Thursday, March 12, 2026 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 23 Aug 2025 08.58 AM

പീഡനശ്രമത്തിനിടയില്‍ കടുത്ത ആസ്ത്മാരോഗിയായ റംലത്തിന് ശ്വാസതടസ്സമുണ്ടായി മരണപ്പെട്ടു ; പ്രതി തുടക്കം മുതല്‍ സംശയനിഴലില്‍

uploads/news/2025/08/797290/aboubakar.jpg

അമ്പലപ്പുഴ: വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തായ വയോധികന്‍ അറസ്റ്റില്‍. മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍ വീട് അബൂബക്കറി (68)നെയാണ് അമ്പലപ്പുഴ ഡിവൈ.എസ്.പി: കെ.എന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 17 നായിരുന്നു പുറക്കാട് പഞ്ചായത്ത് 12 -ാം വാര്‍ഡില്‍ ചെമ്പകപള്ളി വീട്ടില്‍ റംലത്തിനെ (58) മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒറ്റപ്പന ജുമാ മസ്ജിദ് ജീവനക്കാരന്‍ കൂടിയായ അബൂബക്കര്‍ 16ന് രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി അടുക്കള വാതില്‍ കുത്തിത്തുറന്ന് റംലത്തിനെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കടുത്ത ശ്വാസതടസമുണ്ടായതാണ് മരണകാരണമെന്നു പോലീസ് പറഞ്ഞു. ദീര്‍ഘനാളായി റംലത്തിനെ കടുത്ത ആസ്ത്മാരോഗം അലട്ടിയിരുന്നു. മരിച്ചതിന് ശേഷം പ്രതി റംലത്തിന്റെ മൃതദേഹം മുഖംവരെ വസ്ത്രം കൊണ്ട് മൂടിയശേഷം തെളിവ് നശിപ്പിക്കാന്‍ മുറിയില്‍ മുളക് പൊടിയും വിതറിയിരുന്നു.

പള്ളിയില്‍ 18 വര്‍ഷമായി ജോലി ചെയ്യുന്ന അബൂബക്കര്‍ മരണവിവരം പുറത്തറിഞ്ഞ സമയം മുതല്‍ ഇവിടെയുണ്ടായിരുന്നു. മരണത്തില്‍ ദുരൂഹത വന്നതോടെ പലരെയും ചോദ്യം ചെയ്തപ്പോള്‍ അബൂബക്കറിനെയും രണ്ട് തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് റംലത്തിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ തവണ റംലത്തിനെ ഫോണ്‍ ചെയ്തിരുന്നത് അബൂബക്കറാണെന്ന് കണ്ടെത്തി.

16ന് രാത്രിയില്‍ രണ്ട് തവണ അഞ്ച് മിനിറ്റോളം ഫോണ്‍ ചെയ്തിരുന്നതായും കണ്ടെത്തി. തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. 16ന് രാത്രി 12 ഓടെയാണ് അബൂബക്കര്‍ റംലത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡനശ്രമം നടത്തിയത്. മരണശേഷം ഇയാള്‍ തന്റെ ഉടുപ്പും കൈലിയും കിറ്റില്‍ പൊതിഞ്ഞ് പള്ളിയുടെ പാചകപ്പുരയില്‍ ഒളിപ്പിച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തു.

പ്രതിയെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും. തന്നെ കബളിപ്പിക്കുന്നു എന്നു തോന്നിയതുകൊണ്ടാണ് അതിക്രമം കാട്ടിയതെന്നു അബൂബക്കര്‍ പോലീസിനോട് പറഞ്ഞു. റംലത്തിന്റെ ഫോണ്‍ എവിടെയാണ് കളഞ്ഞതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. പ്രതി തുടക്കം മുതല്‍ സംശയനിഴലിലായിരുന്നു. പോലീസിന്റെ കൃത്യമായ അന്വേഷണമാണ് റംലത്ത് വധക്കേസില്‍ പ്രതിയെ വലയിലാക്കിയത്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസുമായി സഹകരിച്ചിരുന്ന അബൂബക്കര്‍ സംശയനിഴലിലായിരുന്നു.

ഡിവൈ.എസ്.പി: എന്‍.കെ രാജേഷിന്റെ നേതൃത്വത്തില്‍ സി.ഐ: പ്രതീഷ് ഉള്‍പ്പെടെ 30 അംഗ പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സംഘം അന്വേഷണം നടത്തുകയും പലരെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം അബൂബക്കര്‍ നിരീക്ഷണത്തിലായിരുന്നു. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW