-->
കോതമംഗലം: മതംമാറ്റപ്രേരണ ഉള്‍പ്പെടെയുള്ള കാര്യങ്ങളാല്‍ വിവാദമായ കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍ തന്നെ. ഇവര്‍ക്കുമെതിരേ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണെന്നാണ് വിവരം. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.
റമീസിന്റെ പിതാവ് റഹീം കേസില്‍ രണ്ടാംപ്രതിയും മാതാവ് ശരീഫ മൂന്നാംപ്രതിയുമാണ്. റമീസ് അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ വീട് പൂട്ടി പോയതായാണ് വിവരം. ഇവര്‍ക്കൊപ്പം യുവതിയുടെ സുഹൃത്ത് സഹദിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്്. യുവതിയെ റമീസ് മര്‍ദ്ദിച്ചിട്ടും സഹദ് തടയാന്‍ ശ്രമിച്ചില്ലെന്നാണ് കണ്ടെത്തല്‍. സഹദിനെ പ്രത്യേക അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും.
റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം അന്വേഷണം നടക്കുന്നുണ്ട്. പെണ്‍കുട്ടി എഴുതിയ ആത്മഹത്യാകുറിപ്പ് കേസില്‍ നിര്‍ണായക തെളിവാണ്.
വിവാഹം കഴിക്കാന്‍ മതം മാറണമെന്ന് റമീസും കുടുംബവും നിര്‍ബന്ധിച്ചുവെന്നും ആലുവയിലെ വീട്ടിലെത്തിച്ച് റമീസ് തന്നെ മര്‍ദിച്ചിരുന്നതായും കത്തിലുണ്ട്. പെണ്‍കുട്ടിയും റമീസും നടത്തിയ വാട്സ് ആപ്പ് ചാറ്റുകളും ഇവരുടെ ഫോണിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. റമീസിന്റെ കസ്റ്റഡി അപേക്ഷ അടുത്ത ദിവസം പരിഗണിച്ചേക്കും. ശനിയാഴ്ചയാണ് 23കാരി ആത്മഹത്യ ചെയ്തത്.