Monday, March 16, 2026 Last Updated 8 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 21 Aug 2025 10.53 AM

' നട്ടെല്ലില്ലാത്തവരും ഭീരുക്കളുമായ കലാകാരന്മാരുടെ ഭാവി ഇതാണ്' ; എഐ ഉപയോഗിച്ചുളള ഹനുമാന്‍ സിനിമയെ വിമര്‍ശിച്ച് അനുരാഗ് കശ്യപ്

film, producer

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുളള ഹനുമാന്റെ സാഹസികതകളെ ആസ്പദമാക്കിയുളള ' ചിരഞ്ജീവി ഹനുമാന്‍: ദി എറ്റേണല്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് സുബ്രഹ്മണ്യത്തിനെതിരെ ചലച്ചിത്ര നിര്‍മ്മാതാവ് അനുരാഗ് കശ്യപ് രംഗത്ത്. വിജയ് സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുളള കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ്‌വര്‍ക്കിനെതിരെയും അനുരാഗ് കശ്യപ് വിമര്‍ശനം ഉന്നയിച്ചു.

'' വിജയ് സുബ്രഹ്മണ്യത്തിന് അഭിനന്ദനങ്ങള്‍. കലാകാരന്മാരെയും എഴുത്തുകാരെയും സംവിധായകരെയും പ്രതിനിധീകരിക്കുന്ന കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ്‌വര്‍ക്കിന് നേതൃത്വം നല്‍കുന്ന വ്യക്തി ഇതാ ഇപ്പോള്‍ എഐ നിര്‍മിച്ച ഒരു സിനിമ അവതരിപ്പിക്കുന്നു. ഇത്തരം ഏജന്‍സികള്‍ക്കെല്ലാം പണം സമ്പാദിക്കുക എന്നതില്‍ മാത്രമാണ് താല്‍പര്യം. അതുകൊണ്ട് തന്നെ അവര്‍ പൂര്‍ണ്ണമായും എഐയിലേക്ക് പോകുന്നു'', അനുരാഗ് കശ്യപ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഏതൊരു നടനും അല്ലെങ്കില്‍ സ്വയം കലാകാരന്‍ എന്ന് വിളിക്കുന്ന നട്ടെല്ലുളള ആരാണെങ്കിലും ഈ എഐ സിനിമ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുകയോ ഏജന്‍സി വിടുകയോ ചെയ്യണം. ഹിന്ദി ചലച്ചിത്ര മേഖലയിലെ നട്ടെല്ലില്ലാത്തവരും ഭീരുക്കളുമായ കലാകാരന്മാരുടെ ഭാവി ഇതാണ്. നിങ്ങള്‍ ചെയ്തത് വളരെ നന്നായി വിജയ് സുബ്രഹ്മണ്യം. നാണക്കേട് തോന്നുന്നു'', അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.

മുഴുവനായും എഐ ഉപയോഗിച്ച് നിര്‍മ്മിച്ചെന്നു മാത്രമല്ല, ചിത്രത്തിനായി സംഗീതമൊരുക്കുന്നത് ത്രിലോക് എന്ന എഐ ടെക്‌നോളജിയാണെന്നതും ശ്രദ്ധേയമാണ്. സാംസ്‌കാരിക പഠന വിദഗ്ധരുടെ നിര്‍ദ്ദേശത്തോടെ 50 പേരടങ്ങുന്ന ടീമാണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ഹനുമാന്‍ ജയന്തിക്ക് തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW