-->
ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് രണ്‍വീര്‍ സിംഗ് ചിത്രം ' ദുരന്തര്‍' ന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ലഡാക്കിലെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ഞായറാഴ്ച രാത്രിയാണ് അപ്രതീക്ഷിത സംഭവം. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ നിര്‍മ്മാണത്തില്‍ വലിയൊരു തടസ്സമാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്.
മൈനസ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴുന്ന ലഡാക്കിലെ അതിശൈത്യമുള്ള കാലാവസ്ഥയില്‍ ചിത്രീകരണം പുരോഗമിക്കവെയാണ് സംഭവം. ഞായറാഴ്ച രാത്രിയിലെ അത്താഴം കഴിച്ചതിന് ശേഷമാണ് പലര്‍ക്കും വയറുവേദന, ഛര്‍ദ്ദി, തലകറക്കം, തലവേദന തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അവരെ ഉടന്‍ തന്നെ ലേയിലുള്ള എസ്എന്‍എം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഏകദേശം 600-ഓളം പേരുള്ള ഒരു വലിയ ഷൂട്ടിംഗ് സംഘമാണ് ചിത്രീകരണത്തിനായി ലഡാക്കില്‍ ഉണ്ടായിരുന്നത്. അതില്‍ ഏകദേശം അഞ്ചിലൊന്ന് പേര്‍ക്ക്, അതായത് 120 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ അപകടത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താന്‍, അന്ന് എല്ലാവര്‍ക്കും നല്‍കിയ ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഭാഗ്യവശാല്‍, ആശുപത്രിയിലുള്ള ആരുടെയും നില ഗുരുതരമല്ലെന്നും, എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍, ഉടന്‍ തന്നെ എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.