-->
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുളള കൂടിക്കാഴ്ചയെക്കുറിച്ച് മനസുതുറന്ന് നടി സുസ്മിത സെന്‍. 2010- 12 മിസ് യൂണിവേഴ്‌സ് കാലത്ത് ട്രംപിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സുസ്മിത സെന്‍ പറഞ്ഞു.
മിസ് ഇന്ത്യ യൂണിവേഴ്‌സിന്റെ ഫ്രൈഞ്ചൈസി ഉടമയായി പ്രവര്‍ത്തിക്കുന്ന സമയത്തായിരുന്നു ട്രംപിനൊപ്പം ജോലി ചെയ്യേണ്ടി വന്നതെന്നും സുസ്മിത പറഞ്ഞു. നിരവധി പരസ്യങ്ങളില്‍ സുസ്മിത സെന്‍ അഭിനയിച്ചിരുന്ന കാലമായിരുന്നു അത്. ആ സമയത്താണ് ആഗ്രഹിച്ചിരുന്ന ഒരു അവസരം സുസ്മിതയെ തേടിയെത്തിയത്. ' മിസ് യൂണിവേഴ്‌സ് സംഘടന എന്നെ വിളിച്ച് ഫ്രൈഞ്ചൈസി ഏറ്റെടുക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. ഇത് സത്യമാണോ എന്നാണ് ഞാന്‍ ഇക്കാര്യം കേട്ടപ്പോള്‍ അവരോട് തിരിച്ചു ചോദിച്ചത്. കാരണം അത് എന്റെ ഒരു സ്വപ്‌നമായിരുന്നു. ആ കരാറില്‍ ഒപ്പു വെച്ചു. അതിനു ശേഷമാണ് കരാര്‍ ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുളളതാണെന്ന് അറിഞ്ഞത്. ആ കാലം അത്ര എളുപ്പമുളളതോ രസകരമോ ആയിരുന്നില്ല' - സുസ്മിത സെന്‍ പറഞ്ഞു. ഭാഗ്യവശാല്‍ ഡോണാള്‍ഡ് ട്രംപ് തന്റെ മേലധികാരിയായിരുന്നില്ലെന്നും സുസ്മിത സെന്‍ വ്യക്തമാക്കി. ' പാരാമൗണ്ട് കമ്മ്യൂണിക്കേഷന്‍സ്, മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ എന്നീ സ്ഥാപാനങ്ങള്‍ക്കായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്ന ഒരു വര്‍ഷക്കാലം മിസ് യൂണിവേഴ്‌സിന്റെ ചുമതല. ഞാന്‍ ഡോണള്‍ഡ ട്രംപിന്റെ ഫ്രാഞ്ചൈസി ഉടമ മാത്രമായിരുന്നു'- സുസ്മിത സെന്‍ പറഞ്ഞു.
ജോലിയുടെ ഭാഗമായി പലപ്പോഴും ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്റെ ബോസാണെന്നു തോന്നിയിട്ടില്ലെന്നും സുസ്മിത അറിയിച്ചു. ' ചില മനുഷ്യര്‍ക്ക് നമ്മളില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. അധികാരമോ പണമോ കൊണ്ടായിരിക്കില്ല അത്. അവരുടെ രീതികള്‍ കൊണ്ടായിരിക്കും. എന്നാല്‍ ട്രംപ് അക്കൂട്ടത്തില്‍പ്പെടുന്ന ആളല്ല' - സുസ്മിത സെന്‍ പറഞ്ഞു. ആര്യ എന്ന പരമ്പരയുടെ പ്രമോഷന്‍ പരിപാടിയിലാണ് അവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്.