Friday, March 13, 2026 Last Updated 17 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Aug 2025 05.14 PM

‘‘എന്റെ മലയാളി റൂട്‌സില്‍ തന്നെ മാര്‍ക്‌സിസ്റ്റ് ചിന്താഗതിയോടെയുള്ള ജീവിത രീതി ഉണ്ട്; അതാണ് ജിയോപൊളിറ്റിക്‌സിനോടുള്ള താല്പര്യം...’’ ജോണ്‍ ഏബ്രഹാം

ബോളിവുഡിലെ സ്റ്റൈലിഷ് ആക്ഷന്‍ ഹീറോയാണ് ജോണ്‍ ഏബ്രഹാം. ഇപ്പോഴിതാ തനിക്ക് കേരളവുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും ജിയോപൊളിറ്റിക്‌സിനോടുള്ള താല്പര്യത്തെക്കുറിച്ചും തുറന്നു പറയുകയാണ്.
John Abraham, John Abraham about geopolitics
John Abraham about his political opinion (Image Source: Youtube)

ബോളിവുഡിൽ വർഷങ്ങളായി ശരീരസൗന്ദര്യവും ഫിറ്റ്നസ്സും നിലനിർത്തുന്ന ഒരു നടനാണ് ജോൺ എബ്രഹാം. ധൂം, സത്യമേവ ജയതേ, ഫോഴ്‌സ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ജോൺ എബ്രഹാമിന് സിനിമയ്ക്ക് പുറമേ മുംബൈയിലെ പ്രധാന ഇടങ്ങളിലെ റിയൽ എസ്റ്റേറ്റ് സമ്പത്തുകളും ജെഎ എന്റർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ ഹൗസും, ഫുട്ബോൾ ക്ലബ്ബും, റേസിംഗ് ടീം എന്നിവയുൾപ്പെടെ വിവിധ ബിസിനസ് സംരംഭങ്ങളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
ബോളിവുഡിലെ സ്റ്റൈലിഷ് നടനും നിർമാതാവുമായ ജോണ്‍ എബ്രഹാമിന്റെ പിതാവ് മലയാളിയായതിനാല്‍ താരത്തിന് കേരളവുമായി ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കേരളത്തെ പറ്റി താരം ഇടയ്ക്ക് പല വേദികളിലും സംസാരിക്കാറുമുണ്ട്.
ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തില്‍ തന്റെ കേരളവുമായുള്ള കണക്ഷനെ പറ്റി പറയുകയാണ് ജോണ്‍ ഏബ്രഹാം. സിനിമയ്ക്കൊപ്പം പൊതുവിഷയങ്ങളിലും പ്രത്യേകിച്ച്‌ ജിയോപൊളിറ്റിക്‌സിനോടുള്ള താല്പര്യത്തിനും കാരണം തന്റെ മലയാളി വേരുകളിലെ മാര്‍കിസിസ്റ്റ് കണക്ഷനാണെന്നാണ് താരം പറയുന്നത്.
“കുട്ടിക്കാലത്ത് ദിവസവും അച്ഛൻ എന്നെ ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയല്‍ വായിപ്പിക്കുമായിരുന്നു. പതിയെ അതെന്റെ ശീലമായി മാറി. പിന്നെ ഞാൻ അത് തെറ്റിക്കാറില്ല. പത്രത്തിന്റെ ആദ്യം മുതല്‍ അവസാനം വരെയുള്ള പേജുകള്‍ ഒരു വാർത്ത പോലും വിടാതെ ഞാൻ വായിക്കാറുണ്ടായിരുന്നു. എന്റെ അച്ഛനാണ് ഈ ശീലം എന്നില്‍ വളർത്തിയെടുത്തത്.
രാത്രിയില്‍ ഹിന്ദി ന്യൂസ് കാണുന്നത് എന്റെ കുട്ടിക്കാലത്തെ പതിവായിരുന്നു. അത് ഒരു ദിവസം പോലും വിടാറില്ല. അന്ന് ഇന്റർനെറ്റ് ഒന്നും ഇല്ലായിരുന്നു. പിന്നീട്ട് ഇന്റർനെറ്റ് ഒക്കെ വന്നതിന് ശേഷം അത് ഉപയോഗിക്കാൻ തുടങ്ങി. ഇങ്ങനെയൊക്കെയാണ് എന്നില്‍ ജിയോ പൊളിറ്റിക്സിനോടുള്ള താല്പര്യം വർധിച്ച്‌ വന്നത്.
ഈ അടുത്ത ദിവസം റഷ്യ ടുഡെയിലെ ഒക്‌സാന ബോയ്‌കോഫുമായി നടന്ന ഇന്റര്‍വ്യൂവില്‍ റഷ്യ -യുക്രെയ്ന്‍ യുദ്ധത്തെ കുറിച്ച്‌ ഞാന്‍ സംസാരിച്ചിരുന്നു. അതിന് ശേഷം ബ്യൂറോയില്‍ നിന്ന് എന്നെ വിളിച്ച്‌ ചോദിച്ചു നിങ്ങള്‍ക്ക് റഷ്യയെക്കുറിച്ച്‌ ഇത്രയും കാര്യങ്ങള്‍ എങ്ങനെ അറിയാമെന്ന്. ഞാൻ കരുതുന്നത് എന്റെ മലയാളി റൂട്‌സില്‍ തന്നെ മാര്‍ക്‌സിസ്റ്റ് ചിന്താഗതിയോടെയുള്ള ജീവിത രീതി ഉള്ളത് കൊണ്ടാണെന്നാണ്. അതുതന്നെയാണ് ജിയോപൊളിറ്റിക്‌സിനോടുള്ള താല്പര്യം എന്നില്‍ ഉണ്ടാക്കിയതും...’’ ജോണ്‍ എബ്രഹാം പറഞ്ഞു. ഇന്ത്യൻ എസ്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരം കേരളത്തെക്കുറിച്ച് പറയുന്നത്.

ഇന്ത്യന്‍ സിനിമകളില്‍ അടുത്തിടെ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും താരം സംസാരിച്ചു. വലതുപക്ഷ സിനിമകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്നും ജോണ്‍ എബ്രഹാം പറഞ്ഞു. ഈയടുത്ത് അത്തരം സിനിമകള്‍ ധാരാളമായി വരുന്നുണ്ടെന്നും അതിനെയെല്ലാം പ്രേക്ഷകര്‍ സ്വീകരിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ‘‘എന്റെ സിനിമകൾ നിർമിച്ച രീതിയിൽ എനിക്ക് ഉത്തരവാദിത്തമുണ്ട്. ഞാൻ വലതുപക്ഷമോ ഇടതുപക്ഷമോ അല്ല, പക്ഷേ രാഷ്ട്രീയമായി ബോധവാനാണ്. സത്യസന്ധമായ പ്രസ്താവന നടത്തേണ്ടത് എനിക്ക് പ്രധാനമാണ്. വലതുപക്ഷ സിനിമകൾക്ക് വലിയ പ്രേക്ഷകരെ ലഭിക്കുമ്പോഴാണ് വിഷമം തോന്നുന്നത്.
അപ്പോഴാണ് ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ ഏത് പാതയാണ് സ്വീകരിക്കാൻ പോകുന്നത് എന്ന് സ്വയം ചോദിക്കേണ്ടി വരുന്നത്. കൂടുതൽ പണം സമ്പാദിക്കാൻ വാണിജ്യ പാത സ്വീകരിക്കണോ, അതോ എനിക്ക് പറയാനുള്ളത് പാലിക്കണോ? ഞാൻ രണ്ടാമത്തേതാണ് തെരഞ്ഞെടുത്തത്. ഞാനൊരിക്കലും അത്തരം സിനിമകളുടെ ഭാഗമാകാന്‍ താത്പര്യപ്പെടുന്നില്ല. ഞാന്‍ അരാഷ്ട്രീയവാദിയാണെങ്കിലും രാഷ്ട്രീയം സംസാരിക്കുന്ന സിനിമകളിലാണ് ഞാന്‍ കൂടുതലും ഭാഗമാകുന്നത്.
ഞാന്‍ ഇടതുപക്ഷമോ വലതുപക്ഷമോ അല്ല, രാഷ്ട്രീയത്തെക്കുറിച്ച് ബോധ്യമുള്ള അരാഷ്ട്രീയവാദിയാണ് ഞാന്‍. എന്നാല്‍ എന്റെ ഒരു അഭിപ്രായം ഈ സമയത്ത് രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. വലതുപക്ഷ സിനിമകള്‍ക്ക് ഇവിടെ വലിയ രീതിയില്‍ പ്രേക്ഷകരെ ലഭിക്കുന്നത് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.
ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ സത്യം പറയുന്ന ഒരു സിനിമ ചെയ്യണോ അതോ ഒരുപാട് പൈസയുണ്ടാക്കാന്‍ സാധിക്കുന്ന ഒരു സിനിമ ചെയ്യണോ എന്ന ചോദ്യം എല്ലായ്‌പ്പോഴും ഉണ്ടാകും. ഞാന്‍ അതില്‍ സത്യമായ കാര്യം പറയുന്നതാണ് തെരഞ്ഞെടുക്കുക. എന്റേത് ഒരു ദേശസ്‌നേഹ സിനിമയല്ല. ഇന്ത്യയില്‍ പണ്ട് നടന്ന ഒരു സംഭവമാണ് ഈ സിനിമയുടെ തീം...‘‘ജോൺ പറഞ്ഞു.
ഛാവ, ദി കശ്മീർ ഫയൽസ് പോലുള്ള സിനിമകൾ നിർമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമോ എന്ന ചോദ്യത്തിനും ജോണിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. ‘‘ഛാവ കണ്ടിട്ടില്ല, പക്ഷേ ആളുകൾക്ക് അത് ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. ദി കശ്മീർ ഫയൽസും അങ്ങനെ തന്നെ. എന്നാൽ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിൽ ആളുകളെ സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെ സിനിമകൾ നിർമിക്കുകയും അത്തരം സിനിമകൾക്ക് പ്രേക്ഷകരെ ലഭിക്കുകയും ചെയ്യുമ്പോൾ, അതെന്നെ ഭയപ്പെടുത്തുന്നു. ഞാൻ ഒരിക്കലും അത്തരം സിനിമകൾ നിർമിക്കില്ല. അത്തരം സിനിമകളും അഡള്‍ട്ട് കോമഡിയുള്ള സിനിമകളും ഞാന്‍ ഒരിക്കലും ചെയ്യില്ല...’’ ജോൺ പറഞ്ഞു. പുതിയ ചിത്രമായ ടെഹ്‌റാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രാജ്ദീപ് സര്‍ദേശായിയോട് സംസാരിക്കുകയായിരുന്നു ജോണ്‍ എബ്രഹാം. ഇറാനിലെ ഒരു ദൗത്യത്തിൽ കുടുങ്ങിയ ഒരു ഇന്ത്യൻ ചാരന്റെ വേഷത്തിലാണ് ജോൺ എബ്രഹാം തന്റെ ഏറ്റവും പുതിയ ചിത്രമായ ടെഹ്‌റാനിൽ അഭിനയിക്കുന്നത്.
അരുൺ ഗോപാലൻ സംവിധാനം ചെയ്യുന്ന ടെഹ്‌റാൻ എന്ന ചിത്രത്തിൽ മാനുഷി ചില്ലാർ, നീരു ബജ്‌വ, മധുരിമ തുലി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് 14 മുതൽ സീ5-ൽ ചിത്രം സ്ട്രീം ചെയ്യും. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് വിവരം. 2012ൽ ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം നടന്ന ബോംബാക്രമണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW