Sunday, March 15, 2026 Last Updated 15 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 21 Aug 2025 11.00 AM

‘അപ്പനേക്കാൾ പ്രായമുള്ള മമ്മൂട്ടിയെ കണ്ടിട്ട് ഇപ്പൊ എന്തോ മലമറിക്കാനാ’ ഉള്ളിലെ പുച്ഛിസ്റ്റ് സ്വയം ചോദിച്ചു; പക്ഷേ ഉദിച്ചുയരുന്ന സൂര്യനെ പോലെ ആ മനുഷ്യനെത്തി...’ കുറിപ്പുമായി താര ടോജോ അലക്‌സ്

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് മമ്മൂട്ടിയെക്കുറിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമാണ്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ മമ്മൂട്ടിയെ ആദ്യമായി കണ്ട സമയത്തെ അനുഭവക്കുറിപ്പ് പങ്കിടുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ താര ടോജോ അലക്‌സ്.
Mammootty. Now, Youth Congress leader Tara Tojo Alex
Tara Tojo Alex shares her memory of meeting mammootty for the first time (Image Source: Facebook)

മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ എന്നും പൗരുഷത്തിന്റെ പ്രതീകമാണ് മമ്മൂട്ടി. താരം വെള്ളിത്തിരയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളും അഭിമുഖങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്ന ലുക്കും എന്നും ആരാധകര്‍ ഏറ്റെടുക്കുന്നതാണ്. പ്രായം 70 നു മുകളില്‍ ആണെങ്കിലും യുവതാരങ്ങളെ വെല്ലുന്ന സൗന്ദര്യവും ചെറുപ്പവുമാണ് താരത്തിന്. തന്റെ ജീവിതശൈലി കൊണ്ടും ഫിറ്റ്നെസ്സ് രീതികള്‍ കൊണ്ടും മമ്മൂട്ടി എന്ന പ്രേക്ഷകരുടെ സ്വന്തം മമ്മൂക്ക എപ്പോഴുമൊരു അത്ഭുതമാണ്. സോഷ്യല്‍ മീഡിയയിലൂടെ എത്തുന്ന മമ്മൂക്കയുടെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് തരംഗമായി മാറാറുള്ളത്.
അടുത്തകാലത്തായി മമ്മൂക്ക ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നു പോകുകയാണെന്ന വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. താരം അസുഖബാധിതനാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് അറിഞ്ഞപ്പോള്‍ പ്രേക്ഷകരും ആരാധകരും സഹതാരങ്ങളും കേരളജനത മുഴുവനും ഒരുപോലെ സങ്കടപ്പെട്ടു, ആശങ്കപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടി ചികിത്സ പൂര്‍ത്തിയാക്കി തിരിച്ച്‌ വന്നിരിക്കുകയാണെന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സഹതാരവും സഹോദരതുല്യനുമായ മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റോ ജോസഫും മേക്കപ്പ്മാനായ ജോര്‍ജും മമ്മൂട്ടി സുഖം പ്രാപിച്ചു എന്നറിയിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കിട്ടിരുന്നു. അതിനു ശേഷം മമ്മൂക്കയെ കുറിച്ചുളള കുറിപ്പുകളാണ് സോഷ്യല്‍ മീഡിയ നിറയുന്നത്.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ താര ടോജോ അലക്‌സ് പങ്കുവെച്ച അനുഭവം ശ്രദ്ധ നേടുകയാണ്. കോളജില്‍ പഠിക്കുന്ന സമയത്ത് ഇന്റര്‍ കോളജ് കലോത്സവത്തില്‍ മുഖ്യാതിഥിയായി മമ്മൂട്ടി എത്തിയതിനെക്കുറിച്ചും പിന്നീട് താരത്തിന്റെ ഫാനായി മാറിയ സംഭവവുമാണ് താര കുറിച്ചത്.
‘‘മമ്മൂട്ടിയെ ആദ്യമായി കണ്ട ദിവസം...’
ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന സിബിഎസ്ഇ സ്കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം, ഇംഗ്ലീഷ് മാത്രം പ്രധാന മീഡിയമായ ഗേൾസ് കോളേജിൽ പഠിക്കുന്ന സമയം...ഞങ്ങളുടെ ഗാങ്ങിലെ പെൺകുട്ടികളോക്കെ മലയാളം സിനിമ എന്ന് കേട്ടാൽ തന്നെ മുഖം ചുളിക്കുന്ന കാലം...ഇംഗ്ലീഷ്...ഹിന്ദി സിനിമകൾ മാത്രം കാണുകയും...ജോൺ എബ്രഹാം, മിലിൻഡ് സോമൻ, ടോം ക്രൂയിസ്, ബ്രാഡ് പിറ്റ്, ലിയനാർഡോ ഡി ക്യാപ്രിയോ...
ഇവരൊക്കെയാണ് ലോകത്തിലെ ഏറ്റവും സുന്ദരന്മാരെന്ന് കരുതി ക്രഷ് അടിച്ചു നടന്ന മിഡ് ടീനേജ് കാലം...അങ്ങനെയിരിക്കെ, മാതൃഭൂമി ദിനപത്രം എറണാകുളത്തെ എല്ലാ കോളേജുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഇന്റർ കോളജ് കലോത്സവം സംഘടിപ്പിച്ചു. അന്ന്, പങ്കെടുത്ത ഒട്ടുമിക്ക എല്ലാ മത്സരയിനങ്ങളിലും ഞങ്ങളുടെ കോളേജ് ഒന്നാമതെത്തി, ഓവറോൾ കിരീടം നേടി. സമ്മാനദാന ചടങ്ങ് അന്ന് വൈകിട്ട് തന്നെ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ. പരിപാടിയിൽ മുഖ്യാതിഥിയായി വരുന്നതും സമ്മാനം നൽകുന്നതും സിനിമാ നടൻ മമ്മൂട്ടിയാണ് എന്ന് കേട്ടപ്പോൾ...
സത്യം പറഞ്ഞാൽ, പ്രത്യേകിച്ചൊന്നും തന്നെ തോന്നിയില്ല. ‘അപ്പനേക്കാൾ പ്രായമുള്ള മമ്മൂട്ടിയെ കണ്ടിട്ട് ഇപ്പൊ എന്തോ മലമറിക്കാനാ....’എന്ന് ഉള്ളിലെ പുച്ഛിസ്റ്റ് സ്വയം ചോദിച്ചു. വൈകിട്ട് സമ്മാനദാന ചടങ്ങിൽ പങ്കെടുക്കാൻ ഞങ്ങൾ പെൺകുട്ടികളെല്ലാം ഉടുത്തൊരുങ്ങി സ്റ്റേഡിയത്തിൽ എത്തിയപ്പോൾ അവിടെ കണ്ടത്, മമ്മൂട്ടിയെ കാണാൻ ഒഴുകിയെത്തിയ ജനസാഗരം..
‘വാട്ട് സില്ലി പീപ്പിള്‍...’ എന്ന് തമ്മിൽ അടക്കം പറഞ്ഞുകൊണ്ട്, ആരൊക്കെ വന്നാലും പോയാലും അന്നത്തെ താരങ്ങൾ ഞങ്ങളാണെന്ന് ഭാവത്തിൽ വേദിയിലെ മുൻനിരയിലെ സീറ്റുകളിൽ തന്നെ ഇടം പിടിച്ചു...പരിപാടി തുടങ്ങി അൽപസമയത്തിനകം സ്റ്റേഡിയത്തിലേക്ക് മമ്മൂട്ടി എത്തി. അദ്ദേഹത്തെ കണ്ട ആൾക്കൂട്ടം മുഴുവൻ ആവേശത്തോടെ ആർത്തലച്ചു... ‘ഇതൊക്കെ എന്ത്’ എന്ന മനോഭാവത്തിൽ ഞങ്ങൾ പിന്നിലേക്ക് തിരിഞ്ഞ് നോക്കി...
ദി ജോ ഡ്രോപ്പിംഗ് മൊമെന്റ്...ഉദിച്ചുയരുന്ന സൂര്യനേ പോലെ പ്രകാശം പരത്തിക്കൊണ്ട് അതിസുന്ദരനായ ഒരു മനുഷ്യൻ തലയെടുപ്പോടെ നടന്നുവരുന്നു...
ഹീ വാസ് ഇന്‍ഡീഡ് എ വോക്കിംഗ് ഓറ...‘സ്പെൽബൗണ്ട്...’എന്ന ഒരു വാക്കിൽ പോലും വിവരിക്കാൻ കഴിയാത്തവിധം ഞങ്ങളെല്ലാം മുഖത്തോട് മുഖം നോക്കി സ്തംഭിച്ചു നിന്നു...ആ ഒരു നിമിഷം ഞങ്ങളുടെ ബോളിവുഡ്-ഹോളിവുഡ് ക്രഷുകൾ എല്ലാം ഇവാപോറേറ്റ് ചെയ്ത് ആവിയായി പോയി...
കുടുംബത്തിലെ സകല പെണ്ണുങ്ങളും മമ്മൂട്ടി എന്ന് കേട്ടാൽ അഭിമാനപൂരിതരാകുന്നതും അത് കാണുന്ന സകല പുരുഷന്മാരും ‘അതൊക്കെ വെറും മേക്കപ്പ് അല്ലേ’ എന്ന് പുച്ഛിച്ചു തള്ളുന്നത്തിന്റെ പിന്നിലെ കാരണം അപ്പോഴാണ് പിടികിട്ടിയത്..
സമ്മാനങ്ങൾ ഏറ്റുവാങ്ങാൻ മാറിമാറി സ്റ്റേജിൽ കയറുമ്പോൾ, അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഒരുതരം മാസ്മരിക ശക്തിപോലെ ഞങ്ങൾക്ക് ചുറ്റും വലയം തീർത്തു...അവസാനം ‘ഓവറോൾ കിരീടം’ മേടിക്കാൻ ഞങ്ങൾ എല്ലാവരും ഒരുമിച്ച് വീണ്ടും സ്റ്റേജിൽ കയറി.
അപ്പോൾ മമ്മൂക്കയുടെ കുസൃതി ചോദ്യം...‘നിങ്ങൾ പെൺകുട്ടികൾ മാത്രം ഈ സമ്മാനമെല്ലാം കൂടി വാരി കൊണ്ടുപോയാൽ, ബാക്കിയുള്ളവർ എന്ത് ചെയ്യും മക്കളേ?’. ആ നിമിഷം ഞങ്ങളെല്ലാം ലിറ്ററലി ക്ലൗഡ് നയനില്‍ എത്തി...പിന്നീട്, മമ്മൂട്ടിക്കയുടെ ചുറ്റും നിന്നുകൊണ്ട് ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ.
അത് പിറ്റെ ദിവസം പത്രങ്ങളിൽ വലിയ ചിത്രമായി വന്നപ്പോൾ, സന്തോഷം അതിലേറെ... ഈ സംഭവത്തിനുശേഷമാണ് മമ്മൂട്ടിയുടെ ഓരോ സിനിമയും കൗതുകത്തോടെ കണ്ട് തുടങ്ങിയത്...
‘തനിയാവർത്തനം’ മുതൽ ‘ഭ്രമയുഗം’ വരെ...ലോക സിനിമ ചരിത്രം സാക്ഷിയായ മഹാപ്രതിഭാസങ്ങളിൽ, കാലത്തിനോ, പ്രായത്തിനോ, തലമുറകൾക്കോ കീഴടക്കാൻ കഴിയാത്ത...‘നടൻ’ എന്ന പരിമിത പദത്തിനപ്പുറം, ഒരു കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോകുന്ന മാസ്മരികശക്തിയായ ശ്രീ മമ്മൂട്ടി ഞങ്ങൾക്കൊക്കെ അന്നുമുതൽ ഞങ്ങളുടെ സ്വന്തം മമ്മൂക്കയായി...
മമ്മൂക്ക,അങ്ങ് പൂർണ്ണാരോഗ്യത്തോടെ തിരിച്ചെത്തിയെന്ന വാർത്ത, താങ്കളെ കുടുംബാംഗം പോലെ കരുതുന്ന ഓരോ മലയാളിയുടെയും മനസ്സിൽ സന്തോഷത്തോടൊപ്പം ആശ്വാസവും പകരുന്നുണ്ട്...ദൈവാനുഗ്രഹം എന്നും താങ്കളുടെ വഴികാട്ടിയായി നിലകൊള്ളട്ടെ...
ഇനിയും അനവധി അമരമായ കഥാപാത്രങ്ങളുമായി മലയാള സിനിമയെ സമ്പന്നമാക്കട്ടെ...കാലാതീതമായ അഭിനയശക്തിയും, പുതുതലമുറയ്ക്ക് പോലും പ്രചോദനമായിത്തീരുന്ന അതുല്യമായ ജീവിതസമർപ്പണവും മലയാള സിനിമയുടെ ഇതിഹാസമായി ആരോഗ്യവും സന്തോഷവും നിറഞ്ഞ ദീർഘായുസ്സോടെ ഇരിക്കട്ടെ...
ഗ്രേറ്റര്‍ തിംഗ്സ്
വലിയ കാര്യങ്ങൾ ഇനിയും വരാനിരിക്കുന്നു..
ഇതിലും വലിയ കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്..
ദൈവം അനുഗ്രഹിക്കട്ടെ...’’ എന്നാണ് താര ടോജോ അലക്സ് കുറിച്ചത്. താരയു​ടെ കുറിപ്പ് ആരാധകരടക്കം നിരവധി പേര്‍ ഏറ്റെടുക്കുന്നുണ്ട്. ‘അനുഭവ വിവരണം ഹൃദ്യം.....മനോഹരം, ഇനിയും ഒത്തിരിവർഷങ്ങൾ ആരോഗ്യത്തോടും ഇതേ സൗന്ദര്യത്തോടും സന്തോഷവും സമാധാനവും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നു....നമ്മുടെയെല്ലാം വല്യേട്ടൻ..., നടന വിസ്മയം കൊണ്ട് മലയാളക്കര നെഞ്ചിലേറ്റി താലോലിക്കുന്ന മഹാനടൻ മമ്മൂട്ടി ആരോഗ്യത്തോടുകൂടിയ ആയുസ്സും ദൈവം നൽകട്ടെ പ്രൗഢമായ ഒരുപാട് കഥാപാത്രങ്ങൾ മലയാളികൾക്ക് ഇനിയും സമ്മാനിക്കട്ടെ, സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാലങ്ങളും കടന്ന് നൂറ് വയസു വരെ ജീവിക്കട്ടെ...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Thursday 21 Aug 2025 11.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW