-->
' അമ്മ' സംഘടനയുടെ പുതിയ ഭാരവാഹികള്‍ക്ക് അഭിനന്ദനവുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഇതൊരു നല്ല തുടക്കമാണെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. അമ്മ സംഘടനയുടെ നേതൃസ്ഥാനങ്ങളിലിരിക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ലഭിച്ചത് നിസ്സാര കാര്യമല്ല. എന്നാല്‍ അമ്മ ചരിത്രം മാറ്റിയെഴുതി എന്നൊക്കെ അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തില്‍ താനില്ല എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. രാജിവെച്ച മോഹന്‍ലാല്‍ അടക്കമുളളവരുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാണ് ഈ നടിമാര്‍ എന്ന പരമാര്‍ത്ഥം എല്ലാവര്‍ക്കും അറിയാം. കുപ്പി പുതിയത് പക്ഷേ വീഞ്ഞ് പഴയതു തന്നെ എന്ന് മറ്റുളളവര്‍ പറയാന്‍ ഇടവരാതിരിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു. സ്വാഭിമാനത്തിന്റെ പേരില്‍ സംഘടന വിട്ടുപോയ നടിമാരെ തിരിച്ചുകൊണ്ടുവരികയും അവര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയും വേണമെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
'''അമ്മ''യിലെ പെണ്മയും ഉണ്മയും!
''അമ്മ''യുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട വനിതാരത്‌നങ്ങളെയും ഒപ്പമുള്ള നടന്മാരെയും അഭിനന്ദിക്കുന്നു. ശ്വേതാമേനോനും കുക്കു പരമേശ്വരനും ജോയ് മാത്യുവും ഉണ്ണി ശിവപാലും മറ്റും അടങ്ങുന്ന ഈ പുതിയ ഭരണസമിതിക്ക് എന്റെ അഭിവാദ്യങ്ങള്‍ ! തീര്‍ച്ചയായും ഇതൊരു നല്ല തുടക്കമാണ്. ദീര്‍ഘകാലമായി പുരുഷാധിപത്യം പുലരുന്ന ഇടം എന്ന് പഴി കേട്ട ആ സംഘടനയുടെ അധികാരക്കസേരകളില്‍ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ലഭിച്ചത് നിസ്സാരകാര്യമല്ല. അതേ സമയം '''അമ്മ ചരിത്രം മാറ്റിയെഴുതി'' എന്നൊക്കെ അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തില്‍ ഞാനില്ല.കാരണം, രാജിവെച്ച മോഹന്‍ലാല്‍ അടക്കമുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാണ് ഈ നടിമാര്‍ എന്ന പരമാര്‍ത്ഥം എല്ലാവര്‍ക്കും അറിയാം.അതുകൊണ്ടുതന്നെ ''കുപ്പി പുതിയത് ;പക്ഷേ വീഞ്ഞ് പഴയതു തന്നെ'' എന്നു മറ്റുള്ളവര്‍ പറയാന്‍ ഇടവരാതിരിക്കട്ടെ. ചരിത്രം മാറ്റിയെഴുതണമെങ്കില്‍ ഷൂട്ടിംഗ് സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ പേരിലും സ്വാഭിമാനത്തിന്റെ പേരിലും അമ്മ വിട്ടുപോയ അനുഗൃഹീത നടികളായ രേവതി, പാര്‍വ്വതി തിരുവോത്ത്,പദ്മപ്രിയ, ഭാവന, റീമാകല്ലിങ്കല്‍ തുടങ്ങിയവരെ സംഘടനയില്‍ തിരിച്ചുകൊണ്ടുവരികയും അവര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയും വേണം. അതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതെയിരിക്കണം.
ഒരു വസ്തുത കൂടി.ഇതൊരു ഇടക്കാലനടപടി മാത്രമാകരുത്. ഭാവിയിലും ഭരണസമിതിയില്‍ സ്ത്രീകള്‍ക്ക് പ്രാമുഖ്യമുണ്ടാകണം. അവശത അനുഭവിക്കുന്ന നടീനടന്മാര്‍ക്ക് വര്‍ഷങ്ങളായി ''അമ്മ'' നല്‍കി വരുന്ന ധനസഹായം വളരെ അഭിനന്ദനീയമായ കാര്യമായി നിലനില്‍ക്കുന്നു. ഭാവിയിലും എല്ലാ അംഗങ്ങളെയും തൃപ്തിപെടുത്തുന്ന വിധത്തില്‍ '''അമ്മ''എന്ന സംഘടനയെ മുന്നോട്ടു നയിക്കാന്‍ ഈ പുതിയ ഭരണസമിതിക്കു കഴിയട്ടെ -എന്ന് ആശംസിക്കുന്നു.