന സങ്കടം മനസിലേക്ക് വരുമെന്നും
‘‘പഴയ സിനിമകളിലെ സീനുകള്‍ കാണുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസിലേക്ക് ഓടിയെത്തും. അന്നത്തെ സ്ഥലങ്ങളും കൂടെ അഭിനയിച്ചവരുമൊക്കെ. ഇപ്പോള്‍ റീലുകളിലൂടെ കൊച്ചു കൊച്ചു ഭാഗങ്ങളായി കാണാമല്ലോ. ചില സമയങ്ങളിലൊക്കെ ഒരുപാട് പേരെ ഓര്‍ക്കാന്‍ സാധ്യതയുണ്ട്. അതില്‍ പലരും ഇന്ന് ഇല്ല. വലിയ സങ്കടമാണ്, ചില സീനുകളൊക്കെ നോക്കുമ്പോള്‍ ഞാന്‍ മാത്രമേയുള്ളൂ, ബാക്കിയാരുമില്ല. അങ്ങനെ വരുമ്പോള്‍ സങ്കടം വരും...
ആ സമയത്ത് നമ്മള്‍ വളരെ ആസ്വദിച്ച് ചെയ്ത സിനിമകളാണ്. ഈയ്യടുത്ത് ചന്ദ്രലേഖ എന്ന സിനിമയിലെ ഒരു സീന്‍ കണ്ടു. അതില്‍ എനിക്ക് ചുറ്റും നിന്ന് അഭിനയിച്ച ആരും ഇന്നില്ല. ഞാന്‍ മാത്രമേയുള്ളൂ. സമാനമായ രീതിയില്‍ ഒരിക്കല്‍ മധു സാര്‍ എന്നോട് ഈ സങ്കടം പങ്കിട്ടിരുന്നു.
എന്റെയടുത്ത് മധു സാര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ലാലു സിനിമ കാണുമ്പോള്‍ സങ്കടം വരുമെന്ന്. എന്തുപറ്റി സാര്‍ എന്ന് ചോദിച്ചപ്പോള്‍ ഒരുത്തന്‍ പോലുമില്ല, ഞാന്‍ മാത്രമേയുള്ളു ഇന്ന് എന്നായിരുന്നു മറുപടി. അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചവരും സംവിധായകരും ക്യാമറാമാന്മാരുമൊന്നും ഇന്നില്ല. അതൊരു സങ്കടമാണ്. എങ്കിലും അന്നത്തെ നിമിഷങ്ങള്‍ ഓര്‍ത്ത് ആസ്വദിക്കാനാകും. പഴയ സിനിമകള്‍ ഞാന്‍ അധികം കാണാറില്ല...’’ മോഹന്‍ലാല്‍ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം ആണ് മോഹന്‍ലാലിന്റെ പുതിയ സിനിമ. ചിത്രത്തില്‍ മാളവിക മോഹനന്‍, സംഗീത് പ്രതാപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തില്‍ മീര ജാസ്മിന്‍, ബേസില്‍ ജോസഫ് തുടങ്ങിയവരുടെ സര്‍പ്രൈസ് എന്‍ട്രികളുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് 28 നാണ് സിനിമയുടെ റിലീസ്.
‘ഹൃദയപൂര്‍വ’ത്തെക്കുറിച്ചും മോഹന്‍ലാല്‍ ഈ അഭിമുഖത്തില്‍ സംസാരിച്ചു. ‘‘വ്യത്യസ്തമായ ക്യാരക്ടറാണ് ഈ സിനിമയില്‍. ഹ്യൂമന്‍ ഇമോഷന്‍സിന് ഒരുപാട് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടുള്ളവരില്‍ കൂടുതലും പുതിയ ജനറേഷനിലുള്ളവരാണ്. ഈ സിനിമയില്‍ വേറൊരു തലത്തിലാണ്. സത്യന്‍ അന്തിക്കാടിന്റെ ആദ്യ സിനിമ മുതല്‍ താനുണ്ട്. ഹൃദയപൂര്‍വം ഒരു ഫീല്‍ ഗുഡ് സിനിമയാണ്...’’ മോഹന്‍ലാല്‍ പറഞ്ഞു.
രോഗമുക്തനായി മമ്മൂട്ടി തിരിച്ചവരുന്നതിനെക്കുറിച്ചും മോഹന്‍ലാല്‍ മനസ് തുറന്നു. ‘‘ഒരുപാട് പേരുടെ പ്രാര്‍ത്ഥനയാണ് ഒരു കുഴപ്പവുമില്ലാതെ അദ്ദേഹത്തെ തിരിച്ചെത്തിക്കുന്നത്. ഈശ്വരന് നന്ദി പറയുന്നു. അടുത്ത മാസം തന്നെ അദ്ദേഹം അഭിനയം തുടങ്ങും. ആദ്യ ഡബ്ബിങിലേക്കാകും പോകുന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ എല്ലാവരും സന്തോഷത്തിലാണ്...’’ മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.