-->
' ലോകത്തിലെ ഏറ്റവും സൗമ്യനായ ന്യായാധിപന്‍' എന്നറിയപ്പെടുന്ന അമേരിക്കന്‍ ജഡ്ജി ഫ്രാങ്ക് കാപ്രിയോയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ ഷമ്മി തിലകന്‍. കോടതിമുറിയില്‍ ദയയ്ക്കും ഒരു സ്ഥാനമുണ്ട് എന്ന് ലോകത്തിനു കാണിച്ചുകൊടുത്ത അദ്ദേഹത്തിന്റെ ജീവിതം ദയയുടെയും കാരുണ്യത്തിന്റെയും വിളക്കുമാടമായിരുന്നു എന്നാണ് ഷമ്മി തിലകന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം:
അമേരിക്കയുടെ പ്രിയപ്പെട്ട ജഡ്ജി 'ഫ്രാങ്ക് കാപ്രിയോ'യുടെ വിയോഗവാര്‍ത്ത അതിയായ ദുഃഖമുണ്ടാക്കുന്നു. ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍, നീതിക്ക് എത്രമാത്രം അനുകമ്പയുള്ളതായിരിക്കാന്‍ സാധിക്കുമെന്നും കോടതിമുറിയില്‍ ദയയ്ക്കും ഒരു സ്ഥാനമുണ്ട് എന്നും അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. 88 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ ജീവിതം ദയയുടെയും കാരുണ്യത്തിന്റെയും വിളക്കുമാടമായിരുന്നു.തന്റെ വിധികള്‍ വഴി അദ്ദേഹം നമ്മളെ ഓര്‍മ്മിപ്പിച്ചത് ഷേക്‌സ്പിയറുടെ പ്രശസ്തമായ ഈ വാക്കുകളാണ്:''The quality of mercy is not strained; It droppeth as the gentle rain from heaven... And earthly power doth then show likest God's When mercy seasons justice.' (ദയയുടെ ഗുണം നിര്‍ബന്ധിച്ചുണ്ടാക്കേണ്ട ഒന്നല്ല; അത് സ്വര്‍ഗ്ഗത്തില്‍ നിന്ന് പെയ്യുന്ന സൗമ്യമായ മഴ പോലെയാണ്... നീതിയെ ദയയാല്‍ പാകപ്പെടുത്തുമ്പോള്‍ ഭൗമികമായ അധികാരം ദൈവീകമായതിന് സമാനമാകുന്നു.)അങ്ങ് വേദനയോടെ യാത്ര ചോദിക്കുമ്പോള്‍, അങ്ങയുടെ വിനയവും ദയയും നിറഞ്ഞ പുഞ്ചിരിയും ഞങ്ങള്‍ ഓര്‍ക്കുന്നു. അങ്ങയുടെ ആത്മാവിന് ശാന്തി നേര്‍ന്നുകൊണ്ട് വിട....!
പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അമേരിക്കയിലെ റോഡ് ഐലന്‍ഡ് സ്റ്റേറ്റിലുളള പ്രൊവിഡന്‍സ് മുന്‍സിപ്പല്‍ കോര്‍ട്ടിലെ മുന്‍ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. മനുഷ്യത്വപരമായ പെരുമാറ്റത്തിലൂടെ ശ്രദ്ധനേടിയ ഫ്രാങ്ക് ' കോട്ട് ഇന്‍ പ്രൊവിഡന്‍സ്' എന്ന പേരില്‍ നടത്തിയ ടിവി ഷോയും വൈറലായിരുന്നു. കോടതിമുറികളിലെ സഹാനുഭൂതിയുടെ കരസ്പര്‍ശം കൂടിയായിരുന്നു ഫ്രാങ്ക് കാപ്രിയോ.