-->
ന്യൂഡല്‍ഹി: വോട്ടുചോര്‍ച്ച വിവാദം ഉടന്‍ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചിത്രം ഇനിയും ബാക്കിയാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. സംഭവത്തില്‍ വിശദമായ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വന്‍ പ്രതിഷേധം നടത്തി. തുടര്‍ന്ന് പോലീസുമായി ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ അറസറ്റ് ചെയ്തു നീക്കി. കനത്തകാവലായിരുന്നു പോലീസ് ഏര്‍പ്പെടുത്തിയത്.
ചിത്രം ഇനിയും ബാക്കിയുണ്ടെന്നും ഭരണഘടനാസംരക്ഷണത്തിനായി ഇനിയൂം പോരാടുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് ഈ വിഷയം അറിയാമെന്നും ദേശീയതലത്തില്‍ പോരാട്ടം നടത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്തവരുമായുള്ള വാഹനം പോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ റോഡില്‍ നിന്നും ഇരുന്നും കിടന്നും പ്രതിഷേധിച്ചെങ്കിലും ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
രണ്ടു ബസുകളിലായിട്ടാണ് പ്രവര്‍ത്തകരെ കൊണ്ടുപോയത്. യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ നേതൃത്വത്തിലുള്ള സമരത്തില്‍ രാഹുല്‍ഗാന്ധിയുടെ ആരോപണം വിശദമായി ചര്‍ച്ച ചെയ്യണമെന്നാണ് യുവാക്കളുടെ ആവശ്യം. വോട്ട് ചോര്‍ത്തലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് പാര്‍ലമെന്റിലെ ഇരു സഭകളിലും പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് 12 മണി വരെ ലോക്‌സഭ നിര്‍ത്തി വെയ്ക്കുക പോലും ചെയ്തു.
വോട്ടര്‍പട്ടികയിലെ ക്രമക്കേട് എങ്ങിനെയെല്ലാം അവതരിപ്പിക്കാമോ അതെല്ലാം ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇന്നലെ പാര്‍ലമെന്റില്‍ നിന്നും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാര്‍ റാലി നടത്തിയിരുന്നു. എന്നാല്‍ കടുത്ത പ്രതിരോധം തീര്‍ത്ത പോലീസ് എല്ലാ നേതാക്കളെയും അറസ്റ്റ് ചെയ്തു നീക്കി. ഇന്‍ഡ്യാ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും കോണ്‍ഗ്രസിന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്.