-->
സഹവേഷങ്ങളിലൂടെ തുടങ്ങി പിന്നീട് നായികനിരയിലേക്ക് ഉയര്‍ന്ന് കൈയടിയും പ്രശസ്തിയും നേടിയെടുത്ത താരമാണ് ദര്‍ശന രാജേന്ദ്രന്‍. തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സഹനായിക കഥാപാത്രങ്ങള്‍ എന്നിവയിലൂടെ തുടങ്ങി പിന്നീട് നായിക വേഷത്തില്‍ കരുത്തുറ്റ അഭിനയം കാഴ്ചവച്ച് മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറാന്‍ ദര്‍ശനയ്ക്ക് കഴിഞ്ഞു. പ്രണവ് മോഹൻലാൽ നായകനായ ഹൃദയത്തിലെ ദർശന എന്ന കഥാപാത്രമാണ് ദർശന രാജേന്ദ്രനെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്.
ചുരുക്കം സിനിമകളിലൂടെ തന്നെ യുവനടിമാര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ ദര്‍ശനയ്ക്ക് കഴിഞ്ഞു. സിനിമയിലെ നായിക സങ്കല്‍പ്പത്തെ ഉടച്ചു വാര്‍ക്കുന്നതായിരുന്നു ദര്‍ശനയുടെ മിക്ക കഥാപാത്രങ്ങളും. നായികയുടെ ചട്ടക്കൂടുകള്‍ പൊളിച്ച് എല്ലാത്തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യുന്ന താരം കൂടിയാണ് ദര്‍ശന.
ദര്‍ശനയെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരിയാക്കിയ, താരത്തിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ചിത്രത്തിലെ നായകന്‍ പ്രണവ് മോഹന്‍ലാലായിരുന്നു. ഹൃദയത്തിലെ ദര്‍ശനയുടെ കഥാപാത്രവും പ്രകടനവും കൈയടി നേടിയതാണ്. എന്നാല്‍ ഇപ്പോഴിതാ പ്രണവിന്റെ നായികയായി താന്‍ അഭിനയിച്ചത് ചിലര്‍ക്ക് അംഗീകരിക്കാന്‍ സാധിച്ചില്ലെന്ന് പറയുകയാണ് ദര്‍ശന. തനിക്ക് പ്രണവിന്റെ നായികയാകാനുള്ള സൗന്ദര്യമില്ലെന്ന് ചിലര്‍ പറഞ്ഞെന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഇവിടെ പറയാന്‍ കഴിയില്ലെന്നും പറയുകയാണ് ദര്‍ശന.
‘‘ഞാന്‍ കമന്റുകളൊക്കെ വായിക്കാറുണ്ട്. ചെയ്യരുതെന്ന് എന്നോട് എല്ലാവരും പറഞ്ഞിട്ടുണ്ടെങ്കിലും. എന്നെ അതൊന്നും ബാധിക്കാറില്ല. നല്ല മാനസികാവസ്ഥയിലല്ലെങ്കില്‍ ഞാന്‍ ആ വഴി പോകില്ല. എന്താണ് എന്റെ കഥാപാത്രത്തെക്കുറിച്ച് ആളുകള്‍ ചിന്തിക്കുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. എന്റെ മിക്ക സിനിമകളേയും കഥാപാത്രങ്ങളേയും എന്നേയും കുറിച്ച് പലതും എഴുതിപ്പെട്ടിട്ടുണ്ട്.
ഹൃദയത്തിന്റെ സമയത്ത് നടന്ന ചര്‍ച്ചകള്‍ വലിയ തമാശകളായിരുന്നു. സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും, ഞാന്‍ പ്രണവിന്റെ നായിക ആകാന്‍ പാടില്ലായിരുന്നു എന്നൊക്കെ എഴുതിക്കണ്ടിരുന്നു. അതൊക്കെ എനിക്ക് വലിയ തമാശയായിട്ടാണ് തോന്നിയത്. ചില വൃത്തികെട്ട കമന്റുകള്‍ ക്യാമറയ്ക്ക് മുമ്പില്‍ പറയാനാകില്ല. വളരെ വൃത്തികെട്ടവയായിരുന്നു. പക്ഷെ എനിക്ക് അതൊക്കെ തമാശയായിട്ടാണ് തോന്നിയത്.
സൗന്ദര്യത്തെക്കുറിച്ചുള്ള നമ്മളുടെ സങ്കല്‍പ്പങ്ങള്‍ വല്ലാതെ ഉറച്ചു പോയതാണ്. ആരെങ്കിലും അതിനെയൊന്ന് ഇളക്കാന്‍ ശ്രമിച്ചാല്‍ നിന്നെ കാണാന്‍ ഭംഗിയില്ല, നീ വൃത്തികെട്ടവളാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ ആളുകള്‍ ഓടിയെത്തും. ആയിക്കോളൂ എന്നേ ഞാന്‍ പറയൂ. പക്ഷെ ആ കഥാപത്രം അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ്. ആ കാഴ്ചപ്പാടുകളെയൊന്ന് ഇളക്കാന്‍ സാധിച്ചുവല്ലോ എന്ന സന്തോഷമുണ്ട്...’’ ദര്‍ശന പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ദര്‍ശന മനസ് തുറന്നത്. അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തുന്ന തെലുങ്ക് ചിത്രം ‘പർദ’ പ്രൊമോഷന്‍ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.
തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന സിനിമയാണ് പര്‍ദ്ദ. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍-മഹേഷ് നാരായണന്‍-മമ്മൂട്ടി ചിത്രമടക്കം നിരവധി സിനിമകള്‍ ദര്‍ശനയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.